|    Feb 19 Sun, 2017 8:10 pm
FLASH NEWS

കോണ്‍ഗ്രസ് നേതാവ് പി വി ജോണിന്റെ ഓര്‍മയ്ക്ക് ഇന്ന് ഒരു വയസ്സ്

Published : 8th November 2016 | Posted By: SMR

മാനന്തവാടി: ത്രിതല പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് ഡിസിസി സെക്രട്ടറി പി വി ജോണ്‍ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2015 നവംബര്‍ എട്ടിനായിരുന്നു പാര്‍ട്ടിയെയും നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് മാനന്തവാടിക്കാരുടെ ജോണേട്ടന്‍ ക്ലബ്ബ്കുന്നിലെ ബ്ലോക്ക് കമ്മിറ്റി ഓഫിസിനുള്ളില്‍ തൂങ്ങിമരിച്ചത്. പ്രസ്ഥാനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ജോണിന്റെ മരണം മാനന്തവാടിയിലെ കോണ്‍ഗ്രസ്സിന് വരുത്തിയ ആഘാതം വളരെ വലുതാണ്. ഇതില്‍ നിന്നു പാര്‍ട്ടി ഇപ്പോഴും കരകയറിയിട്ടില്ല. പി വി ജോണ്‍ പാര്‍ട്ടിയോട് ചോദിച്ചുവാങ്ങിയ പുത്തന്‍പുര വാര്‍ഡില്‍ കനത്ത പരാജയമായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. റിബല്‍ സ്ഥാനാര്‍ഥിക്ക് പുറമെ ഒപ്പം നടന്നവര്‍പോലും കാലുവാരിയെന്നു ബോധ്യപ്പെട്ടപ്പോഴായിരുന്നു തിരഞ്ഞെടുപ്പ് ഫലം വന്ന അടുത്ത ദിവസം രാവിലെ ഒമ്പതോടെ ഓഫിസിലെത്തി ആത്മഹത്യ ചെയ്തത്. ഡിസിസി പ്രസിഡന്റ്, രണ്ടു ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവരിലേക്ക് പരാജയത്തിന്റെ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടിയുള്ള ആത്മഹത്യാക്കുറിപ്പും മൃതദേഹത്തില്‍ നിന്നു ലഭിച്ചു. ഇതോടെ ജില്ലയിലെ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറികള്‍ ആരംഭിച്ചു. ആത്മഹത്യാപ്രേരണ ആരോപിച്ച് പോസ്റ്ററുകളും പത്രപ്രസ്താവനകളും ദിവസങ്ങളോളം നീണ്ടു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, കെപിസിസി പ്രസിഡന്റ്‌വി എം സുധീരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരെല്ലാം പലപ്പോഴായി പി വി ജോണിന്റെ വീട്ടിലെത്തി. പോലിസും കോണ്‍ഗ്രസ്സും പ്രത്യേകം അന്വേഷണങ്ങള്‍ നടത്തി. കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഗസ്റ്റ്ഹൗസില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെ, കുറ്റാരോപിതരായ നേതാക്കള്‍ക്കു നേരെ മഷിപ്രയോഗവും ഡിസിസി പ്രസിഡന്റിന് മാനന്തവാടിയില്‍ കാലുകുത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി. അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപോര്‍ട്ട് പ്രകാരം ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സില്‍വി തോമസ് ഉള്‍പ്പെടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുകയുണ്ടായി. പഞ്ചായത്ത് തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു പുറമെ കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിലും മാനന്തവാടിയില്‍ കോണ്‍ഗ്രസ്സിന് അടിതെറ്റി. മന്ത്രിയായിരുന്ന ജയലക്ഷ്മിയുടെ പരാജയം പാര്‍ട്ടിക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക