|    May 25 Thu, 2017 11:44 pm
FLASH NEWS

കോണ്‍ട്രാക്റ്റര്‍മാര്‍ കരിമ്പട്ടികയില്‍; ഉദ്യോഗസ്ഥന്‍ പണം തിരിച്ചടയ്ക്കണം

Published : 1st September 2016 | Posted By: SMR

വാണിമേല്‍: എസ്റ്റിമേറ്റിലുള്ള പണി ചെയ്യാതെ ലക്ഷങ്ങള്‍ അനുവദിച്ചു നല്‍കിയ എന്‍ജിനീയര്‍ പണം തിരിച്ചടയ്ക്കണമെന്ന് നിര്‍ദ്ദേശം. പണിചെയ്യാതെ പണം വാങ്ങിയ കോണ്‍ട്രാക്റ്റര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം. വാണിമേല്‍ പഞ്ചായത്തിലെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഓഡിറ്റില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍.
കൂളിക്കുന്ന് അങ്കണവാടിയുടെ അറ്റകുറ്റപ്പണി നടത്തിയ എം കെ ബാലന്‍, ചിറ്റാരി കളിക്കളം നവീകരിച്ച ജോണി മുല്ലക്കുന്നേല്‍ എന്നിവരെയാണ് കരിമ്പട്ടികയില്‍പെടുത്താന്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ശുപാര്‍ശ ചെയ്തത്. കൂളിക്കുന്ന് അങ്കണവാടിയുടെ ചോര്‍ച്ചമാറ്റാനും പൊട്ടിപ്പൊളിഞ്ഞ വാതിലും ജനലും മാറ്റി പുതിയത് വയ്ക്കാനും നിലം ടൈലിടാനുമായിരുന്നു പദ്ധതി. ഇതിനായി 208500 രൂപ വകയിരുത്തി. ഇതില്‍ 202400 രൂപയാണ് എന്‍ജിനീയര്‍ കോണ്‍ട്രാക്റ്റര്‍ക്കായി ബില്ലനുവദിച്ചത്. എന്നാല്‍, ജനലുകള്‍ മാറ്റുകയോ ചോര്‍ച്ച മാറ്റാന്‍ കോണ്‍ക്രീറ്റ് ചെയ്യുകയോ ഉണ്ടായില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. അങ്കണവാടിയുടെ നിലം ടൈലുപാകിയതിന് 20000 രൂപയും അനുവദിച്ചു.
പണിചെയ്യാതെ നല്‍കിയ 53406 രൂപയും ടൈലുപാകാന്‍ അധികം നല്‍കിയ തുകയും പലിശ സഹിതം നിര്‍വഹണ ഉദ്യോഗസ്ഥനില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. കോണ്‍ട്രാക്റ്റര്‍ എം കെ ബാലനെ കരിമ്പട്ടികയില്‍ പെടുത്തി നിയമനടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. വാണിമേല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയാണ് ബാലന്‍. പട്ടികവര്‍ഗ ഉപപദ്ധതിയില്‍പെടുത്തിയാണ് ചിറ്റാരി സ്‌കൂള്‍ ഗ്രൗണ്ടിലെ വോളിബോള്‍ കോര്‍ട്ട് നിര്‍മാണം നടത്തിയത്. എന്നാല്‍, 128000 രൂപയുടെ പ്രവൃത്തികള്‍ മാത്രം ചെയ്തതിന് 260000 രൂപയാണ് കരാറുകാരന് എന്‍ജിനീയര്‍ അനുവദിച്ചത്.
വോളിബോള്‍ കോര്‍ട്ടിന്റെ പോസ്റ്റ് പോലും സ്ഥാപിച്ചിട്ടില്ല. കോര്‍ട്ടില്‍ മണല്‍ നിറക്കുന്നതിന് 72000 രൂപ കരാറുകാരന് അനുവദിച്ചു നല്‍കിയിട്ടുണ്ട്  എന്നാല്‍, കോര്‍ട്ടില്‍ മണല്‍ നിറച്ചിട്ടില്ലെന്ന് സ്ഥലം പരിശോധനയില്‍ വ്യക്തമായി. ചെയ്യാത്ത പണിക്കനുവദിച്ച 133000 രൂപ പലിശ സഹിതം ഈടാക്കാനും കരാറുകാരന്‍ ജോണിയെ കരിമ്പട്ടികയില്‍ പെടുത്തി നിയമനടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം ഓഡിറ്റ് ചെയ്തതില്‍ വ്യാപകമായ ക്രമക്കേടുകള്‍ ഓഡിറ്റര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.
പഞ്ചായത്ത് എന്‍ജിനീയറുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തിയ അഞ്ചു പ്രവൃത്തികളിലും ക്രമക്കേടുകള്‍ ഉള്ളതായി ഓഡിറ്റര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ നിന്ന് മാത്രം നിര്‍വഹണ ഉദ്യോഗസ്ഥനായ എന്‍ജിനീയര്‍മാര്‍ ആറുലക്ഷം രൂപ തിരിച്ചടക്കണം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ 30 പ്രവൃത്തികളുടെ ഫയലുകള്‍ ഓഡിറ്റര്‍മാര്‍ക്ക് നല്‍കിയിട്ടില്ല. ഇവ അടിയന്തരമായി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷത്തെ പദ്ധതികളില്‍ ക്രമക്കേടുകള്‍ കണ്ടതിനാല്‍ 1.40 കോടി രൂപയുടെ പ്രവൃത്തികള്‍ ഓഡിറ്റ് തടസ്സം നേരിടുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day