|    Nov 17 Sat, 2018 2:11 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോണ്‍ഗ്രസ് വിട്ട ജി രാമന്‍നായര്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

Published : 4th November 2018 | Posted By: kasim kzm

കോട്ടയം: കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി രാമന്‍നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വനിതാ കമ്മീഷന്‍ അംഗമായിരുന്ന ഡോ. പ്രമീളാ ദേവിയെ ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായും നിയമിച്ചിട്ടുണ്ട്. കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്ന രാമന്‍നായര്‍ അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ശബരിമല സംരക്ഷണ സഭയും പ്രതിജ്ഞയും ഉദ്ഘാടനം ചെയ്യവെ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയാണു പാര്‍ട്ടിയിലേക്ക് വന്നവരുടെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുമെന്നു സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് തീരുമാനമാവാത്തിനാലാണു നേതാക്കളുടെ പേരുവിവരങ്ങള്‍ പുറത്തുവിടാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. പല കെപിസിസി ഭാരവാഹികളുമായും ചര്‍ച്ച നടത്തി. ശബരിമല പ്രക്ഷോഭം ശക്തമായതോടെ വിശ്വാസികളായ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി പാളയത്തിലേക്കെത്തും. ആരുവന്നാലും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ രാമന്‍നായരെ എഐസിസി നേതൃത്വം സസ്‌പെന്റ് ചെയ്തിരുന്നു.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ബിജെപി നടത്തിയ ഉപവാസസമരം അന്ന് കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്ന രാമന്‍നായരാണ് ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെയാണ് രാമന്‍നായരെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്റ് ചെയ്തത്. പിന്നീട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത ചടങ്ങിലാണു രാമന്‍നായരും പ്രമീളാ ദേവിയും അടക്കമുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ലബ്ധിയില്‍ സന്തോഷമുണ്ടെന്ന് ജി രാമന്‍നായര്‍. വൈകാതെ പ്രമുഖരായ പല നേതാക്കളും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss