|    Oct 18 Thu, 2018 10:29 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കോബ്ര പോസ്റ്റ് കണ്ടെത്തിയത്‌

Published : 9th September 2017 | Posted By: fsq

സുപ്രിംകോടതി എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മിക്ക ടിവി ചാനലുകളും ലൗ ജിഹാദിന് ഇരയായതായി ആരോപിക്കപ്പെടുന്ന ഒരു ഹിന്ദു യുവതിയുടെ സങ്കടങ്ങള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരുന്നു. ഈ ശബ്ദരേഖകള്‍ 2014ലെ മീറത്തിലെ ‘ലൗ ജിഹാദ്’ കേസിനെക്കുറിച്ച് ഓര്‍മിപ്പിച്ചു. 2014 ആഗസ്തില്‍, മദ്‌റസാ അധ്യാപികയായ ഷാലു എന്ന യുവതി, തന്നെ തട്ടിക്കൊണ്ടുവന്ന് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി മതം മാറ്റിയതാണെന്ന് ആരോപിച്ച് കാമറയ്ക്കു മുമ്പിലെത്തി. കൂടാതെ ഹിന്ദു യുവതികളെ ഇങ്ങനെ തട്ടിക്കൊണ്ടുവന്ന് മതം മാറ്റാനുള്ള വലിയ ഗൂഢാലോചന നടക്കുന്നതായും അവര്‍ ആരോപിച്ചു. ഷാലുവിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കലീം എന്ന യുവാവിനെയും അയാളുടെ കുടുംബത്തെയും പോലിസ് അറസ്റ്റ് ചെയ്തു. എന്നാല്‍, 2014 നവംബറോടെ മാതാപിതാക്കളുടെ കൂടെ താമസിക്കുകയായിരുന്ന ഷാലു വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. താന്‍ കലീമുമായി പ്രണയത്തിലായിരുന്നു എന്നും തന്റെ മാതാപിതാക്കള്‍ അന്യായമായി തന്നെ തടവില്‍ വച്ചിരിക്കുകയായിരുന്നു എന്നും അവള്‍ വെളിപ്പെടുത്തി. തന്നെ കൊല ചെയ്യുമെന്നു വന്നപ്പോള്‍, സമ്മര്‍ദം മൂലമാണ് കലീമിനും കുടുംബത്തിനുമെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ഷാലു പോലിസിനു മൊഴി നല്‍കി. ഇപ്പോള്‍ ഷാലു കലീമിനൊപ്പം കുടുംബമായി ജീവിക്കുന്നു. ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍, അല്ലെങ്കില്‍ സുഹൃത്ത് ജസീന എന്നിവര്‍ക്ക് ഐഎസ് ബന്ധം ഉണ്ടെങ്കില്‍ ആ തെളിവുകള്‍ നിരത്തി പോലിസ് അവര്‍ക്കെതിരേ നടപടിയെടുക്കണം. ഷഫിന്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ആയതുകൊണ്ടു മാത്രം അയാളില്‍ തീവ്രവാദിബന്ധം ആരോപിക്കുക സാധ്യമല്ല. വാസ്തവത്തില്‍ ലൗ ജിഹാദിനോ ഹിന്ദു യുവതിയെ ഇസ്‌ലാമാക്കാനുള്ള ഗൂഢാലോചനയ്‌ക്കോ തെളിവുകളില്ല. എന്നാല്‍, ഈ കേസില്‍ ഹാദിയയുടെ ഭാഗം കേള്‍ക്കുക പോലും ചെയ്യാതെയാണ് സുപ്രിംകോടതി അത്തരമൊരു ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎയെ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍, സംഘപരിവാരം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മസ്തിഷ്‌ക പ്രക്ഷാളനം നടത്തി സംഘസേവകരാക്കുന്നതിനും മിശ്രവിവാഹിതരായ സ്ത്രീകള്‍ക്കു നേരെ അതിക്രമങ്ങള്‍ നടത്തുന്നതിനും വ്യക്തമായ തെളിവുകള്‍ ഉണ്ടായിരിക്കെ, അക്കാര്യത്തിലൊന്നും നടപടി സ്വീകരിക്കാത്ത കോടതിയാണ് ലൗ ജിഹാദിനെപ്പറ്റി അന്വേഷിക്കാന്‍ എന്‍ഐഎയെ നിയോഗിച്ചത്. കോബ്ര പോസ്റ്റ് 2015ല്‍ നടത്തിയ ഒളികാമറ ഓപറേഷനില്‍ ഒരു ലൗ ജിഹാദ് കേസ് പോലും സംഭവിച്ചിട്ടില്ല എന്നു ബിജെപി-സംഘപരിവാര നേതാക്കള്‍ തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. മിശ്രവിവാഹിതരായ ഹിന്ദു സ്ത്രീകളെ രക്ഷിക്കാന്‍ എന്ന വ്യാജേന തങ്ങള്‍ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചും ഇവര്‍ ഇതില്‍ വ്യക്തമായി വിവരിക്കുന്നുണ്ട്. ഇതില്‍ ഹിന്ദുത്വ ഭീകരവാദത്തിനു വ്യക്തമായ പങ്കുണ്ടെന്നും അവര്‍ തുറന്നു സമ്മതിക്കുന്നു. മുസഫര്‍നഗര്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി സഞ്ജയ് അഗര്‍വാള്‍, തങ്ങള്‍ ലൗ ജിഹാദ്, പശുക്കൊല എന്നീ ഉമ്മാക്കികാട്ടി മോദിക്കുള്ള പിന്തുണ വര്‍ധിപ്പിക്കുന്നതിന്റെ രഹസ്യങ്ങള്‍ തുറന്നുപറയുന്നു. മുസ്‌ലിം യുവാക്കളുമായി ഹിന്ദു യുവതികള്‍ക്കുള്ള ബന്ധം വേര്‍പെടുത്താന്‍ താനും മറ്റു സംഘപ്രവര്‍ത്തകരും നടത്തിയ കടുത്ത അതിക്രമങ്ങളെക്കുറിച്ച് ഇയാള്‍ ലാഘവത്തോടെയാണ് സംസാരിക്കുന്നത്: ”അഥവാ ഞങ്ങള്‍ പറയുന്നത് അവള്‍ അനുസരിച്ചില്ലെങ്കില്‍ ഞങ്ങള്‍ അവളെ അടിക്കും. മോശമായി പെരുമാറുകയും ചെയ്യും. ഇത്തരം പെണ്ണുങ്ങളെ പലക കൊണ്ട് വീക്കും.” 125 പെണ്‍കുട്ടികളെ മുസ്‌ലിം യുവാക്കളില്‍ നിന്നു മോചിപ്പിച്ചെന്നാണ് ആര്‍എസ്എസ് നേതാവ് ഓംകാര്‍ സിങിന്റെ അവകാശവാദം. ഇവര്‍ക്കെതിരേ ബലാല്‍സംഗ കേസുകള്‍ കെട്ടിച്ചമച്ചാണ് വിമോചനമെന്നും ഇയാള്‍ പറയുന്നു: ”ഞങ്ങള്‍ ആദ്യം പെണ്‍കുട്ടികളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കും. എന്നിട്ടും സമ്മതിക്കുന്നില്ലെങ്കില്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്കെതിരേ കള്ളക്കേസ് ഉണ്ടാക്കും.” ഷാംലി ലൗ ജിഹാദ് കേസില്‍ മുസ്‌ലിം യുവാക്കള്‍ക്കെതിരേ ബലാല്‍സംഗത്തിനു പരാതി നല്‍കാന്‍ പെണ്‍കുട്ടിയെ എങ്ങനെയാണ് ഭീഷണിപ്പെടുത്തിയതെന്ന് ബിജെപി എംഎല്‍എ സുരേഷ് റാണ പറയുന്നതിങ്ങനെ: ”ഇനി ഞാന്‍ സത്യം പറയാം: ഞങ്ങള്‍ അവര്‍ക്കെതിരേ ബലാല്‍സംഗ കുറ്റം ചുമത്തി. അതു യാഥാര്‍ഥ്യമായിരുന്നില്ല. അവളുടെ കൂടി സമ്മതപ്രകാരം നടന്നൊരു വേഴ്ചയായിരുന്നു അത്. അവരെ ഒരു പാഠം പഠിപ്പിക്കുന്നതിനായാണ് കേസ് കെട്ടിച്ചമച്ചത്.” മുസ്‌ലിം പുരുഷന്മാര്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നതിനായി ഹിന്ദു സ്ത്രീകളെ നിര്‍ബന്ധിക്കാറുണ്ടെന്നും ഉപദ്രവിക്കാറുണ്ടെന്നും റാണ പറയുന്നത് നിസ്സാര കാര്യമെന്ന നിലയ്ക്കാണ്: ”എന്തൊക്കെയായാലും പെണ്ണ് പെണ്ണുതന്നെയാണ്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഞൊടിയിടയ്ക്കുള്ളില്‍ മനം മാറാന്‍ അവര്‍ക്കു സാധിക്കും. ആദ്യമൊക്കെ അവള്‍, താന്‍ എന്തൊക്കെയായാലും അയാള്‍ക്കൊപ്പമേ ജീവിക്കൂ എന്നു വാശിപിടിക്കും. അയാളില്ലാതെ പോവില്ല എന്നൊക്കെ പറയും. എന്നാല്‍, അകത്തു കൊണ്ടുപോയി രണ്ടു കൊടുത്താല്‍ താനേ ഇറങ്ങിവന്ന് ‘അയാള്‍ എന്നെ ഒരു മാസത്തോളമായി ലൈംഗികമായി പീഡിപ്പിക്കുകയാണെ’ന്ന് പരാതി നല്‍കിക്കൊള്ളും. ഇതാണ്, ഒരു പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് വേണ്ട വിധത്തില്‍ രൂപപ്പെടുത്താം.” ലൗ ജിഹാദ് രക്ഷാപ്രവര്‍ത്തനം എന്ന പേരില്‍ തങ്ങള്‍ എങ്ങനെയാണ് കലാപം സൃഷ്ടിക്കുന്നതെന്ന് കൃഷ്ണസേനാ സ്ഥാപകന്‍ ശിവകുമാര്‍ ശര്‍മ വിശദീകരിക്കുന്നത് ഇങ്ങനെ: ”ഇതിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഞങ്ങള്‍ തന്നെ പല തന്ത്രങ്ങളും നടപ്പാക്കും. എന്നിട്ടും യുവതി, താന്‍ ഇയാളെ പ്രണയിക്കുന്നു, വിവാഹം കഴിച്ചതാണ്, ഇയാളുടെ കൂടെയേ പോകൂ എന്നൊക്കെ പറഞ്ഞാലും പരമാവധി അവരുടെ ബന്ധം വേര്‍പെടുത്താന്‍ ശ്രമിക്കും. പിന്നെ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ല എന്നോ അവളുടെ മാനസികാവസ്ഥ ശരിയല്ലെന്നോ തെളിയിക്കുന്ന വ്യാജരേഖകള്‍ ചമയ്ക്കും. അതോടെ അവളെ രക്ഷിതാക്കള്‍ക്ക് വിട്ടുനല്‍കും.” മിശ്രവിവാഹിതരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്താറുണ്ടെന്നാണ് കേരളത്തിലെ ഹിന്ദുത്വ നേതാവായ രവീഷ് തന്ത്രി പറഞ്ഞത്: ”മതപരിവര്‍ത്തന കേന്ദ്രത്തില്‍ നിന്നു കോടതിയിലേക്കു വരുന്ന പെണ്‍കുട്ടിയെ മാതാപിതാക്കളുടെ കൂടെ പോകാനാണ് ഇഷ്ടമെന്നു മൊഴി കൊടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കും. ഞങ്ങള്‍ നിര്‍ദേശിക്കുന്ന പുരുഷനെ വിവാഹം കഴിക്കാനും പറയും. ഇല്ലെങ്കില്‍ കോടതിയില്‍ നിന്നിറങ്ങുമ്പോള്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തും.” ഹിന്ദു സ്ത്രീയെ രക്ഷിതാക്കളുടെ അധീനതയില്‍ എത്തിക്കാനുള്ള സംഘപരിവാരത്തിന്റെ ശ്രമങ്ങള്‍ക്ക് എങ്ങനെയാണ് കോടതികളും പോലിസും അഭിഭാഷകരും ഒത്താശ ചെയ്യുന്നതെന്ന് ബിജെപി നേതാവ് സഞ്ജയ് അഗര്‍വാള്‍ വ്യക്തമാക്കുന്നുണ്ട്: ”പെണ്‍കുട്ടി രക്ഷിതാക്കളുടെ അധീനതയില്‍ എത്തുന്നതോടെ അവളുടെ മുസ്‌ലിം കാമുകനെ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ സമ്മര്‍ദം ചെലുത്തും. സ്വയംസേവകരായ ഒട്ടേറെ അഭിഭാഷകരുണ്ട് ഞങ്ങള്‍ക്ക്. ഏതെങ്കിലും യുവതി രജിസ്റ്റര്‍ വിവാഹത്തിനായി രജിസ്റ്റര്‍ ചെയ്യുന്നുണ്ടോ എന്ന് അവര്‍ നിരന്തരം നിരീക്ഷിക്കും. പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ആരാണെന്നും അവര്‍ ഞങ്ങളെ അറിയിക്കും. പെണ്‍കുട്ടി അഭിഭാഷകന്റെ മുറിയിലുണ്ടെങ്കില്‍ ഞങ്ങള്‍ 50-70 പേരുള്ള സംഘങ്ങളായി അവിടെയെത്തും. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കുന്നത് ദിവസങ്ങളോളം ഞങ്ങള്‍ അനുവദിക്കില്ല. പെണ്‍കുട്ടി ഞങ്ങള്‍ പറയുന്നത് അനുസരിക്കുന്നില്ലെന്നു പറഞ്ഞാല്‍ പോലിസ് പിറ്റേ ദിവസവും ഞങ്ങള്‍ക്കായി സൗകര്യം ഒരുക്കും. അവര്‍ ഞങ്ങളെ നന്നായി സഹായിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മാതാവിനെ വിട്ട് അവളുമായി സംസാരിപ്പിക്കും. ജഡ്ജിമാരും പോലിസ് സൂപ്രണ്ടുമാരും ഒക്കെ ഞങ്ങളെ നല്ല നിലയില്‍ സഹായിക്കുന്നുണ്ട്. ജഡ്ജി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കുന്നതോടെ വെറും മൂന്നു ദിവസം കൊണ്ട് പെണ്‍കുട്ടിയുടെ വിവാഹം ഞങ്ങള്‍ നടത്തും.” ”വല്ലാതെ അക്രമാസക്തമായി പെരുമാറുന്ന പെണ്‍കുട്ടികളെ നിയന്ത്രണത്തിലാക്കാന്‍ മയക്കുമരുന്ന് നല്‍കുന്ന രീതിയും ഞങ്ങള്‍ക്കുണ്ട്” എന്ന് എറണാകുളത്തെ ഹിന്ദു ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകനായ സിജിത്ത് പറയുന്നു. ഇത്തരത്തില്‍ ”മയക്കുമരുന്ന് നല്‍കുന്നതിനായി പെണ്‍കുട്ടികളെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാറുണ്ട്” എന്നും അയാള്‍ പറയുന്നു. ലൗ ജിഹാദിന്റെയും ഗോ രക്ഷയുടെയും പേരില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന് ‘കോബ്ര’യുടെ ഈ ഒളികാമറാ പ്രവര്‍ത്തനം വേണ്ടതിലധികം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് കോടതി സ്വമേധയാ നടപടി എടുക്കുന്നില്ല? ശാരീരികവും മാനസികവുമായി സ്ത്രീകളെ പീഡിപ്പിക്കുന്ന, അവര്‍ക്ക് മയക്കുമരുന്നു കുത്തിവയ്ക്കുന്ന സംഘപരിവാര സംഘടനകള്‍ എന്തുകൊണ്ട് തീവ്രവാദ സംഘടനകളാകുന്നില്ല? എന്തുകൊണ്ട് അവര്‍ക്കെതിരേ എന്‍ഐഎ അന്വേഷണം പ്രഖ്യാപിക്കുന്നില്ല?         പരിഭാഷ: ആയിശ ഹനീഫ് (അവസാനിച്ചു)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss