|    Oct 19 Fri, 2018 3:29 pm
FLASH NEWS

കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം; പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്തു

Published : 15th September 2017 | Posted By: fsq

 

പെരിയ: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കല്ല്യോട്ട്, പെരിയ, നിടുവോട്ട്പാറ എന്നിവിടങ്ങളില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. കോണ്‍ഗ്രസ് അനുഭാവികളുടെ വാദ്യകലാ സംഘം ഓഫിസും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള എകെജി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും തീവച്ചും അടിച്ചും തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി 10.45ഓടെയാണ് അക്രമം തുടങ്ങിയത്. കോണ്‍ഗ്രസ്സിന് ഭൂരിപക്ഷമുള്ള കല്ല്യോട്ടെ യുവജനവാദ്യകലാസംഘം, വായനശാല എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ഒരു സംഘം തീയിടുകയായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ സംഘം അക്രമം നടത്തുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തീവെപ്പിന്റെ തൊട്ടുപിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ളതും അടുത്തമാസം മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചതുമായ കല്ല്യോട്ട് എകെജി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കെട്ടിടം അടിച്ചുതകര്‍ത്തു. കെട്ടിടത്തിന്റെ മുന്‍വശത്തെ തേക്ക് കൊണ്ടുള്ള വാതില്‍ തകര്‍ത്ത് അകത്തുകടന്ന് ടൈല്‍സ് കുത്തിയിളക്കി നശിപ്പിക്കുകയും ഫര്‍ണിച്ചറുകളും വയറിങും തകര്‍ക്കുകയും ചെയ്തു. കല്ല്യോട്ട് സംഭവത്തിന്റെ തുടര്‍ച്ചയായി നിടുവോട്ട്പാറയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി മന്ദിരവും മുത്തനടുക്കത്ത് കോണ്‍ഗ്രസ് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. പെരിയ ബസ് സ്റ്റോപ്പിനടുത്ത് ദേശീയപാതയോരത്തുള്ള ഇന്ദിരാഭവന്റെ ജനല്‍ ചില്ലുകളും തകര്‍ത്തു. വാദ്യകലാസംഘം കെട്ടിടത്തിന് നേരെയുണ്ടായ തീവെപ്പില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രദേശത്ത് വന്‍ പോലിസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കല്ല്യോട്ട് കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കല്ല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ബസ് അനുവദിച്ച കെ കുഞ്ഞിരാമന്‍ എംഎല്‍എക്ക് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്. സ്‌കൂളിന് ബസ് അനുവദിച്ചതില്‍ രാഷ്ട്രീയം കലര്‍ത്താന്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് ബുധനാഴ്ച രാവിലെ ബാനര്‍ സ്ഥാപിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതിനിടെ അക്രമം നടന്ന സിപിഎം ഓഫിസ് സന്ദര്‍ശിക്കാനെത്തിയ കെ കുഞ്ഞിരാമന്‍ എംഎല്‍എ അക്രമികളുടെ കൈ വെട്ടണമെന്ന് അനുയായികളോട് പറഞ്ഞ സംഭവം വിവാദമായിട്ടുണ്ട്. അക്രമം തടയേണ്ട സ്ഥലം എംഎല്‍എ തന്നെ അക്രമത്തിന് നേതൃത്വം കൊടുക്കുകയാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. നിലവില്‍ രാഷ്ട്രീയ സംഘര്‍ഷം ഇല്ലാത്ത കല്ല്യോട്ട് സംഘര്‍ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ചുവപ്പ് ബാനറില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും സ്‌കൂള്‍ ബസ് അനുവദിച്ച ബാനര്‍ പ്രദേശ വാസികള്‍ എതിര്‍ത്തിട്ടും സിപിഎം സ്ഥാപിക്കാന്‍ മുതിര്‍ന്നതെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. അതേസമയം സ്ഥലത്ത് അക്രമം നടത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റേതെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss