|    Mar 30 Thu, 2017 10:14 pm
FLASH NEWS

കോണ്‍ഗ്രസ് പ്രതിനിധികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ മാര്‍ഗരേഖ

Published : 21st August 2016 | Posted By: SMR

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി നിയന്ത്രണം കൊണ്ടുവരും. ബ്ലോക്ക് കമ്മിറ്റി മുതല്‍ മുകളിലേക്കുള്ള കമ്മിറ്റികളുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാവും ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളുടെ പ്രവര്‍ത്തനം. ജനപ്രതിനിധികള്‍ക്കായി കൊച്ചിയില്‍ സംഘടിപ്പിച്ച സദ്ഭാവനാ സംഗമത്തില്‍ ഇതിനുള്ള മാര്‍ഗരേഖ അവതരിപ്പിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വച്ചെടുക്കുന്ന പ്രവണത പ്രോല്‍സാഹിപ്പിക്കില്ല. എന്നാല്‍, നേതൃമാറ്റത്തിനു കരാര്‍ ഉള്ള സ്ഥലങ്ങളില്‍ അതു പാലിക്കണം. ഇടതു കക്ഷികളുമായോ ബിജെപിയുമായോ ഒരു തരത്തിലും ധാരണയുണ്ടാക്കാന്‍ പാടില്ല. എന്നാല്‍, മാണി ഗ്രൂപ്പുമായി നിലവിലുള്ള ധാരണകള്‍ തുടരണമെന്നും നിര്‍ദേശം നല്‍കി. ജനപ്രതിനിധികള്‍ പാര്‍ട്ടി കമ്മിറ്റികളെക്കാള്‍ മുകളിലാണെന്ന ധാരണ ആര്‍ക്കും വേണ്ടെന്നും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും പാര്‍ലമെന്ററി പാര്‍ട്ടിയും പാര്‍ട്ടി കമ്മിറ്റിയും തമ്മില്‍ ഏകോപനം വേണമെന്നുമാണു മറ്റൊരു നിര്‍ദേശം.
ജനപ്രതിനിധികള്‍ പാര്‍ട്ടി കമ്മിറ്റികള്‍ക്കു വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. തദ്ദേശ സ്വയംഭരണ സമിതി യോഗത്തിനു മുമ്പു പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരണം. യോഗത്തിലെ തീരുമാനങ്ങള്‍ ഒരു കാരണവശാലും മാറ്റാന്‍ പാടില്ല. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ജനപ്രതിനിധികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടതു പാര്‍ട്ടികളിലെപ്പോലെ കോണ്‍ഗ്രസ്സുകാരായ ജനപ്രതിനിധികളും ഇനി പാര്‍ട്ടി ലെവി നല്‍കേണ്ടിവരുമെന്നതാണു ശ്രദ്ധേയമായ നിര്‍ദേശം. ക്വാറി, മണ്ണു ഖനനം, മണല്‍ വാരല്‍ തുടങ്ങി പരാതികളുയരാന്‍ ഇടയുള്ള മേഖലകളില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ സമിതികള്‍ ലൈസന്‍സ് നല്‍കുമ്പോള്‍ സ്വീകരിക്കേണ്ട നയം, തദ്ദേശ സ്ഥാപനങ്ങളുടെ ഓരോ തലവും പാര്‍ട്ടിയിലെ ഏതു ഘടകവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കണം തുടങ്ങിയ കാര്യങ്ങളും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day