|    Apr 27 Fri, 2018 8:47 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കോപ അമേരിക്കയ്ക്ക് അമേരിക്കയില്‍ കിക്കോഫ്, കിരീടത്തിനായി 16 ടീമുകള്‍ അങ്കത്തട്ടില്‍; ലോകം കോപയിലേക്ക്

Published : 3rd June 2016 | Posted By: SMR

COPA-AMERICA

 

സാന്റ ക്ലാര (അമേരിക്ക): ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ വശ്യചാരുത നുകരാന്‍ ആരാധകര്‍ ഒരുങ്ങി. കോപ അമേരിക്കയുടെ 100ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ടൂര്‍ണമെന്റിന് ഇന്നു തുടക്കമാവും. അമേരിക്കയാണ് ചാംപ്യന്‍ഷിപ്പിനു വേദിയൊരുക്കുന്നത്. ഇതാദ്യമായാണ് ലാറ്റിനമേരിക്കയ്ക്കു പു റത്ത് കോപ അരങ്ങേറുന്നത്.
ആതിഥേയരായ അമേരിക്കയും ലാറ്റിനമേരിക്കയിലെ കരുത്തരായ കൊളംബിയയും തമ്മിലാണ് ഉദ്ഘാടനമല്‍സരം. അമേരിക്കന്‍ സമയം രാത്രി 9.30നാണ് കിക്കോഫെങ്കിലും ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നാളെ രാവിലെ ഏഴു വരെ കാത്തിരിക്കേണ്ടിവരും. സോണി ഇഎസ്പിഎന്നാണ് ടൂര്‍ണമെന്റ് തല്‍സമയം സംപ്രേ ക്ഷണം ചെയ്യുന്നത്.
ലാറ്റിനമേരിക്ക, കോണ്‍കകാഫ് മേഖലകളി ല്‍ നിന്നായി 16 ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. 10 വേദികളിലാണ് മല്‍സരങ്ങള്‍. വാഷിങ്ടണിലെ സെഞ്ച്വറി ലിങ്ക് ഫീല്‍ഡ്, , ചിക്കാഗോയിലെ സോള്‍ജ്യര്‍ ഫീല്‍ഡ്, ഫോക്‌സ്‌ബൊറോയിലെ ഗില്ലെറ്റെ സ്‌റ്റേഡിയം, കാലഫോ ര്‍ണിയയിലെ റോസ് ബൗള്‍, അരിസോണയിലെ യൂനിവേഴ്‌സിറ്റി ഓഫ് ഫോണിക്‌സ് സ്‌റ്റേഡിയം, ടെക്‌സസിലെ എന്‍ ആര്‍ ജി സ്‌റ്റേഡിയം, ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം, ഫിലാഡെല്‍ഫിയയിലെ ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ്, ഫ്‌ളോറിഡയിലെ കാംപിങ് വേള്‍ഡ് സ്റ്റേഡിയം എന്നീവിടങ്ങിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഇവയില്‍ കാലഫോര്‍ണിയയിലെ റോസ് ബൗളിലാണ് ഏറ്റവുമധികം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളത്. 92,542 പേര്‍ക്ക് ഇവിടെ മല്‍സരം ആസ്വദിക്കാം. 82,566 പേര്‍ക്ക് മല്‍സരം കാണാവുന്ന ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയമാണ് രണ്ടാംസ്ഥാനത്ത്. ഇതേ സ്‌റ്റേഡിയത്തിലാണ് ടൂ ര്‍ണമെന്റിന്റെ കലാശപ്പോരാട്ടം.
നാലു രാജ്യങ്ങളെ വീതം ഉള്‍പ്പെടുത്തി നാലു ഗ്രൂപ്പുകളിലായാണ് 16 ടീമുകളെ തരംതിരിച്ചിരിക്കുന്നത്. മരണഗ്രൂപ്പെന്നു വിലയിരുത്തപ്പെടുന്ന എയില്‍ ആതിഥേയരായ അമേരിക്കയ്‌ക്കൊപ്പം കൊളംബിയ, പരാഗ്വേ, കോസ്റ്ററിക്ക എന്നിവരാണുള്ളത്. ഗ്രൂപ്പ് ബിയില്‍ മുന്‍ ചാംപ്യന്‍മാരായ ബ്രസീലിനൊപ്പം ഇക്വഡോര്‍, പെറു, ഹെയ്തി എന്നിവര്‍ മല്‍സരിക്കും.
ഏറ്റവുമധികം തവണ കോപ സ്വന്തമാക്കിയ ടീമെന്ന റെക്കോഡിന് അവകാശികളായ ഉറുഗ്വേ ഗ്രൂപ്പ് സിയിലാണ്. മെക്‌സിക്കോ, വെനിസ്വേല, ജമൈക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ഡിയില്‍ നിലവിലെ ചാംപ്യന്‍മാരായ ചിലിക്കൊപ്പം കിരീട ഫേവറിറ്റുകളായ അര്‍ജന്റീന പോരിനിറങ്ങും. പാനമ, ബൊളീവിയ എന്നിവരും ഗ്രൂപ്പിലുണ്ട്.
ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടും. ഈ മാസം 16, 17, 18 തിയ്യതികളിലാണ് ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍. സെമി ഫൈനല്‍ ജൂണ്‍ 21നും 22നും നടക്കും. മൂന്നാംസ്ഥാനക്കാരെ കണ്ടെത്താനുള്ള മല്‍സരം 25നാണ്. കിരീടപ്പോരാട്ടം 26ന് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ അരങ്ങേറും.
ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനക്കാരെ നിശ്ചയിക്കുന്നതില്‍ നാളത്തെ അമേരിക്ക-കൊളംബിയ മ ല്‍സരം നിര്‍ണായകമാവും. ഗ്രൂപ്പ് എയിലെ ഏറ്റ വും ശ്രദ്ധേയമായ മല്‍സരം കൂടിയാണിത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ അമേരിക്ക ജയത്തോടെ തുടങ്ങാനൊരുങ്ങുമ്പോള്‍ കൊളംബിയയും ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.
കോപയ്ക്ക് മുന്നോടിയായി കളിച്ച മൂന്നു സന്നാഹമല്‍സരങ്ങളിലും ജയിക്കാനായത് ജര്‍മന്‍ ഇതിഹാസം യുര്‍ഗന്‍ ക്ലിന്‍സ്മാന്‍ പരിശീലിപ്പിക്കുന്ന അമേരിക്കയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. അവസാനമായി കളിച്ച ഒമ്പതു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ അവര്‍ തോറ്റിട്ടുള്ളൂ.
എന്നാല്‍ ഫിഫ റാങ്കിങില്‍ നാലാമതുള്ള കൊളംബിയ കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു. ജെയിംസ് റോഡ്രിഗസ്, കാര്‍ലോസ് ബാക്ക, യുവാന്‍ ക്വര്‍ഡാഡോ എന്നീ സൂപ്പ ര്‍ താരങ്ങളിലാണ് കൊളംബിയന്‍ പ്രതീക്ഷകള്‍.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss