|    Jul 24 Mon, 2017 10:20 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസ് അന്വേഷണ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ല: വിജിലന്‍സ്

Published : 12th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസ് സംബന്ധിച്ച അന്വേഷണത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ വിസമ്മതിച്ചു. ഇതുസംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ഫയലുകളും വിവരങ്ങളും ചിതറിക്കിടക്കുന്നതിനാല്‍ വെളിപ്പെടുത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടി വിസമ്മതിക്കുകയായിരുന്നു.
2010 ഒക്ടോബര്‍ 3 മുതല്‍ 14 വരെ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ഒരുക്കങ്ങളില്‍ വന്‍ അഴിമതിയുണ്ടായതാണ് കേസ്. വിജിലന്‍സിന് പുറമെ സിബിഐ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികളും കേസ് അന്വേഷിച്ചിരുന്നു. അപേക്ഷപ്രകാരം നല്‍കാവുന്ന വിവരങ്ങള്‍ തയ്യാറാക്കി വച്ചതായിരുന്നില്ലെന്ന് അപേക്ഷയ്ക്ക് നല്‍കിയ മറുപടിയില്‍ വിജിലന്‍സ് ചൂണ്ടിക്കാട്ടി. നിരവധി ഫയലുകളിലായി ഇത് ചിതറിക്കിടയ്ക്കുകയാണ്. ഇതെല്ലാം സമാഹരിച്ച് കൂട്ടിച്ചേര്‍ക്കുന്നത് വിജിലന്‍സിന്റെ പരിമിതമായ വിഭവങ്ങള്‍വച്ച് സാധ്യമല്ല. അതിനാല്‍, വിവരാവകാശ നിയമത്തിന്റെ വകുപ്പ് 7(9) പ്രകാരം ഇവ നല്‍കാനാവില്ലെന്നും മറുപടി വ്യക്തമാക്കി.
പിടിഐയാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഗെയിംസ് അഴിമതിയില്‍ വിജിലന്‍സ് അന്വേഷിക്കുന്ന കേസിന്റെ വിവരങ്ങള്‍ മാത്രമാണ് പിടിഐ ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ടതില്‍ ചില വിവരങ്ങള്‍ അന്വേഷണത്തെ ബാധിക്കുന്നതാണെന്നും മറ്റു ചിലത് വെളിപ്പെടുത്താനാവാത്തതാണെന്നും വിജിലന്‍സ് മറുപടിയില്‍ പറയുന്നു. ഗെയിംസുമായി ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും നടത്തിയ നിര്‍മാണപദ്ധതികളില്‍ 1,014.60 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് 37 പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും ചേര്‍ന്ന് ചുരുങ്ങിയത് 9,000 നിര്‍മാണ പദ്ധതികളാണ് ഡല്‍ഹിയില്‍ നടപ്പാക്കിയത്.
അഴിമതി ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായിരുന്ന വി കെ ശുംഗഌവിന്റെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണ സംഘത്തെ നിയോഗിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അഴിമതി ചൂണ്ടിക്കാട്ടി സമിതി ആറു റിപോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക