|    Nov 19 Mon, 2018 5:35 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കോപം പ്രകടിപ്പിച്ചെങ്കില്‍ മനപ്പൂര്‍വമല്ല; മാപ്പ്: ജസ്റ്റിസ് ചെലമേശ്വര്‍

Published : 18th May 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കഴിഞ്ഞ ആറു വര്‍ഷത്തിനും 10 മാസത്തിനും ഇടയില്‍ കോപം കൊണ്ട് ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതു മനപ്പൂര്‍വമല്ലെന്നും മാപ്പു ചോദിക്കുന്നുവെന്നും സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍.
സുപ്രിംകോടതിയുടെ പടിയിറങ്ങുന്നതിന്റെ തലേദിവസം ജസ്റ്റിസ് ചെലമേശ്വറിനെ വാനോളം പുകഴ്ത്തിയ മുതിര്‍ന്ന അഭിഭാഷകര്‍ക്കു നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ആറു വര്‍ഷത്തിനും 10 മാസത്തിനും ഇടയ്ക്ക് ഞാന്‍ ആരോടെങ്കിലും അകാരണമായി കോപം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മനപ്പൂര്‍വമല്ല. ആരോടും വ്യക്തിപരമായി ഒരകല്‍ച്ചയും ഇല്ല. അത് വേണ്ട മുന്‍കരുതലുകള്‍ ഇല്ലാത്തതു കൊണ്ടും ആ സമയത്തെ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടുമാണ്. ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നായിരുന്നു ചെലമേശ്വര്‍ പറഞ്ഞത്. സുപ്രിംകോടതിയിലെ രണ്ടാം നമ്പര്‍ കോടതിമുറിയില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണത്തിനു പിരിയുന്നതിനു മുമ്പായാണ് മുതിര്‍ന്ന അഭിഭാഷകനായ ശാന്തി ഭൂഷണ്‍ ജസ്റ്റിസ് ചെലമേശ്വറിനെ പ്രശംസിച്ച് സംസാരിച്ചത്.
ജസ്റ്റിസ് ചെലമേശ്വര്‍ ധൈര്യശാലിയും ധര്‍മിഷ്ഠനുമാണ്. പെരുമാറ്റവും നിയമപരമായ സമീപനങ്ങളും അദ്ദേഹത്തെ സുപ്രിംകോടതിയിലെ  ഏറ്റവും മികച്ച ജഡ്ജിമാരില്‍ ഒരാളാക്കി മാറ്റുന്നു. താങ്കളുടെ ചിത്രവും ഉടന്‍ തന്നെ ഇവിടെ ഇടംപിടിക്കുമെന്നാണ് എന്റെ പ്രതീക്ഷയെന്നും ശാന്തി ഭൂഷണ്‍ പറഞ്ഞു.
തന്റെ 40 വര്‍ഷക്കാലത്തെ നിയമജീവിതത്തില്‍ താന്‍ ഹാജരായിട്ടുള്ള ഏറ്റവും മികച്ച ജഡ്ജിമാരില്‍ ഒരാളാണ് ജസ്റ്റിസ് ചെലമേശ്വര്‍ എന്നും അദ്ദേഹം പറഞ്ഞു.  തുടര്‍ന്നു മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവേയും അദ്ദേഹത്തെ പ്രശംസിച്ചു. ജസ്റ്റിസ് ചെലമേശ്വറെ പോലുള്ള ന്യായാധിപന്‍മാരുടെ മുന്നില്‍ ഹാജരാവാന്‍ കഴിയുന്നത് അഭിഭാഷകരെ സംബന്ധിച്ച് അന്തസ്സാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം 22നാണ് ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രിംകോടതിയില്‍ നിന്നു വിരമിക്കുന്നത്. കോടതി വേനല്‍ അവധിയിലേക്കു പ്രവേശിക്കുന്നതിനാല്‍ ഇന്നാണ് അദ്ദേഹത്തിന്റെ അവസാന പ്രവ#ത്തി ദിവസം. കീഴ്‌വഴക്കമനുസരിച്ച് ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരുന്ന് അദ്ദേഹം വാദം കേള്‍ക്കും. വിരമിക്കുന്നതിനോട് അനുബന്ധിച്ചു സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ നല്‍കാനിരുന്ന യാത്രയയപ്പില്‍ നിന്ന് ജസ്റ്റിസ് ചെലമേശ്വര്‍ വിട്ടുനിന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss