|    Oct 20 Sat, 2018 5:00 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ കയറി ആക്രമിച്ചു ; ജനനേന്ദ്രിയത്തില്‍ വെട്ടേറ്റ് ഗുരുതരനിലയില്‍

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ കോണ്‍ഗ്രസ് നേതാവിനെ വീടുകയറി അക്രമിച്ചു. ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിക്ക് ഗുരുതര പരിക്ക്. ഊരൂട്ടമ്പലം പിരിയാക്കോട് സനല്‍ ഭവനില്‍ സജികുമാറിനാണ് (47) പരിക്കേറ്റത്. ആക്രമണത്തില്‍ സജികുമാറിന്റെ കൈകാലുകള്‍ ഒടിഞ്ഞു. ജനനേന്ദ്രിയത്തിനും വെട്ടേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി 10.30നാണ് സജികുമാറിന്റെ വീടിനുനേരേ ആക്രമണം ഉണ്ടായത്. സ്‌കൂട്ടറുകളിലാണ് അക്രമികള്‍ സ്ഥലത്തെത്തിയത്. വാതില്‍ തകര്‍ത്ത് അകത്ത് കടന്ന അക്രമികള്‍ സജികുമാറിനെ ക്രൂരമായി മര്‍ദിച്ച ശേഷം കമ്പി പാര കൊണ്ട് ഇരുകാലും കൈയും അടിച്ചൊടിക്കുകയായിരുന്നു. സജികുമാറിനെ കൂടാതെ വീട്ടില്‍ വൃദ്ധരായ മാതാപിതാക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാതാപിതാക്കളുടെ നിലവിളി കേട്ട് സമീപവാസികള്‍ എത്തുമ്പോഴേക്കും അക്രമിസംഘം സ്ഥലം വിട്ടിരുന്നു. ആക്രമണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സജികുമാറിന്റെ അയല്‍വാസികളായ ശ്രീനാഥ്, വിജയദാസ് എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലിസ് നിഗമനം. സംഭവത്തിന് ശേഷം ഇവര്‍ ഒളിവില്‍ പോയതും സംശയത്തിനിടയാക്കിയിട്ടുണ്ട്. സജികുമാറിന്റെ രണ്ടു കാലിനും കൈകള്‍ക്കും ഒടിവുണ്ടെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയ ആവശ്യമാണെങ്കിലും ആരോഗ്യസ്ഥിതി കുറച്ചുക്കൂടി മെച്ചപ്പെട്ടശേഷം മാത്രമായിരിക്കും നടത്തുക. ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവില്ലെന്നും അതിനു വേണ്ടിയുള്ള ചികില്‍സ ഇന്നലെ രാവിലെ തന്നെ നല്‍കിയിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മാറനല്ലൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്ത് നിന്ന് അക്രമികളുടേതെന്ന് കരുതുന്ന രണ്ട് ആക്ടീവ സ്‌കൂട്ടര്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സജികുമാറിന്റെ മൊഴി രേഖപ്പെടുത്തുകയും വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തു. അവിവാഹിതനായ സജികുമാര്‍ കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടറാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss