|    Apr 23 Mon, 2018 12:02 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കോപ അമേരിക്ക: ബ്രസീല്‍ തേടുന്നു, പുതിയ ഹീറോയെ

Published : 1st June 2016 | Posted By: SMR

വാഷിങ്ടണ്‍: സൂപ്പര്‍ താരവും ക്യാപ്റ്റനുമായ നെയ്മറില്ലാതെയാണ് മുന്‍ ചാംപ്യന്‍മാരും ലാറ്റിനേരിക്കന്‍ ഗ്ലാമര്‍ ടീമുമായ ബ്രസീല്‍ കോപ അമേരിക്കയ്‌ക്കെത്തുന്നത്. ടീമിനു മുഴുവന്‍ പ്രചോദനമേകുന്ന നെയ്മറുടെ അഭാവത്തില്‍ പുതിയൊരു ഹീറോയെ തേടുകയാണ് മഞ്ഞപ്പട. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബിയിലാണ് ബ്രസീലിന്റെ സ്ഥാനം. ഇക്വഡോര്‍, പെറു, ഹെയ്തി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
നിലവിലെ ഫോമില്‍ ഇക്വഡോറില്‍ നിന്നാവും ബ്രസീലിനു മുഖ്യമായും വെല്ലുവിളി നേരിടേണ്ടിവരിക. പെറു, ഹെയ്തി എന്നിവര്‍ക്കെതിരേ മഞ്ഞക്കുപ്പായക്കാ ര്‍ക്ക് ജയത്തിനായി അധികം വിയര്‍ക്കേണ്ടിവരില്ല.
നെയ്മറില്ലെങ്കിലും ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി നോക്കൗട്ട്‌റൗണ്ടിലേക്ക് മുന്നേറാനുള്ള പടയൊരുക്കത്തിലാണ് ബ്രസീല്‍. കോപയ്ക്ക് എക്കാലവും ബ്രസീ ല്‍ വേണ്ടത്ര പ്രാമുഖ്യം നല്‍കിയിട്ടില്ലെന്നു ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും. ലോകകപ്പ് കഴിഞ്ഞാല്‍ ഒളിംപിക്‌സ് ഫുട്‌ബോള്‍, അണ്ടര്‍ 20 ലോകകപ്പ്, അണ്ടര്‍ 17 ലോകകപ്പ് എന്നിവ കഴിഞ്ഞിട്ടേയുള്ളൂ ബ്രസീലിന് കോപ.
ബാഴ്‌ലോണ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് നെയ്മറിനെ കോപയ്ക്കുള്ള ടീമില്‍ നിന്നു ബ്രസീലിന് ഒഴിവാക്കേണ്ടിവന്നത്. നെയ്മറുടെ അഭാവത്തില്‍ ഗോള്‍ നേടാനും ടീമിനെ പ്രചോദിപ്പിക്കാനും ഒരു താരത്തെയാണ് ബ്രസീലിന് ആവശ്യം. നെയ്മറുടെ 10ാം നമ്പര്‍ ജഴ്‌സി യുവ മിഡ്ഫീല്‍ഡര്‍ ലൂക്കാസ് ലിമയാണ് കോപയില്‍ അണിയുക. 10ാം നമ്പര്‍ ജഴ്‌സിയോട് കൂറുപുലര്‍ത്താന്‍ താരത്തിനാവുമോയെന്ന് കണ്ടുതന്നെ അറിയണം. നെയ്മറില്ലെങ്കിലും മുന്‍ ലോക ഫുട്‌ബോളറും സൂപ്പര്‍ പ്ലേമേക്കറുമായ കക്കയെ തിരിച്ചുവിളിക്കാനുള്ള കോച്ച് ദുംഗയുടെ തീരുമാനം ബ്രസീലിന് ഗുണം ചെയ്‌തേക്കും. കരിയറിലെ മികച്ച ഫോമിലല്ലെങ്കിലും കക്കയുടെ അനുഭവസമ്പത്ത് ടീമിനു തുണയാവുമെന്നാണ് വിലയിരു ത്തല്‍.
പരിക്കു ഭേദമായി പ്രമുഖ സ്‌ട്രൈക്കര്‍ ഹള്‍ക്ക് മടങ്ങിയെത്തുന്നത് ബ്രസീലിന് ആശ്വാസമാവും. ജൊനാസ്, ഗബ്രിയേല്‍ എന്നിവരാണ് ടീമിലെ മറ്റു സ്‌ട്രൈക്കര്‍മാര്‍.
മധ്യനിരയി ല്‍ ലിവര്‍പൂളിന്റെ ഫെലിപ്പെ കോട്ടീഞ്ഞോയും ചെല്‍സിയുടെ വില്ല്യനുമാണ് തുറുപ്പുചീട്ടുകള്‍. നെയ്മറെക്കൂടാതെ ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കില്‍ ഉജ്ജ്വല ഫോമിലായിരുന്ന മിഡ്ഫീല്‍ഡര്‍ ഡഗ്ലസ് കോസ്റ്റയും കോപയില്‍ ബ്രസീല്‍ നിരയിലുണ്ടാവില്ല. പരിക്കിനെത്തുടര്‍ന്നു താരം പിന്‍മാറുകയായിരുന്നു.
ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന ഇക്വഡോറിനെ ബ്രസീല്‍ സൂക്ഷിക്കണം. യോഗ്യതാറൗണ്ടില്‍ അര്‍ജന്റീന, ഉറുഗ്വേ എന്നീ വമ്പന്‍മാരെ ഇക്വഡോര്‍ അട്ടിമറിച്ചിരുന്നു. കോപയില്‍ ബ്രസീലിനു പിറകി ലോ മുന്നിലോ ആയി ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് അവര്‍ക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ട്. കോപയില്‍ ഇതുവരെ കിരീടമണിയാന്‍ കഴിഞ്ഞിട്ടില്ലാത്ത രണ്ടു ടീമുകളില്‍ ഒന്നാണ് ഇക്വഡോര്‍. ഇത്തവണ ഈ ദുഷ്‌പേര് മായ്ക്കാന്‍ ഇക്വഡോറിനാവുമോയെന്ന് കാത്തിരുന്നു കാ ണാം .
അന്റോണിയോ വലന്‍സിയ, മൈക്കല്‍ അരോയോ, ജെഫേഴ്‌സന്‍ മൊണ്ടേറോ തുടങ്ങി യൂറോപ്യന്‍ ലീഗുകളില്‍ പയറ്റിത്തെളിഞ്ഞ താരങ്ങളുടെ സാന്നിധ്യമാണ് ഇക്വഡോറിന്റെ കരുത്ത്.
ശ്രദ്ധിക്കേണ്ട താരങ്ങള്‍
വില്ല്യന്‍ (ബ്രസീല്‍)-നെയ്മറുടെയും കോസ്റ്റയുടെയും അഭാവത്തില്‍ വില്ല്യന്റെ ഉത്തരവാദിത്തം കൂടിയിട്ടുണ്ട്. മധ്യനിരയില്‍ വില്ല്യന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ബ്രസീലിന്റെ മുന്നോട്ടുള്ള പ്രയാണം. കഴിഞ്ഞ സീസണില്‍ ചെല്‍സിക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം കൂടിയാണ് അദ്ദേഹം. ആറു ഗോളുകള്‍ ബ്രസീലിയന്‍ ജഴ്‌സിയില്‍ വില്ല്യന്‍ നേടിയിട്ടുണ്ട്.
പൗലോ ഗ്വരേരോ (പെറു)- ബ്രസീലിയന്‍ ക്ലബ്ബായ ഫഌമെംഗോയുടെ സ്‌ട്രൈക്കറായ പൗലോ ഗ്വരേരോയുടെ ഗോളടിമികവ് പെറുവിന്റെ കുതിപ്പില്‍ നിര്‍ണായകമാവും. കോപയുടെ കഴിഞ്ഞ രണ്ടു എഡിഷനുകളിലും 32കാരനായ താരം ഹാട്രിക്കുമായി കസറിയിരുന്നു.
ഹള്‍ക്ക് (ബ്രസീല്‍)- 2014ല്‍ നാട്ടി ല്‍ നടന്ന ലോകകപ്പില്‍ ബ്രസീലിന്റെ ദയനീയ പ്രകടനത്തിന്റെ പേരില്‍ ബലിയാടാക്കപ്പെട്ട താരങ്ങളിലൊരാളാണ് ഹള്‍ക്ക്. കോപയില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് റഷ്യന്‍ ടീം സെനിത് സെന്റ്പീറ്റേഴ്ബര്‍ഗിന്റെ താരം കൂടിയായ അദ്ദേഹം.
അന്റോണിയോ വലന്‍സിയ (ഇക്വഡോര്‍)-ശസ്ത്രക്രിയയെത്തുടര്‍ന്ന് മാസങ്ങളോളം കളത്തിനു പുറത്തിരുന്ന ശേഷം തിരിച്ചെത്തിയ അന്റോണിയോ വലന്‍സിയ ഇക്വഡോര്‍ നിരയിലെ സൂപ്പര്‍ താരമാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലൈനപ്പില്‍ മാര്‍ച്ചിലാണ് താരം തിരിച്ചെത്തിയത്. മിഡ്ഫീ ല്‍ഡറായും ഡിഫന്‍ഡറായും ഒരുപോലെ തിളങ്ങാന്‍ വലന്‍സിയക്കാവും.
ജോണി പ്ലാസൈഡ് (ഹെയ്തി)-ഫ്രഞ്ച് വംശജനായ ഗോള്‍കീപ്പര്‍ ജോണി പ്ലാസൈഡ് ഹെയ്തിയുടെ പ്രതീക്ഷയാണ്. ഫ്രഞ്ച് ലീഗില്‍ സ്റ്റേഡ് ഡി റെയിംസിന്റെ വിശ്വസ്തനായ ഗോളി കൂടിയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ കോ ണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ പ്ലാസൈഡ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിരുന്നു. ഹെയ്തിയുടെ ക്യാപ്റ്റനും അദ്ദേഹമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss