|    Apr 21 Sat, 2018 11:29 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു; രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക്

Published : 8th November 2016 | Posted By: SMR

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് പ്രവര്‍ത്തക സമിതി യോഗം. ഇന്നലെ ഡല്‍ഹിയില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗം ഐകകണ്‌ഠ്യേനയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്ഥാനം ഏറ്റെടുക്കാന്‍ രാഹുലിന് ഇതാണ് ഏറ്റവും നല്ല സമയമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യം പ്രവര്‍ത്തക സമിതിയൊന്നടങ്കം രാഹുലിനോട് ആവശ്യപ്പെട്ടതായും മോദിയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരേ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചുകൂട്ടി പോരാടേണ്ട സമയമാണിതെന്ന കാഴ്ചപ്പാടാണ് പ്രവര്‍ത്തക സമിതി പുലര്‍ത്തിയതെന്നും ആന്റണി പറഞ്ഞു. പാര്‍ട്ടിയുടെ ഈ പൊതുവികാരം ആദ്യമായാണ് ഐകകണ്‌ഠ്യേന ഉയര്‍ത്തുന്നതെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയാണെന്നും ആന്റണി പറഞ്ഞു. സുഖമില്ലാത്തതിനാല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാഗാന്ധി പങ്കെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ഇരുണ്ട കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് യോഗത്തില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങളോട് വിയോജിക്കുന്നവരെയെല്ലാം അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തി നിശ്ശബ്ദരാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കുന്നത് ഈ സര്‍ക്കാരിന് അസ്വസ്ഥതയുണ്ടാക്കുന്നു. അവരുടെ കൈയില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതുകൊണ്ടാണത്. സര്‍ക്കാരിന്റെ ഈ പരാജയം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തുറന്നുകാട്ടുമെന്നും രാഹുല്‍ പറഞ്ഞു.
വിരമിച്ച സൈനികരോട് ഹൃദയശൂന്യമായാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നു ചൂണ്ടിക്കാട്ടിയ രാഹുല്‍, എന്‍ഡിടിവിക്ക് ഒരു ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെയും രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാത്തതുകൊണ്ട് പ്രതിപക്ഷത്തെ ശിക്ഷിക്കുകയാണ് മോദി ചെയ്യുന്നത്. ജനങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തെ അധികാരം ഉപയോഗിച്ച് തടയാനുള്ള നീക്കം അനുവദിക്കില്ലെന്നും ഇത്തരത്തിലുള്ള അപകടകരമായ നീക്കം ചെറുക്കുമെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യ നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവനയെ യോഗം അപലപിച്ചു. പാര്‍ലമെന്റ് സമ്മേളനത്തില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍, ജമ്മു-കശ്മീര്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സംബന്ധിച്ച് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തതായും യോഗം ആരോപിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏതു പദവിയും ഏറ്റെടുക്കാന്‍ രാഹുല്‍ സജ്ജമാണെന്ന് കോണ്‍ഗ്രസ് നേതാവ് ആര്‍ എസ് സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss