|    Dec 19 Wed, 2018 4:52 pm
FLASH NEWS

കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് ഇടത് എംഎല്‍എമാര്‍

Published : 13th February 2018 | Posted By: kasim kzm

കല്‍പ്പറ്റ: വയനാട് വഴി കേരളത്തിലേക്കു റെയില്‍പാത നിര്‍മിക്കുന്നതിലുള്ള എതിര്‍പ്പ് കര്‍ണാടക  പരസ്യമായി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ  ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു എന്നിവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം  കര്‍ണാടക മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയും മറ്റു കോണ്‍ഗ്രസ് നേതാക്കളും റെയില്‍വേ വിഷയത്തില്‍ കേരള സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നുവെന്നാണ് പ്രചരിച്ചത്. ഈ കള്ളത്തരമാണ് ഇപ്പോള്‍ പൊളിഞ്ഞത്. വയനാട് വഴി കേരളത്തിലേക്ക് റെയില്‍പാത നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക വ്യവസായ മന്ത്രി ആര്‍ വി ദേശ്പാണ്ഡെയാണ് നിയമസഭയില്‍ പറഞ്ഞത്. കേരളം ഒരിക്കലും വയനാട് വഴിയുള്ള  റെയില്‍ പദ്ധതികളെ  അവഗണിച്ചിട്ടില്ല. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയും തലശേരി-മാനന്തവാടി -മൈസൂരു പാതയും യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. നിലമ്പൂര്‍- വയനാട്-നഞ്ചന്‍ഗോഡ്  പാതയ്ക്കായുള്ള   മുന്നൊരുക്കത്തിന്റെ  ഭാഗമായാണ്   ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവായ് ഡോ. ഇ ശ്രീധരനെ അലൈന്‍മെന്റും—  അന്തിമ പ്രൊജക്ട് റിപോര്‍ട്ടും തയാറാക്കുന്നതിനു ചുമതലപ്പെടുത്തിയത്. വയനാട് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍  പാതയുടെ പ്രധാന്യം  ഇ ശ്രീധരന്‍ വിശദീകരിക്കുകയു—ണ്ടായി.  ഡിഎംആര്‍സി തയാറാക്കിയ അലൈമെന്റ് കര്‍ണാടക സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍ കര്‍ണാടക അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള  തടസങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ് ചെയ്തത്. പിന്നീട്  ബംഗളൂരുവില്‍ നടന്ന ചീഫ് സെക്രട്ടറിതല യോഗത്തില്‍ കേരള ചീഫ് സെക്രട്ടറി  നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത  യാഥാര്‍ഥ്യമാകേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും   വിശദീകരിച്ചു. ഡിഎംആര്‍സി നിര്‍ദേശിച്ച ഭൂഗര്‍ഭ റെയില്‍പ്പാത സംബന്ധിച്ചും ചര്‍ച്ച ചെയ്തു. പക്ഷേ, കര്‍ണാടകയുടെ നിലപാടില്‍ മാറ്റമുണ്ടായില്ല. ഇക്കാര്യം കേരള നിയമസഭയില്‍ റെയില്‍വേ  ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ പറഞ്ഞതിനെ യുഡിഎഫ് വളച്ചൊടിച്ചു.  എല്‍ഡിഎഫ് എംഎല്‍എമാരുടെ ഓഫിസുകളിലേക്ക് ബിജെപി മാര്‍ച്ചു നടത്തി. ഇപ്പോള്‍ കര്‍ണാടക എതിര്‍പ്പ്  ഔദ്യോഗികമായി വ്യക്തമാക്കിയതോടെ  കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായി.റെയില്‍വേ  യാഥാര്‍ഥ്യമാക്കുന്നതിന് കൂട്ടായ മുന്നേറ്റം ഉണ്ടാകണം. കണ്‍കറന്റ് പട്ടികയിലുള്ളതാണ് വനം. അതിനാല്‍ വനത്തില്‍ കേന്ദ്ര സര്‍ക്കാരിനും ചുമതലയുണ്ട്. ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന് സുപ്രധാന തീരുമാങ്ങള്‍ എടുക്കാനാകും. കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയും അനുകൂല നിലപാട് സ്വീകരിച്ചാല്‍ വയനാടിന്റെ റെയില്‍ വേ സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്നതില്‍  തര്‍ക്കമില്ലെന്നു എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss