|    Mar 30 Thu, 2017 4:38 am
FLASH NEWS

കോന്നി ഇക്കോ ടൂറിസം പദ്ധതിക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ഗുരുതര വീഴ്ച

Published : 27th September 2016 | Posted By: SMR

കോന്നി: കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ അടവി, കോന്നി ആനത്താവളം പദ്ധതി പ്രദേശങ്ങളിലേക്ക് സന്ദര്‍ശകരുടെ തിരക്ക് തുടരുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതില്‍ വനം അധികൃതര്‍ അലംഭാവം കാട്ടുന്നു. ഏറെ ജനശ്രദ്ധയാകര്‍ഷിച്ച രണ്ട് പദ്ധതിപ്രദേശങ്ങളിലേക്കും നൂറുകണക്കിനു സഞ്ചാരികളാണ് ദിനവും വന്നു പോകുന്നത്. എന്നാല്‍ ഒരു വിഭാഗം വനം ഉദ്യോഗസ്ഥര്‍ പദ്ധതിയെ ഇല്ലായ്മ ചെയ്യുന്ന പ്രവൃത്തികളാണ് തുടരുന്നത്.  കേരളത്തിലെ ആദ്യത്തെ കുട്ടവഞ്ചി സവാരികേന്ദ്രമെന്ന പ്രത്യേകതയുള്ള അടവിയില്‍ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട പല പദ്ധതികളുമാണ് അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലും പുതിയ പദ്ധതികള്‍ക്ക് രൂപം നല്കിയിട്ടുണ്ടെങ്കിലും അധികൃതര്‍ അതിനു വേണ്ടുന്ന പ്രാധാന്യം നല്കുന്നില്ല. പൈതൃക മ്യൂസിയത്തിന്റെ വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ഇരുപതോളം കുട്ടവഞ്ചികളാണ് അടവിയില്‍ സഞ്ചാരികള്‍ക്കായി തയാറാക്കിയിട്ടുള്ളത്.
അടവിയിലെത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനും ഇനിയും സൗകര്യമൊരുക്കിയിട്ടില്ല. അടവി പദ്ധതിപ്രദേശത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച ബാംബൂ ഹട്ടുകള്‍ അടുത്തിടെയാണ് തുറന്നു നല്കിയത്. കോന്നി ആനത്താവളത്തിനുള്ളില്‍ നിര്‍ദേശിക്കപ്പെട്ട ട്രീ ഹൗസ്, ചിത്രശലഭ പാര്‍ക്ക്, ബാംബൂ ഗാര്‍ഡന്‍, നിലവിലെ പാര്‍ക്കിന്റെ വിപുലീകരണം എന്നിവയും നടപ്പായിട്ടില്ല. കോന്നി വന മേഖലയുമായി ബന്ധപ്പെടുത്തി നിരവധി പരിസ്ഥിതി സൗഹാര്‍ദ ടൂറിസം പദ്ധതികള്‍ക്ക് കഴിഞ്ഞ കാലത്ത് രൂപം നല്കിയതും ഉദ്യോഗസ്ഥര്‍ നടപ്പാക്കാന്‍ തയാറാകുന്നില്ല. വനമേഖലയുമായി ബന്ധപ്പെട്ട നിര്‍മാണങ്ങളോടു മാത്രമാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് താത്പര്യമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് വിനോദസഞ്ചാര വകുപ്പ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒട്ടനവധി പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴാണ് കോന്നി കാണാനെത്തുന്നവരെ അകറ്റിവിടുന്ന നിലപാടിലേക്ക് വനം അധികൃതര്‍ മാറുന്നത്.
ആനത്താവളത്തില്‍ നിലവിലുള്ള പാര്‍ക്കിന്റെ സമയം ക്രമീകരിച്ച് എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടുവരെ പൊതുജനങ്ങള്‍ക്കായി തുറന്നു നല്കാന്‍ തീരുമാനിച്ചതും നടപ്പായിട്ടില്ല. പാര്‍ക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആനത്താവളത്തിനുള്ളില്‍ കഫേ വനശ്രീയുടെ മേല്‍നോട്ടത്തില്‍ റസ്റ്റോറന്റ് ആരംഭിക്കാനും തീരുമാനിച്ചിരുന്നതാണ്. നിലവിലുള്ള കുട്ടികളുടെ പാര്‍ക്കില്‍ കാലപഴക്കംചെന്ന ഉപകരണങ്ങള്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. തുരുമ്പെടുത്തതും കാലപഴക്കം ചെന്നതുമായ ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കണമെന്നാവശ്യവും അധികൃതര്‍ പരിഗണിച്ചിട്ടില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day