|    Mar 27 Mon, 2017 8:22 pm
FLASH NEWS

കോണ്‍ഗ്രസ് സഖ്യത്തെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത രൂക്ഷം; കടുത്ത വിമര്‍ശനവുമായി ബംഗാള്‍ സംസ്ഥാന കമ്മിറ്റി

Published : 14th July 2016 | Posted By: SMR

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്ന് സിപിഎമ്മില്‍ രൂപം കൊണ്ട പ്രതിസന്ധി രൂക്ഷമായി. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാടിനെ ബംഗാള്‍ ഘടകം ചോദ്യം ചെയ്തു. മുമ്പെങ്ങുമില്ലാത്തവിധമാണ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിരിക്കുന്നത്. ഇത്തരമൊരവസ്ഥ പാര്‍ട്ടി ഇതുവരെ നേരിട്ടിട്ടില്ല. ഏതെങ്കിലും പ്രശ്‌നത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ സംവാദം നടക്കുന്നത് സാധാരമാണ്. എന്നാല്‍, കേന്ദ്ര കമ്മിറ്റി തീരുമാനത്തെ ഒരു സംസ്ഥാന കമ്മിറ്റി തുറന്നെതിര്‍ക്കുന്നത് ഇതാദ്യമായാണ് – ഒരു മുതിര്‍ന്ന കേന്ദ്ര കമ്മിറ്റി അംഗം പറഞ്ഞു.
പശ്ചിമബംഗാളില്‍ പ്രത്യേക സാഹചര്യമാണ് ഉള്ളത്. അതുകൊണ്ടുതന്നെയാണ് പാര്‍ട്ടി അസാധാരണമായ തീരുമാനമെടുത്തത്. ജനാധിപത്യ സംരക്ഷണത്തിനുവേണ്ടിയാണ് കോണ്‍ഗ്രസ്സുമായി ചേര്‍ന്നത്. നേതൃത്വം ഇത് മനസ്സിലാക്കേണ്ടിയിരുന്നു. എന്നാല്‍, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ തങ്ങളെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. ഞങ്ങള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈന്‍ ലംഘിച്ചുവെന്നാണ് അവര്‍ കുറ്റപ്പെടുത്തുന്നത്. പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ദിവസവും കൊല്ലപ്പെടുകയും പാര്‍ട്ടിയുടെ അസ്തിത്വം തന്നെ ഭീഷണി നേരിടുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? അദ്ദേഹം ചോദിച്ചു.
കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി അടക്കം പോളിറ്റ് ബ്യൂറോയിലെ മുതിര്‍ന്ന അംഗങ്ങള്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി ലൈന്‍ നടപ്പാക്കുന്നതിനെപ്പറ്റിയാണ് അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടന്നത്. കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ തോല്‍പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയ സാഹചര്യത്തില്‍ സംസ്ഥാനഘടകം സ്വീകരിച്ച നിലപാട് തിരുത്തണമെന്നാണ് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടത്. ഈ തീരുമാനം നടപ്പാക്കാനാണ് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍, കേന്ദ്ര നേതൃത്വത്തിനെതിരേ കടുത്ത നിലപാടാണ് സംസ്ഥാന ഘടകം സ്വീകരിച്ചത്.
കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം ഏകപക്ഷീയവും കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെ പിന്തുണയ്ക്കുന്ന ബംഗാളിലെ 2.15 കോടി വോട്ടര്‍മാരെ അപമാനിക്കുന്നതുമാണെന്നാണ് പശ്ചിമബംഗാള്‍ ഘടകം പറയുന്നത്.
പശ്ചിമബംഗാള്‍ നേതൃത്വത്തിന്റെ വികാരങ്ങള്‍ മാനിക്കാന്‍ കേന്ദ്ര നേതൃത്വം ഇതിനു മുമ്പും തയാറായിരുന്നില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day