|    Jan 24 Tue, 2017 2:48 pm
FLASH NEWS

കോണ്‍ഗ്രസ് നേതാവ് ആര്‍ ഇന്ദുചൂഡന്‍ അന്തരിച്ചു

Published : 11th September 2016 | Posted By: SMR

പത്തനംതിട്ട: ജില്ലാ ഡിസിസി ഉപാധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍ ഇന്ദുചൂഡന്‍ (58) അന്തരിച്ചു. നട്ടെല്ലിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെ വെളുപ്പിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണമടഞ്ഞത്. പരേതനായ കോട്ടൂരേത്ത് രാഘവന്‍നായരുടെയും അധ്യാപികയായ തങ്കമ്മയുടെയും മകനായി ജനിച്ച ഇന്ദുചൂഡന്‍ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്കെത്തുന്നത്.
ഓമല്ലൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച അച്ഛന്‍ രാഘവന്‍നായരുടെ രാഷ്ട്രീയ ജീവിതമാണ് മകന്‍ ഇന്ദുചൂഡനേയും രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്. 1972ല്‍ ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി. പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ പഠനകാലയളവില്‍ പത്തനംതിട്ട കെഎസ്‌യു താലൂക്ക് പ്രസിഡഡന്റായി. പത്തനംതിട്ട ജില്ല രൂപീകൃതമാവുമ്പോള്‍ ജില്ലയിലെ ആദ്യ കെഎസ്‌യു ജില്ലാ പ്രസിഡന്റായി.
1987ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി ദീര്‍ഘനാള്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്. ഇതിനിടയില്‍ ജില്ലാ പഞ്ചായത്ത് ഇലന്തൂര്‍, കുളനട ഡിവിഷനുകളില്‍ മത്സരിച്ചെങ്കിലും ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. അക്കാലയളവില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന മിക്ക സമരങ്ങള്‍ക്കും നേതൃനിരയില്‍ ഇന്ദുചൂഡനുമുണ്ടായിരുന്നു.
കെ കരുണാകരന്റെ പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഒരാളായിരുന്നു ഇന്ദുചൂഡനും. ഇതിനിടയിലാണ് പത്തനംതിട്ടയിലും അടൂരിലും നടന്ന സമരങ്ങള്‍ക്കു നേരെ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റതിനെ തുടര്‍ന്ന്  ശാരീരികമായി തളരുന്നത്. തുടര്‍ന്നും കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
മാസങ്ങള്‍ക്കു മുമ്പ് വീട്ടില്‍ വീണതിനെ തുടര്‍ന്ന് നട്ടെല്ലിനുണ്ടായ ക്ഷതം ഏറെ തളര്‍ത്തി. ഇലന്തൂര്‍ കോ-ഓപറേറ്റീവ് ഹൗസിങ് ബോര്‍ഡ് പ്രസിഡന്റ്, ഓമല്ലൂര്‍ റസിഡന്‍സ് വെല്‍ഫെയര്‍ കോ- ഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ്, ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. രമാദേവിയാണ് ഭാര്യ. വിജയ്, അജയ് എന്നിവരാണ് മക്കള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക