|    Jan 22 Sun, 2017 1:14 am
FLASH NEWS

കോണ്‍ഗ്രസ് പട്ടികയില്‍ മാറ്റം; സ്ഥാനാര്‍ഥിപ്പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചു 

Published : 10th April 2016 | Posted By: SMR

തിരുവനന്തപുരം: പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ മഹിളാ കോണ്‍ഗ്രസ്സിനും ഐഎന്‍ടിയുസിക്കും പ്രാതിനിധ്യം നല്‍കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ അഴിച്ചുപണി. മുമ്പു പ്രഖ്യാപിച്ച പട്ടികയില്‍ ദേവികുളത്തും ഒറ്റപ്പാലത്തും മാറ്റംവരുത്തി. ദേവികുളത്ത് ആര്‍ രാജാറാമിന് പകരം എ കെ മണിയും ഒറ്റപ്പാലത്ത് ശാന്ത ജയറാമിനു പകരം ഷാനിമോള്‍ ഉസ്മാനുമാണ് സ്ഥാനാര്‍ഥികള്‍.
പൊതുസ്വതന്ത്രരെ മല്‍സരിപ്പിക്കാന്‍ ഒഴിച്ചിട്ട കാഞ്ഞങ്ങാട്, കല്യാശ്ശേരി, പയ്യന്നൂര്‍ സീറ്റുകളില്‍ നിലവിലുള്ള പട്ടികയ്ക്ക് പരിഗണന നല്‍കി. കാഞ്ഞങ്ങാട്ട് ധന്യ സുരേഷും കല്യാശ്ശേരിയില്‍ അമൃത രാമകൃഷ്ണനും പയ്യന്നൂരില്‍ സാജിദ് മൗവലുമാണ് സ്ഥാനാര്‍ഥികള്‍. കെപിസിസി സമര്‍പ്പിച്ച സാധ്യതാ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചതായി വാര്‍ത്താകുറിപ്പില്‍ എഐസിസി അറിയിച്ചു.
കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ കയ്പമംഗലം സീറ്റ് ആര്‍എസ്പിക്ക് തന്നെ നല്‍കാന്‍ ധാരണയായി. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന ഐഎന്‍ടിയുസി നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ദേവികുളത്ത് എ കെ മണിയെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ഐഎന്‍ടിയുസി പ്രാതിനിധ്യപ്രശ്‌നം പരിഹരിക്കാമെന്ന് കണക്കുകൂട്ടിയെങ്കിലും കാഞ്ഞങ്ങാട് സീറ്റും വേണമെന്നാണ് ഐഎന്‍ടിയുസി നിലപാട്. എന്നാല്‍, വനിതാ പ്രാതിനിധ്യം ചൂണ്ടിക്കാട്ടി ഈ ആവശ്യം കോണ്‍ഗ്രസ് തള്ളി.
എങ്കില്‍ തവനൂരില്‍ ഇഫ്തിഖറുദ്ദീനെ മാറ്റി സി ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ വി എം സുധീരന്‍ ഇന്ന് ഐഎന്‍ടിയുസി ഭാരവാഹികളുമായി വീണ്ടും ചര്‍ച്ച നടത്തും.
ഏതെങ്കിലും സീറ്റില്‍ ഐഎന്‍ടിയുസിയെ പരിഗണിക്കാനാവുമോയെന്ന് പരിശോധിക്കാമെന്നും ഹൈക്കമാന്‍ഡുമായി ആലോചിച്ച ശേഷം മറുപടി പറയാമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചതായി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. തവനൂര്‍, വൈപ്പിന്‍, കാഞ്ഞങ്ങാട്, ദേവികുളം സീറ്റുകളാണ് ഐഎന്‍ടിയുസി ആവശ്യപ്പെട്ടത്.
ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന അടിയന്തര യോഗത്തിനെത്താന്‍ ഐഎന്‍ടിയുസി ജില്ലാ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിയെടുക്കുന്ന തീരുമാനം യോഗം ചര്‍ച്ചചെയ്ത് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
ആര്‍എസ്പി നിശ്ചയിച്ച സ്ഥാനാര്‍ഥി പിന്മാറിയതിനെ തുടര്‍ന്ന് കയ്പമംഗലം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ ആലോചിച്ചിരുന്നു. പകരം പയ്യന്നൂര്‍ നല്‍കാനായിരുന്നു നീക്കം. എന്നാല്‍, ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് കയ്പമംഗലം ആര്‍എസ്പിക്കു തന്നെ നല്‍കാന്‍ ധാരണയായത്. പയ്യന്നൂരില്ലെങ്കില്‍ കയ്പമംഗലത്തു തന്നെ മല്‍സരിക്കുമെന്ന് ആര്‍എസ്പിയും നിലപാടെടുത്തു. ഇവിടെ പിഎസ്‌യു മുന്‍ സംസ്ഥാന പ്രസിഡന്റും കണ്ണൂര്‍ സര്‍വകലാശാലാ ഗവേഷകവിദ്യാര്‍ഥിയുമായ എന്‍ ഡി മുഹമ്മദ് നഹാസ് ആര്‍എസ്പി സ്ഥാനാര്‍ഥിയാവും. ഒറ്റപ്പാലത്ത് ശാന്ത ജയറാമിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ പ്രാദേശികതലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൂടാതെ മഹിളാ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധവും ദേശീയനേതൃത്വത്തിന്റെ താല്‍പര്യവും ഷാനിമോള്‍ക്ക് തുണയായി. തുടര്‍ന്നാണ് പട്ടികയില്‍നിന്നു പുറത്തായ ഷാനിമോളെ പരിഗണിക്കാന്‍ തീരുമാനിച്ചത്.
ആര്‍ രാജാറാമിനെതിരേ ഉയര്‍ന്ന പ്രതിഷേധവും ഐഎന്‍ടിയുസിയുടെ ഇടപെടലുമാണ് ദേവികുളത്ത് എ കെ മണിക്ക് വഴിയൊരുക്കിയത്. സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇനിയൊരു മാറ്റമുണ്ടാവില്ലെന്ന് വി എം സുധീരന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ പത്തനംതിട്ട ജില്ലാ യുഡിഎഫ് കണ്‍വീനറുടെ ചുമതല ബാബു ജോര്‍ജും കോട്ടയത്തിന്റെ ചുമതല ജോസി സെബാസ്റ്റ്യനും വഹിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക