|    Apr 22 Sun, 2018 11:59 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കോപ അമേരിക്ക: മെസ്സിജാലം, അര്‍ജന്റീന സൂപ്പര്‍

Published : 23rd June 2016 | Posted By: SMR

ഹൂസ്റ്റണ്‍: കാല്‍പന്തുകളിയുടെ രാജകുമാരന്‍ ലയണല്‍ മെസ്സി ഇനി അര്‍ജന്റീന ഗോളടിവീരന്‍മാരുടെ അമരക്കാരന്‍. കോപ അമേരിക്കയുടെ ആദ്യ സെമി ഫൈനലില്‍ അമേരിക്കയെ 4-0നു തകര്‍ത്ത് അര്‍ജന്റീന ഫൈനലിലേക്കു കുതിച്ചപ്പോള്‍ മെസ്സിയും കുറിച്ചു പുതിയ റെക്കോഡ്. മുന്‍ ഇതിഹാസ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയുടെ പേരിലായിരുന്ന 54 ഗോളുകളെന്ന റെക്കോഡാണ് മെസ്സിക്കു മുന്നില്‍ വഴിമാറിയത്.
കളിയുടെ 32ാം മിനിറ്റില്‍ കണ്ണഞ്ചിപ്പിക്കുന്ന ഫ്രീകിക്കില്‍ നിന്നായിരുന്നു മെസ്സിയുടെ ചരിത്രഗോള്‍. 112 മല്‍സരങ്ങളില്‍ നിന്ന് 55 ഗോളുകളാണ് ഇപ്പോള്‍ മെസ്സിയുടെ സമ്പാദ്യം. 78 കളികളില്‍ നിന്ന് 54 ഗോളുകളാണ് ബാറ്റിസ്റ്റിയൂട്ടയ്ക്കുള്ളത്.
അമേരിക്കയ്‌ക്കെതിരേ ഗോണ്‍സാലോ ഹിഗ്വയ്ന്‍ ഇരട്ടഗോളുമായി മിന്നിയപ്പോള്‍ മറ്റൊരു ഗോള്‍ എസെക്വില്‍ ലവേസ്സിയുടെ വകയായിരുന്നു. തുടര്‍ച്ചയായി രണ്ടാംതവണയാണ് അര്‍ജന്റീന കോപയുടെ കലാശക്കളിക്കു യോഗ്യത നേടുന്നത്. കഴിഞ്ഞ വര്‍ഷം ചിലിക്കെതിരേ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കിരീടം അടിയറവ് വച്ച അര്‍ജന്റീന ഇത്തവണ കിരീടവരള്‍ച്ചയ്ക്ക് അറുതിയിടാമെന്ന ആത്മവിശ്വാസത്തിലാണ്. ചിലി- കൊളംബിയ രണ്ടാം സെമിയിലെ വിജയികളാണ് തിങ്കളാഴ്ച പുലര്‍ച്ചെ നടക്കാനിരിക്കുന്ന ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.
കളം വാണ് അര്‍ജന്റീന
അമേരിക്കയ്‌ക്കെതിരായ സെമിയുടെ ആദ്യ വിസില്‍ മുതല്‍ അര്‍ജന്റീന കളം അടക്കിവാഴുന്നതാണ് കണ്ടത്. അര്‍ജന്റീനയുടെ പാസിങ് ഗെയിമിനു മുന്നില്‍ അമേരിക്കയ്ക്കു പകച്ചു നില്‍ക്കാനേ സാധിച്ചുള്ളൂ. തങ്ങളുടെ ആധിപത്യം മൂന്നാം മിനിറ്റില്‍ത്തന്നെ അര്‍ജന്റീന ഗോളാക്കി മാറ്റി. മെസ്സിയായിരുന്നു ഗോളിനു പിറകില്‍. ബോക്‌സിനു പുറത്തു വച്ച് മെസ്സി കോരിയിട്ട പന്ത് ഡൈവിങ് ഹെഡ്ഡറിലൂടെ ലവേസ്സി വലയ്ക്കുള്ളിലാക്കുകയായിരുന്നു.
15ാം മിനിറ്റില്‍ അമേരിക്കയുടെ നാലു ഡിഫന്റര്‍മാരെ വെട്ടിയൊഴിഞ്ഞ് ബോക്‌സിനു പുറത്തു വച്ച് മെസ്സി ഷോട്ടുതിര്‍ത്തെങ്കിലും ഗോളി ബ്രാഡ് ഗുസാന്‍ മികച്ച സേവിലൂടെ വിഫലമാക്കി. 32ാം മിനിറ്റില്‍ മെസ്സി അര്‍ജന്റീനയുടെ ലീഡുയര്‍ത്തി. ബോക്‌സിനു പുറത്തു വച്ച് മെസ്സിയെ അമേരിക്കന്‍ താരം വൊന്‍ഡോലോവ്‌സ്‌കി ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. മെസ്സിയുടെ ഇടംകാല്‍ ഫ്രീകിക്ക് അമേരിക്കന്‍ പ്രതിരോധമതിലിനു മുകളിലൂടെ പറന്നുയര്‍ന്ന് ക്രോസ് ബാറിന് തൊട്ടടുത്തു വച്ച് വലയിലേക്ക് താഴ്ന്നിറങ്ങുകയായിരുന്നു. ഗോളി ഗുസാന്‍ ഡൈവ് ചെയ്തു നോക്കിയെങ്കിലും മെസ്സിയുടെ മാന്ത്രിക കിക്ക് തടുക്കാനുള്ള മികവ് അതിനുണ്ടായിരുന്നില്ല.
രണ്ടാംപകുതിയിലും അര്‍ജന്റീന ആധിപത്യം തുടര്‍ന്നു. 50ാം മിനിറ്റില്‍ ഹിഗ്വയ്‌നിലൂടെ അര്‍ജന്റീന സ്‌കോ ര്‍ 3-0 ആക്കി. ഓഫ്‌സൈഡ് കെണിയില്‍പ്പെടാതെ ബോക്‌സിനുള്ളിലെത്തിയ ഹിഗ്വയ്‌നിന്റെ ആദ്യ ഷോട്ട് ഗോളി തടുത്തെങ്കിലും റീബൗണ്ട് താരം വലയിലേക്ക് പ്ലെയ്‌സ് ചെയ്തു. ഫൈനല്‍ വിസിലിന് നാലു മിനിറ്റ് മുമ്പ് ഹിഗ്വയ്ന്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഈ ഗോളിലും മെസ്സി സ്പര്‍ശമുണ്ടായിരുന്നു. ഇടതുമൂലയില്‍ നിന്ന് മെസ്സി ന ല്‍കിയ മനോഹരമായ ക്രോസ് വലയിലേക്ക് വഴിതിരിച്ചുവിടേണ്ട ചുമതല മാത്രമേ ഹിഗ്വയ്‌നുണ്ടായിരുന്നുള്ളൂ.
പരിക്ക്; എസെക്വില്‍ ലവേസ്സിക്ക് ഫൈനല്‍ നഷ്ടമാവും
ഹൂസ്റ്റണ്‍: അര്‍ജന്റീന വിങര്‍ എസെക്വില്‍ ലവേസ്സിക്ക് കോപ അമേരിക്കയുടെ ഫൈനല്‍ നഷ്ടമാവും. അമേരിക്കയ്‌ക്കെതിരേ ഇന്നലെ നടന്ന സെമി ഫൈനലിനിടെയേറ്റ പരിക്കാണ് ലവേസ്സിക്കു തിരിച്ചടിയായത്. കളിയുടെ 64ാം മിനിറ്റിലായിരുന്നു സംഭവം. ഹൈ ബോള്‍ ഹെഡ്ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ പിറകിലേക്ക് മാറിയ താരം ഗ്രൗണ്ടിനരികില്‍ വച്ച പരസ്യ ബോര്‍ഡിനു മുകളിലൂടെ പിറകിലേക്ക് കമഴ്ന്നു വീഴുകയായിരുന്നു. കൈമുട്ടിനു പരിക്കേറ്റ ലവേസ്സിയെ സ്‌ട്രെച്ചറിലാണ് പുറത്തേക്കു കൊണ്ടുപോയത്.
താരത്തിന്റെ ഇടതു കൈമുട്ടിന് പൊട്ടലേറ്റതായി പരിശോധനയില്‍ കണ്ടെത്തി. ലവേസ്സി മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാവുമെന്നും ശസ്ത്രക്രിയ അനിവാര്യമാണെന്നും അര്‍ജന്റീന കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss