|    Dec 13 Wed, 2017 2:57 pm
FLASH NEWS

കോണ്‍ഗ്രസ് പ്രസിഡന്റിനെ നിയമിച്ചതിനെച്ചൊല്ലി പോര്

Published : 1st July 2016 | Posted By: SMR

പൊന്നാനി: പൊന്നാനി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കനത്ത പരാജയത്തെ തുടര്‍ന്ന് വെളിയംകോട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി അബൂബക്കര്‍ രാജി വച്ച ഒഴിവിലേക്ക് എ ഗ്രൂപ്പുകാരനായ ടി പി കേരളീയനെ തിരഞ്ഞെടുത്തതിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി.
പാര്‍ട്ടി വിരുദ്ധ നടപടിക്ക് സസ്‌പെന്‍ഷന്‍ നേരിട്ട ടി പി കേരളീയനെ മണ്ഡലം പ്രസിഡന്റാക്കിയതില്‍ ഐ ഗ്രൂപ്പും എ ഗ്രൂപ്പിലെ ഒരു വിഭാഗവുമാണ് രംഗത്ത് വന്നിട്ടുള്ളത്. ഇന്നലെയാണ് ടി പി കേരളീയനെ പ്രസിഡന്റാക്കി നിയമിച്ച് ഡിസിസി ഉത്തരവിറക്കിയത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്നത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി ടി അജയ് മോഹനെ തോല്‍പ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ടി പി കേരളീയനാണെന്ന് പാര്‍ട്ടി തന്നെ ആരോപിച്ചിരുന്നു. ഇതിനു പുറമെ 2010ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വെളിയംകോട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വാലില്‍ ഖലീലിനെ തോല്‍പ്പിക്കാന്‍ ഇന്നത്തെ സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറിയായ എന്‍ കെ സൈനുദ്ദീന് വേണ്ടി പരസ്യമായി പ്രചാരണത്തിനിറങ്ങുകയും ചെയതിരുന്നു ടി പി കേരളീയന്‍.
ഇത് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരമൊരാളെ മണ്ഡലം പ്രസിഡന്റായി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നല്ലൊരു വിഭാഗം പ്രവര്‍ത്തകരുടെയും നിലപാട്. ഐ ഗ്രൂപ്പുകാരനായ ടി അബൂബക്കര്‍ മണ്ഡലം പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോള്‍ ആ സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് പരിഗണിച്ചിരുന്നത് പാടിയേടത്ത് മജീദിനെയായിരുന്നു. എ ഗ്രൂപ്പുകാര്‍ ഷാജി കാളിയത്തിനെയുമാണ് പരിഗണിച്ചിരുന്നത്.
എന്നാല്‍, ഇത് രണ്ടും തള്ളിക്കൊണ്ട് ഡിസിസി മെംബര്‍ കൂടിയായ ടി പി കേരളിയനെ മണ്ഡലം പ്രസിഡന്റാക്കി നിയമിക്കുകയായിരുന്നു. കേരളീയന്‍ മണ്ഡലം പ്രസിഡന്റാകുന്നതോടെ ഒഴിവുവരുന്ന ഡിസിസി മെംബര്‍ സ്ഥാനത്തേക്ക് എരമംഗലത്തുള്ള മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ പരിഗണിക്കാനാണ് നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക