|    Jan 18 Wed, 2017 9:49 am
FLASH NEWS

കോണ്‍ഗ്രസ് പുനസ്സംഘടന; നേതാക്കള്‍ ഡല്‍ഹിയിലേക്ക്

Published : 14th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് പുനസ്സംഘടനാ വിഷയം ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലേക്ക്. കെഎസ്‌യു തിരഞ്ഞെടുപ്പ്, യൂത്ത് കോണ്‍ഗ്രസ് പുനസ്സംഘടന, ഡിസിസി പ്രസിഡന്റുമാരുടെ നിയമനം എന്നീ വിഷയങ്ങളില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ ഡല്‍ഹിയിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തും.
പുനസ്സംഘടനയും കേരളത്തിലെ രാഷ്ട്രീയസാഹചര്യങ്ങളും ചര്‍ച്ചാവിഷയമാവും. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ഉമ്മന്‍ചാണ്ടി എന്നിവരും അടുത്തദിവസങ്ങളില്‍ ഡല്‍ഹിക്കു പോവുന്നുണ്ട്. ഡിസിസി പ്രസിഡന്റുമാരുടെ നിയമനകാര്യത്തില്‍ നേരത്തേ തീരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെ പേരുകള്‍ സംബന്ധിച്ചു ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. ഈ മാസം അഞ്ചിനകം പേര് നല്‍കണമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. എന്നാല്‍, ഇതിനു ഗ്രൂപ്പുകള്‍ വിമുഖത കാട്ടുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
എ, ഐ ഗ്രൂപ്പുകള്‍ അവരവരുടെ നോമിനികളുടെ ലിസ്റ്റ് നല്‍കിയാല്‍ സമവായമെന്ന നിലയില്‍ എഐസിസിയും സുധീരനും ഇടപെട്ട് അവരുടെ ഇഷ്ടക്കാരെ നിയമിച്ചേക്കുമെന്ന ആശങ്കയാണ് ഗ്രൂപ്പുകള്‍ക്കുള്ളത്.
ഈ പ്രശ്‌നങ്ങളും കെഎസ്‌യു തിരഞ്ഞെടുപ്പും കഴിഞ്ഞദിവസം ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും ചര്‍ച്ചയായിരുന്നു. ഈ യോഗത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളും തീരുമാനങ്ങളും നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക