|    Jul 20 Fri, 2018 8:23 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

കോണ്‍ഗ്രസ് മുക്ത യജ്ഞം ഒരു മാനിഫെസ്റ്റോ

Published : 6th August 2017 | Posted By: fsq

കോണ്‍ഗ്രസ് മുക്ത ഭാരതം എങ്ങനെ യാഥാര്‍ഥ്യമാക്കാം എന്ന വിഷയം സംബന്ധിച്ച് ധാരാളം ഗവേഷണം നടക്കുന്ന കാലമാണിത്. നാഗ്പൂരിലെ ഹിന്ദുത്വ വല്യമ്മാവന്റെ കാര്യാലയത്തിലാണ് ഗവേഷണം.  പണ്ടൊക്കെ കോണ്‍ഗ്രസ്സുകാരെ കെട്ടുകെട്ടിക്കും എന്ന് കമ്മ്യൂണിസ്റ്റുകള്‍ വീമ്പിളക്കാറുണ്ട്. കോണ്‍ഗ്രസ്സുകാര്‍ തിരിച്ചും അങ്ങനെ പറയാറുണ്ട്. രണ്ടു പാര്‍ട്ടികളും അങ്ങനെ പറയാന്‍ മല്‍സരിച്ചെങ്കിലും ആരും കെട്ടുകെട്ടിയില്ല. മേല്‍പ്പറഞ്ഞതു കേരളത്തിന്റെ കാര്യമാണ്. എന്നാല്‍, കോണ്‍ഗ്രസ്സിനെയും കമ്മ്യൂണിസ്റ്റുകളെയും ഒന്നിച്ചു കെട്ടുകെട്ടിച്ച് രാജ്യത്താകെ താമരക്കൊടി പാറിക്കാനാണ് ആര്യബ്രാഹ്മണകക്ഷിയുടെ ശ്രമം. ഈ ശ്രമം വിജയിക്കുന്നതോടെ ഹിന്ദുക്കളെ ഒന്നടങ്കം വിമോചിപ്പിച്ച് രാമരാജ്യത്തിലേക്കു നയിക്കാം. ഇതിനെ രാമരാജ്യവിപ്ലവം എന്നു വിളിക്കാം. ക്വിറ്റ് ഇന്ത്യാ വിപ്ലവം, ഒക്ടോബര്‍ വിപ്ലവം എന്നൊക്കെ വിളിക്കാമെങ്കില്‍ രാമരാജ്യവിപ്ലവം എന്ന് എന്തുകൊണ്ട് വിശേഷിപ്പിച്ചുകൂടാ! ആദ്യം കോണ്‍ഗ്രസ്, പിന്നെ കമ്മ്യൂണിസ്റ്റ് എന്ന ലക്ഷ്യത്തോടെയാണ് വിപ്ലവപ്രയാണം. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കര്‍ണാടകയില്‍ സംഭവിക്കുന്നതെന്ന് സംഘി വിരോധികള്‍ പെരുമ്പറയടിക്കുന്നുണ്ട്. അവിടെ മന്ത്രിയുടെയും കൂട്ടാളികളുടെയും ഒളിത്താവളങ്ങളില്‍നിന്ന് 15 കോടി രൂപ പിടികൂടിയിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ പടക്കുതിരകളെ സമ്മതിക്കുക തന്നെ വേണം. ഒളിത്താവളം എന്ന് പ്രയോഗിക്കുന്നതില്‍ കോണ്‍ഗ്രസ്സിന് പ്രതിഷേധമുണ്ടാവും. മന്ത്രിയുടെ ഔദ്യോഗിക വസതി എങ്ങനെ ഒളിത്താവളമാവും എന്ന ചോദ്യവും ഉയരാനിടയുണ്ട്. മന്ത്രി തമിഴ് പുലിയോ നക്‌സല്‍ ആതംഗവാദിയോ മറ്റോ ആണോ ആശാനേ? ഇവിടെ ഒരു മുന്‍കൂര്‍ ജാമ്യം ആവശ്യമാണ്. കേന്ദ്രസേനയെ തോക്കുകളോടെ നിര്‍ത്തിയിട്ടാണ് മന്ത്രിവസതിയില്‍ റെയ്ഡ് നടത്തിയത്. ഒളിത്താവളങ്ങള്‍ അല്ലാത്തിടത്ത് കേന്ദ്രസേനയ്ക്ക് എന്തുകാര്യം? ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒളിച്ചുതാമസിക്കുന്ന റിസോര്‍ട്ടില്‍ ആദായനികുതി ഏമാന്‍മാര്‍ എത്തിയതിന്റെ ഗുട്ടന്‍സ് ബഡാ പരുന്തും മഹാവില്ലനുമായ കോരന് പിടികിട്ടിയിട്ടില്ല. മന്ത്രിയുടെ ഒളിത്താവളത്തില്‍നിന്ന് റിസോര്‍ട്ടിലേക്ക് ഭൂമിക്കടിയിലൂടെ ഒരു പാത നിര്‍മിച്ചിട്ടുണ്ടെന്ന് ആദായനികുതി പിരിച്ച് രാഷ്ട്രത്തെ സേവിക്കുന്ന പാവം ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ സന്ദേശം കിട്ടിയിരുന്നു. ഒളിത്താവളത്തില്‍ രഹസ്യ പാതയുടെ തുടക്കം കണ്ടെത്താനായില്ല. അതിനാലാണ് റിസോര്‍ട്ടില്‍ എത്തിയത്. അവിടെ പാതയുടെ ഒടുക്കവും കണ്ടെത്തിയില്ല. അതായത് തുടക്കവും ഒടുക്കവുമില്ലാത്ത ഒരു തിരച്ചിലായിപ്പോയി അത്. മന്ത്രിയുടെ വസതി റെയ്ഡ് ചെയ്തതില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വെളിച്ചപ്പാടുകളായി എന്നാണു വാര്‍ത്ത. ആര്യബ്രാഹ്മണ കക്ഷിയുടെ രാഷ്ട്രീയ പകപോക്കലാണ് നാറ്റക്കേസിനു പിന്നിലെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്. പാര്‍ലമെന്റില്‍ ഉറഞ്ഞുതുള്ളിയത് നന്നായെന്നും അങ്ങനെയെങ്കിലും മേലനങ്ങാനായല്ലോ എന്നാണ് കോണ്‍ഗ്രസ്സുകാര്‍ സമാധാനിക്കേണ്ടതെന്നുമാണ് ബ്രാഹ്മണകക്ഷി ഗീര്‍വാണമടിക്കുന്നതത്രേ. മ്മക്ക് മേലനങ്ങാന്‍ ധാരാളം പണിയുണ്ട്. ഗോരക്ഷാ ചാട്ടവാര്‍, ഘര്‍വാപസി, രാമക്ഷേത്രം, ദലിത് മര്‍ദനം, സിപിഎമ്മുമായുള്ള ഗുസ്തി തുടങ്ങിയ ആപ്തവാക്യങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം പണിയോട് പണിതന്നെ. അരുണാചല്‍പ്രദേശില്‍ ഗവര്‍ണര്‍ ചാവേര്‍പ്പടയായി കോണ്‍ഗ്രസ്സിനെ ചപ്ലീസാക്കി. മ്മള് ഭരണം പിടിച്ചു. ഗോവയിലും മണിപ്പൂരിലും ബല്യകക്ഷിയായിട്ടും അവന്‍മാരെ കുത്തിമലര്‍ത്തി, മ്മള് താമര പാറിച്ചില്ലേ! ഗുജറാത്തില്‍ അഹ്മദ് പട്ടേല്‍ എന്ന അഹമ്മതിക്കാരനുണ്ട്. ആ ചങ്ങാതിയെ രാജ്യസഭ കയറാന്‍ ഇനി അനുവദിക്കാനാവില്ല. മദാമ്മയുടെ വലംകൈയായ ഭീകരനാണ്. ഭാഗ്യവശാല്‍ ചില കോണ്‍ഗ്രസ് എംഎല്‍എമാരും അങ്ങനെ ചിന്തിച്ചുകാണുന്നു. മഹാന്‍മാര്‍ ഒരുപോലെ ചിന്തിക്കുന്നു എന്നാണല്ലോ ഏതോ ഒരു പഹയന്‍ പറഞ്ഞത്. കോണ്‍ഗ്രസ് മുക്ത യജ്ഞം എന്ന മുദ്രാവാക്യം ആദായനികുതിക്കാര്‍ ഏറ്റുപറയുന്നത് അല്‍പം ബഡാ സന്തോഷം തന്നെയാണ്. അടുത്ത കൊല്ലം കന്നഡനാട്ടില്‍ ഇലക്ഷനാണ് ബലാലെ. കോണ്‍ഗ്രസ് മുക്ത യജ്ഞം ഒരു മാനിഫെസ്റ്റോ എന്ന കിത്താബ് നാഗ്പൂരിലെ വല്യമ്മാവന്റെ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും ഇതിനാല്‍ അറിയിക്കുന്നു. ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss