|    May 25 Thu, 2017 6:15 pm
FLASH NEWS

കോന്നി ബൈപാസ് നിര്‍മാണം അനിശ്ചിതത്വത്തില്‍

Published : 15th October 2016 | Posted By: Abbasali tf

കോന്നി: സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍ കുടുങ്ങി കോന്നി ബൈപാസ്. സര്‍വേ പൂര്‍ത്തിയാക്കി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിച്ചു വരുമ്പോഴാണ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ഇറങ്ങിയതിനുശേഷം ശേഷം മാത്രം തുടര്‍നടപടി മതിയെന്നുകാട്ടി സര്‍ക്കുലര്‍ ഇറങ്ങിയത്.എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ ഉത്തരവ് ഇറങ്ങാത്തതുമൂലം തുടര്‍നടപടി അനിശ്ചിതത്വത്തിലായി. കോന്നിയിലെ ഗതാഗതക്കുരുക്കിനു ശാശ്വതപരിഹാരം കാണാനാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോന്നി ബൈപാസിന് സര്‍ക്കാര്‍ ബജറ്റില്‍ അഞ്ചു കോടി വകയിരുത്തിയത്. ഇതിന്‍ പ്രകാരം പൊതുമരാമത്ത് റോഡ് വിഭാഗം ബൈപാസിന് അനുയോജ്യമായ പാത കടന്നുപോവുന്ന സ്ഥലം കണ്ടത്തെി പ്ലാന്‍ തയ്യാറാക്കി സര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു. ആദ്യ പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞശേഷമാണ് ഈ സ്ഥലത്തുകൂടി കൂടങ്കുളം വൈദ്യുതി ലൈനിന്റെ ടവറുകള്‍ വരുന്നുവെന്ന് മനസ്സിലാക്കിയത്. പിന്നീട് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗവും പവര്‍ഗ്രിഡ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി അലൈന്‍മെന്റില്‍ മാറ്റം വരുത്തി ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി തേടി സര്‍ക്കാറില്‍ പദ്ധതി സമര്‍പ്പിച്ചു. അതിനിടയാണ് സര്‍ക്കാറിന്റെ പുതിയ ഉത്തരവ് ഉണ്ടാവുമെന്ന് സര്‍ക്കുലര്‍ ഇറങ്ങിയത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പൂവന്‍പാറയില്‍നിന്നാരംഭിച്ച് ചേരിമുക്ക് ജങ്ഷനിലത്തെി ഇളകൊള്ളൂര്‍ അമ്പലം വഴി സംസ്ഥാന പാതയുടെ ബ്ലോക്ക്  ഓഫിസിനു സമീപം എത്തിച്ചേരുംവിധമാണ് ബൈപാസ് വിഭാവനം ചെയ്തത്. പൂര്‍ണമായും റോഡ് പാടത്തുകൂടിയാണ് കടന്നുപോവുന്നത്.നാലര കിലോ മീറ്റര്‍ വരുന്ന റോഡിന് 21 മീറ്റര്‍ വീതിയുണ്ടാവും. പാടശേഖരത്ത് കൂടി മാത്രം കടന്നുപോകുന്നതിനാല്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാവുന്നില്ല. ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇനിയുള്ള നാളുകളില്‍ കോന്നിയില്‍ ഗതാഗത പ്രശ്‌നങ്ങള്‍ രൂക്ഷമാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day