|    Dec 17 Mon, 2018 11:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കോണ്‍ഗ്രസ് നേതാക്കളുടെ ആദായനികുതി റിട്ടേണ്‍ പുനപ്പരിശോധിക്കാന്‍ സുപ്രിംകോടതി അനുമതി

Published : 5th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയഗാന്ധി, മുതിര്‍ന്ന നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ 2011-12 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ പുനപ്പരിശോധിക്കാന്‍ ആദായനികുതി വകുപ്പിന് സുപ്രിംകോടതിയുടെ അനുമതി. അതേസമയം ഹൈക്കോടതി വിധിക്കെതിരേ ഇവര്‍ സമര്‍പ്പിച്ച ഹരജികളുടെ അന്തിമ വിധിക്കനുസരിച്ച് മാത്രമേ വകുപ്പിന് നടപടിയെടുക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.
കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി 2019 ജൂണ്‍ എട്ടിലേക്ക് മാറ്റി. എന്നാല്‍, നടപടിയെടുക്കുന്നതില്‍ നിന്ന് ആദായനികുതി വകുപ്പിനെ തടയരുതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് ഇതിന് വിസമ്മതിക്കുകയായിരുന്നു. ആദായനികുതി റിട്ടേണ്‍ പുനപ്പരിശോധിക്കുന്നതിന് അനുമതി നല്‍കിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
കോണ്‍ഗ്രസ് മുഖപത്രമായ നാഷനല്‍ ഹെറാള്‍ഡ് ഏറ്റെടുത്ത യങ് ഇന്ത്യന്‍ കമ്പനി ഓഹരിയുടമകളാണ് സോണിയഗാന്ധിയും ഓസ്‌കാര്‍ ഫെര്‍ണാഡസും. ഇക്കാര്യം ഇരുവരും മറച്ചുവച്ചു. അതുപോലെ ഈ കമ്പനിയില്‍ ഡയറക്ടര്‍ പദവി വഹിച്ചത് മറച്ചുവച്ചതിലൂടെ രാഹുല്‍ ഗാന്ധിയുടെ 154 കോടിയുടെ വരുമാനം 2011-12ലെ റിട്ടേണില്‍ 68 ലക്ഷമായി കുറഞ്ഞുവെന്നുമാണ് ആദായ നികുതി വകുപ്പ് ഉന്നയിക്കുന്നത്.
കോണ്‍ഗ്രസ്സിന്റെ മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായിരുന്ന അസോസിയേറ്റ് ജേണലിന്റെ 2000 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ സാമ്പത്തിക തിരിമറി നടന്നുവെന്നാരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചത്. ഈ കേസില്‍ രാഹുലും സോണിയയും ഇപ്പോള്‍ ജാമ്യത്തിലാണ്. ഈ കേസുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് നികുതി റിട്ടേണ്‍ പരിശോധിക്കലുമായി മുന്നോട്ടുപോവുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss