|    Jan 17 Tue, 2017 10:32 am
FLASH NEWS

കോന്നിയിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്ത്

Published : 1st September 2016 | Posted By: SMR

കോന്നി: കോന്നിയില്‍ നിന്നു കാണാതായ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ജില്ലാ പോലിസ് മേധാവിയെ സമീപിച്ചു. പോലിസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാവാതെ വന്നതോടെ ബന്ധുക്കള്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ മാതാപിതാക്കള്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് എസ്പി ഹരിശങ്കറിന് അപേക്ഷ നല്‍കിയത്.
പെണ്‍കുട്ടികളുടെ തിരോധാനത്തില്‍ അതിരുങ്കല്‍ സ്വദേശിയായ യുവാവിന് പങ്കുണ്ടെന്നറിയിച്ച് രക്ഷിതാക്കള്‍ക്ക് ലഭിച്ച കത്തും പോലിസിന് കൈമാറി. പോലിസ് അന്വേഷണത്തില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാമെന്നും എല്ലാവിധ സഹായസഹകരണങ്ങളും നല്‍കാമെന്നും എസ്പി അറിയിച്ചതായി മരിച്ച ആതിരയുടെ പിതാവ് സി രാമചന്ദ്രന്‍ നായര്‍ പ്രതികരിച്ചു. കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായിരുന്ന ആതിര എസ് നായര്‍, ആര്യ കെ സുരേഷ്, എസ് രാജി എന്നിവരെ 2015 ജൂലൈ ഒമ്പതിനാണ് കാണാതായത്. അഞ്ച് ദിവസത്തിനുശേഷം ഒറ്റപ്പാലം മങ്കര റയില്‍വേ ട്രാക്കില്‍ ആതിരയെയും രാജിയെയും മരിച്ചനിലയിലും ആര്യയെ പരിക്കേറ്റ നിലയിലും കണ്ടെത്തി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ചികില്‍സയ്ക്കിടെ നാലുദിവസത്തിനു ശേഷം ആര്യയും മരണത്തിന് കീഴടങ്ങി. പെണ്‍കുട്ടികളുടെ തിരോധാനവും ദുരൂഹമരണവും നടന്നിട്ട് ഒരുവര്‍ഷം കഴിഞ്ഞെങ്കിലും പോലിസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. പെണ്‍കുട്ടികള്‍ വീടുവിട്ട് പോവാനുള്ള കാരണവും മരണത്തിന് ആരെങ്കിലും ഉത്തരവാദികളാണോയെന്നും ഇനിയും വ്യക്തമല്ല. പോലിസ് ഇനിയെങ്കിലും അന്വേഷണത്തില്‍ കണ്ടെത്തിയ വിവരം വെളിപ്പെടുത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കുട്ടികളുടെ മരണത്തിനു കാരണം തേടിയുള്ള യാത്രയില്‍ പോലിസ് യാതൊരു മറുപടിയും നല്‍കിയിട്ടില്ലെന്നും ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. പെണ്‍കുട്ടികളുടെ തിരോധാനത്തില്‍ അതിരുങ്കല്‍ സ്വദേശിയായ യുവാവിന് പങ്കുണ്ടെന്നറിയിച്ച് അടുത്തിടെയാണ് രക്ഷിതാക്കള്‍ക്ക് കത്തുവന്നത്. വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനും പോലിസ് ശ്രമിക്കുന്നുണ്ട്. നിലവില്‍ അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അടൂര്‍ ഡിവൈഎസ്പിയും പിന്നീട് എസ്പി ഉമ ബഹ്‌റയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘവും കേസ് അന്വേഷിച്ചു. നിരവധിപേരെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്‌തെങ്കിലും അന്വേഷണ പുരോഗതിയില്‍ മാറ്റമുണ്ടായില്ല. ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ മനോജ് ഏബ്രഹാം പെണ്‍കുട്ടികളുടെ കുടുംബങ്ങളുടെ പരിമിതികൊണ്ടാണ് നാടുവിടാനുണ്ടായ കാരണമെന്ന് പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ പ്രസ്താവനയെ തുടര്‍ന്ന് അദ്ദേഹത്തെ അന്വേഷണ സംഘത്തലവന്‍ സ്ഥാനത്തുനിന്നും മാറ്റിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക