|    Apr 20 Fri, 2018 2:37 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കോപ അമേരിക്ക ഉദ്ഘാടനമല്‍സരം: കൊളംബിയ അമേരിക്കയെ 2-0ന് തകര്‍ത്തു; കോപയില്‍ വിജയമധുരം നുകര്‍ന്ന് കൊളംബിയ

Published : 5th June 2016 | Posted By: SMR

James-Rodriguez-celebrates-

 

കാലഫോര്‍ണിയ: ആതിഥേയരായ അമേരിക്കയെ തകര്‍ത്ത് കൊളംബിയ കോപ അമേരിക്കയില്‍ തുടക്കം ഗംഭീരമാക്കി. കാലഫോര്‍ണിയയിലെ സാന്റ ക്ലാരയില്‍ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കൊളംബിയ അമേരിക്കയെ സ്തബ്ധരാക്കിയത്. ക്രിസ്റ്റ്യന്‍ സപാറ്റ (എട്ടാം മിനിറ്റ്), ക്യാപ്റ്റന്‍ ഹാമിഷ് റോഡ്രിഗസ് (42) എന്നിവരാണ് കൊളംബിയയുടെ സ്‌കോറര്‍മാര്‍.
കോപയുടെ 100ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ടൂര്‍ണമെന്റിന്റെ തുടക്കം കാണികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു. ഇരുടീമും ഇഞ്ചോടിഞ്ച് പൊരുതിയ മല്‍സരത്തില്‍ കൊളംബിയക്കായിരുന്നു മേല്‍ക്കൈ. മികച്ച നീക്കങ്ങളിലൂടെ അവര്‍ അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കി. ആദ്യപകുതിയില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവാതെ പോയ അമേരിക്ക രണ്ടാംപകുതിയില്‍ കളിയിലേക്കു തിരിച്ചുവന്നു. ചില മികച്ച ഗോളവസരങ്ങള്‍ അവര്‍ക്കു ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പിനയെ കബളിപ്പിക്കാനായില്ല. കണ്ണഞ്ചിപ്പിക്കുന്ന സേവുകളിലൂടെയാണ് താരം അമേരിക്കയ്ക്കു ഗോള്‍ നിഷേധിച്ചത്. ഈ തോല്‍വിയോടെ അമേരിക്കയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്കു തിരിച്ചടി നേരിട്ടു.
മരണഗ്രൂപ്പെന്നു വിലയിരുത്തപ്പെടുന്ന ഗ്രൂപ്പ് എയില്‍ പരാഗ്വേ, കോസ്റ്ററിക്ക എന്നിവര്‍ക്കെതിരേയാണ് അമേരിക്കയ്ക്ക് ഇനി മല്‍സരങ്ങളുള്ളത്. ക്വാര്‍ട്ടറിലെത്തണമെങ്കില്‍ അമേരിക്കയ്ക്ക് ഈ രണ്ടു കളികളി ലും ജയം അനിവാര്യമാണ്.
ഒന്നാംപകുതിയില്‍ കളി ജയിച്ച് കൊളംബിയ
തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമെന്ന നിലയില്‍ ശ്രദ്ധേയമായ മല്‍സരത്തില്‍ ഒന്നാംപകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ അടിച്ചുകൂട്ടി കൊളംബിയ വിജയം തങ്ങളുടെ വരുതിയിലാക്കിയിരുന്നു. എട്ടാം മിനിറ്റില്‍ അമേരിക്കയ്ക്ക് കളിയില്‍ ചുവടുറപ്പിക്കുംമുമ്പ് കൊളബിയ അക്കൗണ്ട് തുറന്നു. വലതുമൂലയില്‍ നിന്ന് എഡ്വിന്‍ കാര്‍ഡോണ തൊടുത്ത കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സപാറ്റ വെടിയുണ്ട കണക്കെയുള്ള വോളിയിലൂടെ വലയിലേക്ക് പായിക്കുകയായിരുന്നു. ഗോളി ബ്രാഡ് ഗുസാന്‍ കണ്ണടച്ചുതുറക്കും മുമ്പ് തന്നെ പന്ത് വലയിലെത്തിയിരുന്നു. താരത്തിന്റെ കന്നി അന്താരാഷ്ട്ര ഗോള്‍ കൂടിയാണിത്.
ഒരു ഗോളിന്റെ ലീഡ് കൊളംബിയയുടെ ആവേശം വര്‍ധിപ്പിക്കുന്നതാണ് കണ്ടത്. 16ാം മിനിറ്റില്‍ കൊളംബിയന്‍ താരം സെബാസ്റ്റ്യന്‍ പെരസ് പരീക്ഷിച്ച ഗോളെന്നുറച്ച ലോങ്‌റേഞ്ച് ഷോട്ട് ഗോളി ഗുസാന്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. 22ാം മിനിറ്റില്‍ വീണ്ടും കൊളംബിയന്‍ ആക്രമണം. ഡിഫന്റര്‍മാരെ വെട്ടിയൊഴിഞ്ഞ് ബോക്‌സിന് അരികില്‍ വച്ച് എഡ്വിന്‍ കാര്‍ഡോണതൊടുത്ത ഷോട്ട് ഗോളി തടുത്തിട്ടു.
25ാം മിനിറ്റിലാണ് അമേരിക്കയുടെ ആദ്യ ഗോള്‍നീക്കമുണ്ടായത്. ഫ്രീകിക്കില്‍ നിന്ന് ജെര്‍മെയ്ന്‍ ജോണ്‍സിന്റെ ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 28ാം മിനിറ്റില്‍ ബോക്‌സിനു പുറത്തുവച്ച് അമേരിക്കന്‍ താരം അലെയാന്‍ഡ്രോ ബെഡോയ പരീക്ഷിച്ച ഷോട്ട് കൊളംബിയന്‍ ഗോളി ബ്ലോക്ക് ചെയ്തു.
37ാം മിനിറ്റില്‍ അമേരിക്കന്‍ സൂപ്പര്‍ താരം ക്ലി ന്റ് ഡെംസിയുടെ ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പുറത്തുപോയി. 42ാം മിനിറ്റില്‍ അമേരിക്കയുടെ തിരിച്ചുവരവ് സാധ്യതകള്‍ കൂടുതല്‍ ദുഷ്‌കരമാക്കി കൊളംബിയ ലീഡുയര്‍ത്തി. അമേരിക്കന്‍ താരം ഡിയാന്‍ഡ്രെ യെഡ്‌ലിന്‍ ബോക്‌സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ട് തടുത്തതിനെത്തുടര്‍ന്ന് റഫറി കൊളംബിയക്ക് അനുകൂലമായി പെനല്‍റ്റി വിധിക്കുകയായിരുന്നു. റോഡ്രിഗസിന്റെ തകര്‍പ്പന്‍ പെനല്‍റ്റി ഗോളിക്ക് പഴുതൊന്നും നല്‍കാതെ വലയില്‍ തറച്ചു.
ഒസ്പിനയോട് തോറ്റ് അമേരിക്ക
ആദ്യപകുതിയെ അപേക്ഷിച്ച് അമേരിക്ക കൂടുതല്‍ ഒത്തിണക്കത്തോടെയും ദിശാബോധത്തോടെയുമാണ് രണ്ടാംപകുതിയില്‍ കളിച്ചത്. കൊളംബിയ ഒന്നാംപകുതിയിലെ പ്രകടനം രണ്ടാംപകുതിയി ലും തുടര്‍ന്നതോടെ മല്‍സരം കൂടുതല്‍ ആവേശകരമായി മാറി. 52ാം മിനിറ്റില്‍ കൊളംബിയ ന്‍ താരം എഡ്വിന്‍ കാര്‍ഡോണ ഗോളിലേക്ക് പരീക്ഷിച്ച ലോങ്‌റേഞ്ചര്‍ ഗോളി ഗുസാന് മുന്നില്‍ വിഫലമായി.
60ാം മിനിറ്റില്‍ അമേരിക്കയ്ക്കു സമനില ഗോളിനുള്ള സുവര്‍ണാവ സരം ലഭിച്ചു. കോര്‍ണറിനൊടുവില്‍ ഡെംസിയുടെ ഗോളെന്നുറച്ച ഹെഡ്ഡര്‍ ഗോള്‍ലൈനില്‍ വച്ച് കൊളംബിയന്‍ താരം ക്ലിയര്‍ ചെയ്യുകയായിരുന്നു. നാലു മിനിറ്റിനകം ഒസ്പിന ഒരിക്കല്‍ക്കൂടി കൊളംബിയയുടെ രക്ഷകനായി. 20 വാര അകലെ നിന്നുള്ള ഡെംസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഒസ്പിന പറന്നുയര്‍ന്ന് ഒരു കൈ കൊണ്ട് തട്ടിയകറ്റുകയായിരുന്നു.
77ാം മിനിറ്റില്‍ കൊംളംബിയക്ക് മൂന്നാം ഗോളിനുള്ള സുവര്‍ണാവസരം. ബോക്‌സിനുള്ളില്‍ വച്ച് കാര്‍ലോസ് ബാക്കയുടെ ക്ലോസ്‌റേഞ്ച് ഷോട്ട് ഗോളി തട്ടിത്തെറിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss