|    Aug 15 Wed, 2018 2:58 pm
FLASH NEWS
Home   >  Sports  >  Football  >  

കോണ്‍ഫെഡറേഷന്‍ കപ്പ് ആദ്യ സെമിയില്‍ പോര്‍ച്ചുഗലും ചിലിയും നേര്‍ക്കുനേര്‍

Published : 27th June 2017 | Posted By: ev sports

( 28-06-017 രാത്രി 11.30 മുതല്‍ സോണി സിക്‌സ് എച്ച്ഡിയില്‍)


മോസ്‌കോ: നാളെ നടക്കുന്ന ഒന്നാം സെമിയില്‍ കരുത്തരായ പോര്‍ച്ചുഗല്ലും ചിലിയും തമ്മില്‍ കൊമ്പുകോര്‍ക്കും. ലോക ഫുട്‌ബോളിലെ തന്നെ പ്രമുഖ താരങ്ങള്‍ ഇരു ടീമിനൊപ്പം അണിനിരക്കുമ്പോള്‍ മൈതാനത്ത് ആവേശ മല്‍സരം തന്നെ പ്രതീക്ഷിക്കാം.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഒറ്റയാള്‍ പട്ടാളമാണ് പോര്‍ച്ചുഗല്‍ നിരയുടെ കരുത്ത്. ഏത് പ്രതിരോധത്തെയും ഭേദിക്കാന്‍ കെല്‍പ്പുള്ള റൊണാള്‍ഡോയും മികവിനെ ആശ്രയിച്ചായിരിക്കും പോര്‍ച്ചുഗല്ലിന്റെ ഇത്തവണത്തെ ഫൈനല്‍ പ്രവേശനം. മുന്നേറ്റ നിരയില്‍ ആന്‍ഡ്രേ സില്‍വ റൊണാള്‍ഡോയ്‌ക്കൊപ്പം കരുത്തോടെ പൊരുതുമ്പോള്‍ മധ്യനിരിയില്‍ പെരേയ്‌റയും മോട്ടീഞ്ഞോയും ബെര്‍ണാര്‍ഡോ സില്‍വയും അണി നിരക്കും. പ്രതിരോധ നിരയുടെ കാവല്‍ പരിചയ സമ്പന്നനായ പെപ്പെ എറ്റെടുക്കുമ്പോള്‍ ഏത് വമ്പന്‍മാരെയും വിറപ്പിക്കാന്‍ പോന്ന വീര്യം പോര്‍ച്ചുഗല്ലിനുണ്ട്. ഗ്രൂപ്പ് എയിലെ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്ലിന്റെ സെമി പ്രവേശനം. ആദ്യ മല്‍സരത്തില്‍ മെക്‌സിക്കോയോട് 2-2 സമനില പങ്കിടേണ്ടി വന്നെങ്കിലും രണ്ടാം മല്‍സരത്തില്‍ ആതിഥേയരായ റഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് പോര്‍ച്ചുഗല്‍ തറപറ്റിച്ചു. ഗ്രൂപ്പിലെ നിര്‍ണായക മല്‍സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനെ തകര്‍ത്താണ് പോര്‍ച്ചുഗല്‍ സെമി ഫൈനലില്‍ ബൂട്ടുകെട്ടുന്നത്. ഗോള്‍ വേട്ടക്കാരില്‍ റൊണാള്‍ഡോയാണ് മുന്നിലുള്ളത്. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് രണ്ടു ഗോളുകളാണ് താരം സ്വന്തമാക്കിയത്. അതേപോലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമും പോര്‍ച്ചുഗല്ലാണ് മൂന്ന് മല്‍സരങ്ങളില്‍ നിന്നായി ഏഴു ഗോളുകളാണ് റൊണാള്‍ഡോയും സംഘവും വാരിക്കൂട്ടിയത്.
താരസമ്പന്നതയിലും പ്രകടനത്തിലും പോര്‍ച്ചുഗല്ലിനൊടൊപ്പം കട്ടക്ക് നില്‍ക്കുന്ന ടീമാണ് ചിലി. ആഴ്‌സനലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ അലക്‌സീസ് സാഞ്ചസാണ് ടീമിന്റെ കുന്തമുന. മുന്‍നിരയില്‍ പടനയിക്കാന്‍ സാഞ്ചസിറങ്ങുമ്പോള്‍ കരുത്ത് പകരാന്‍ വര്‍ഗാസും ജോസ് ഫ്യുന്‍സലിഡയുമാണ് സാഞ്ചസിനൊപ്പം ഇറങ്ങും. മധ്യനിരയില്‍ സൂപ്പര്‍ താരം ആര്‍ട്യുറോ വിദാല്‍ കളം നിറഞ്ഞ് കളിക്കുന്നതും ചിലിയുടെ വിജയ പ്രതീക്ഷകളെ സജീവമാക്കുന്നു. ഫ്രാന്‍സിസ്‌കോ സില്‍വയും ചാള്‍സ് അരന്‍ഗ്വിസും കരുത്തുപകരാന്‍ മധ്യനിരയില്‍ കളിക്കുമ്പോള്‍ പ്രതിരോധ കോട്ടയുടെ കാവല്‍ മൗറീഷ്യോ ഇസ്‌ല, ഗോണ്‍സാലോ ജാറ, പൗലോ സീസര്‍ ഡിയാസ് ഹ്യൂന്‍കെയ്ല്‍സ് എന്നിവര്‍ക്കാണ്.
ഗ്രൂപ്പ് ബിയില്‍ ജര്‍മനിക്ക് താഴെ രണ്ടാം സ്ഥാനക്കാരായാണ് ചിലി സെമിയിലേക്ക് ടിക്കറ്റെടുത്തത്. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമാണ് ചിലിയുടെ സമ്പാദ്യം. ആദ്യ മല്‍സരത്തില്‍ കാമറൂണിലെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത ചിലി രണ്ടാം മല്‍സരത്തില്‍ ലോക ചാപ്യന്‍മാരായ ജര്‍മനിയോട് 1-1 സമനില പങ്കിട്ടു. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ആസ്‌ത്രേലിയയോട് സമനില ഒപ്പിച്ചെടുത്താണ് ചിലി സെമിയില്‍ പ്രവേശിച്ചത്.
ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയത് 2011ലാണ്. അന്ന് ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനില പങ്കിടുകയായിരുന്നു. കളിമികവും താരസമ്പന്നതയും ഇരു ടീമുകളും അവകാശപ്പെടുമ്പോള്‍ ഫൈനല്‍ സീറ്റ് ലഭിക്കുന്നത് ഭാഗ്യം കൂടി തുണയ്ക്കുന്ന ടീമായിരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss