|    Apr 21 Sat, 2018 11:44 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കോപ അമേരിക്ക: കോപയിലെ മധുരം ആര്‍ക്ക് ?

Published : 26th June 2016 | Posted By: SMR

ന്യൂജഴ്‌സി: ലാറ്റിനമേരിക്കന്‍ കാല്‍പന്തുകളി ഉല്‍സവത്തിന് ഇന്നു കൊടിയിറങ്ങും. കോപ അമേരിക്കയുടെ ശതാബ്ദി എഡിഷന്റെ കലാശപ്പോരില്‍ അര്‍ജന്റീന നിലവിലെ ചാംപ്യന്‍മാരായ ചിലിയുമായി കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30നാണ് കിക്കോഫ്.
ദേശീയ ജഴ്‌സിയില്‍ കന്നിക്കിരീടമെന്ന ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സിയുടെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെയെന്നു പ്രാര്‍ഥിക്കുകയാണ് അര്‍ജന്റീന ആരാധകര്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ നേടിയ കിരീടം ഇത്തവണയും നിലനിര്‍ത്താനൊരുങ്ങുകയാണ് ചിലിയുടെ ചുവപ്പന്‍ പട.
തുടര്‍ച്ചയായി മൂന്നാം തവണയാണ് കോപയില്‍ അര്‍ജന്റീനയും ചിലിയും മുഖാമുഖം വരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ചിലി അര്‍ജന്റീനയെ മുട്ടുകുത്തിച്ചപ്പോള്‍ ഇത്തവണ ഗ്രൂപ്പുഘട്ടത്തിലെ ആദ്യ കളിയില്‍ അര്‍ജന്റീന പകരംചോദിച്ചു. ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് അര്‍ജന്റീന ഇത്തവണ ഫൈനലില്‍ ബൂട്ടണിയുന്നത്. എന്നാല്‍ അര്‍ജന്റീനയ്‌ക്കെതിരായ ആദ്യ കളിയിലെ തോല്‍വിക്കു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ചിലിയുടെ ഫൈനല്‍ പ്രവേശനം.
ജയിച്ചാല്‍ അര്‍ജന്റീന ഉറുഗ്വേയ്‌ക്കൊപ്പം
കോപയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമെന്നു വിലയിരുത്തപ്പെടുന്നത് ഉറുഗ്വേയാണ്. 15 ട്രോഫികളാണ് ഇപ്പോള്‍ ഉറുഗ്വേയുടെ അക്കൗണ്ടിലുള്ളത്. എന്നാല്‍ ഈ നേട്ടത്തിന് ഒരു കിരീടം മാത്രം അകലെയാണ് അര്‍ജന്റീന. 14 കിരീടങ്ങളുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന അര്‍ജന്റീനയ്ക്ക് ഇന്നു വെന്നിക്കൊടി പാറിക്കാനായാല്‍ ഉറുഗ്വേയ്‌ക്കൊപ്പമെത്താം.
1993നുശേഷം ഒരിക്കല്‍പ്പോലും കോപയില്‍ മധുരം നുണയാന്‍ അര്‍ജന്റീനയ്ക്കായിട്ടില്ല. നീണ്ട 23 വര്‍ഷത്തെ കാത്തിരിപ്പിന് ഇത്തവണ അറുതിയിടാമെന്ന പ്രതീക്ഷയിലാണ് ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ വമ്പന്‍മാര്‍.
ഫൈനല്‍ ശാപം തീര്‍ക്കാന്‍ അര്‍ജന്റീന
പടിക്കല്‍ കലമുടയ്ക്കുകയെന്ന പതിവു രീതി ഇത്തവണയെങ്കിലും അവസാനിപ്പിക്കാനൊരുങ്ങുകയാണ് അര്‍ജന്റീന. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടും ഫൈനലില്‍ തോല്‍ക്കുകയെന്ന ശാപം അര്‍ജന്റീനയെ വിടാതെ പിന്തുടരുകയാണ്. 2007ലെ കോപ മുതലാണ് അര്‍ജന്റീനയ്ക്ക് ഈ കഷ്ടകാലം ആരംഭിക്കുന്നത്. മെസ്സിയുള്‍പ്പെടുന്ന ശക്തമായ അര്‍ജന്റീന ടീം അന്നു ഫൈനലില്‍ ചിരവൈരികളായ ബ്രസീലിനോട് 0-3നു തകര്‍ന്നടിയുകയായിരുന്നു.
2014ലെ ലോകകപ്പ് ഫൈനലില്‍ അവസാന നിമിഷം ജര്‍മനിയോട് കീഴടങ്ങാനായിരുന്നു അര്‍ജന്റീനയുടെ വിധി. കഴിഞ്ഞ വര്‍ഷത്തെ കോപയിലും അര്‍ജന്റീന ഇതാവര്‍ത്തിച്ചു. പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട പോരാട്ടത്തില്‍ ചിലിക്കു മുന്നില്‍ അര്‍ജന്റീന കിരീടം അടിയറവ് വയ്ക്കുകയായിരുന്നു.
മെസ്സി മാജിക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് അര്‍ജന്റീന
ക്യാപ്റ്റനും ടീമിന്റെ നെടുംതൂണുമായ മെസ്സി മാസ്മരിക പ്രകടനം ആവര്‍ത്തിച്ചാല്‍ കോപ അര്‍ജന്റീനയുടെ ഷെല്‍ഫിലെത്തും. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഒരു ഹാട്രിക്കടക്കം അഞ്ചു ഗോളുകള്‍ നേടിയ മെസ്സി നാലു ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്തിരുന്നു.
പരിക്കുമൂലം ചിലിക്കെതിരായ ആദ്യ കളി നഷ്ടമായെങ്കിലും പാനമയ്‌ക്കെതിരേ രണ്ടാംപകുതിയില്‍ പകരക്കാരനായി ഇറങ്ങി മെസ്സി ഹാട്രിക്കോടെ കസറിയിരുന്നു. ബൊളീവിയക്കെതിരായ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട മെസ്സി ക്വാര്‍ട്ടറിലും തിള ങ്ങി. വെനിസ്വേലയെ അര്‍ജന്റീന 4-1ന് മു ക്കിയ കളിയില്‍ ഒരു ഗോള്‍ നേടിയ താരം ടീമിന്റെ ജയത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു.
സെമിയില്‍ അമേരിക്കയ്‌ക്കെതിരേയും മെസ്സി ഫോം ആവര്‍ത്തിച്ചു. അമേരിക്കയെ അര്‍ജന്റീന 4-0നു തകര്‍ത്തപ്പോള്‍ ഒരു ഗോ ള്‍ നേടുന്നതിനൊപ്പം രണ്ടു ഗോളുകളിലും സ്‌ട്രൈക്കര്‍ പങ്കാളിയായി. ഗംഭീര ഫ്രീകിക്കില്‍ നിന്നായിരുന്നു ഈ കളിയില്‍ മെസ്സി വലകുലുക്കിയത്. ഇതോടെ ഇതിഹാസ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യുട്ടയെ പിന്തള്ളി അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനെന്ന റെക്കോഡിനും മെസ്സി അര്‍ഹനായി. 55 ഗോളുകളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്.
പരിക്ക് അര്‍ജന്റീനയ്ക്ക് തലവേദന
സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡിമരിയയടക്കം ചില പ്രമുഖ താരങ്ങള്‍ പരിക്കിന്റെ പിടിയിലുള്ളത് അര്‍ജന്റീനയ്ക്ക് തലവേദനയാവും. ചിലിക്കെതിരായ ആദ്യ കളിയില്‍ അര്‍ജന്റീനയുടെ വിജയശില്‍പ്പിയായ ഡിമരിയ പരിക്കുമൂലം പിന്നിടുള്ള മല്‍സരങ്ങളില്‍ കളിച്ചിട്ടില്ല. ഇന്നത്തെ ഫൈനലില്‍ ഡിമരിയ ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന. താരം പുറത്തിരിക്കുകയാണെങ്കില്‍ എറിക് ലമേല പ്ലെയിങ് ഇലവനിലെത്തും. സെമിയില്‍ ഡിമരിയയുടെ റോളില്‍ കളിച്ച എസെക്വില്‍ ലവേസ്സിയും പരിക്കിനെത്തുടര്‍ന്ന് ഫൈനലില്‍ നിന്നു പിന്‍മാറിക്കഴിഞ്ഞു.
ചിലിക്കു കരുത്തേകാന്‍ വിദാലെത്തും
സസ്‌പെന്‍ഷനെത്തുടര്‍ന്ന് സെമി ഫൈനലില്‍ പുറത്തിരിക്കേണ്ടി വന്ന പ്ലേമേക്കര്‍ ആര്‍ത്യുറോ വിദാലിന്റെ മടങ്ങിവരവ് ഇന്നു ചിലിയുടെ കരുത്ത് വര്‍ധിപ്പിക്കും. മികച്ച ഫോമിലുള്ള അലെക്‌സിസ് സാഞ്ചസാണ് ചിലിയുടെ തുറുപ്പുചീട്ട്. ആറു ഗോളുകളോടെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ പദവിയിലുള്ള എഡ്വാര്‍ഡോ വര്‍ഗാസും കൂടി ചേരുന്നതോടെ ചിലി അര്‍ജന്റീനയ്ക്ക് വെല്ലുവിളിയുയര്‍ത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss