|    Jun 18 Mon, 2018 9:37 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കോണ്‍ഗ്രസ്-എസ്പി സഖ്യം : അഖിലേഷ് യാദവ് നയിക്കും

Published : 18th January 2017 | Posted By: fsq

akhilesh

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യം. സഖ്യത്തെ സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ് നയിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാവും. കോണ്‍ഗ്രസ്സും സമാജ്‌വാദി പാര്‍ട്ടിയും ചേര്‍ന്ന സഖ്യമായിരിക്കും ഉത്തര്‍പ്രദേശില്‍ മല്‍സരിക്കുകയെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് വ്യക്തമാക്കി. ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും ആസാദ് വ്യക്തമാക്കി. സഖ്യത്തില്‍ കൂടുതല്‍ പാര്‍ട്ടികളുണ്ടാവുമോയെന്ന ചോദ്യത്തിന് ആസാദ് വ്യക്തമായ ഉത്തരം നല്‍കിയില്ല. ഇപ്പോള്‍ ഈ സഖ്യം മാത്രമാണുള്ളതെന്നും ബാക്കികാര്യങ്ങള്‍ പിന്നീട് ആലോചിക്കാമെന്നും ആസാദ് പറഞ്ഞു. സഖ്യമുണ്ടാവുമെന്ന് അഖിലേഷ് യാദവും സ്ഥിരീകരിച്ചു. സഖ്യത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ കോണ്‍ഗ്രസ് നേരത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ ഷീല മാറിനില്‍ക്കും. താന്‍ സന്തോഷത്തോടെ മാറിനില്‍ക്കുമെന്നും രണ്ടു മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ സഖ്യത്തിനുണ്ടാവില്ലെന്നും ഷീല ദീക്ഷിത് പറഞ്ഞു. നേരത്തെ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് അഖിലേഷ് യാദവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ ഉപമുഖ്യമന്ത്രി കൂടിയായ മകന്‍ തേജസ്വി യാദവ് അഖിലേഷ് അധികാരത്തില്‍ തിരിച്ചെത്താന്‍ പ്രചാരണം നടത്തുമെന്നും ലാലു പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സഖ്യത്തില്‍ പുതിയ പാര്‍ട്ടികള്‍കൂടിയുണ്ടാവാനുള്ള സാധ്യതയുണ്ട്. അഖിലേഷിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനായി അംഗീകരിക്കുകയും സൈക്കിള്‍ ചിഹ്‌നം അനുവദിക്കുകയും ചെയ്തതോടെയാണ് കോണ്‍ഗ്രസ്സുമായുള്ള മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് പരിസമാപ്തിയുണ്ടാവുന്നത്. മുലായംസിങ് യാദവിനെയും സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളും ഒരുവശത്ത് നടക്കുന്നുണ്ട്. അതേസമയം, അഖിലേഷ് പക്ഷത്തിന് സൈക്കിള്‍ അനുവദിച്ച നടപടിയെ മുലായം പക്ഷം കോടതിയില്‍ ചോദ്യംചെയ്യുകയാണെങ്കില്‍ തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവ് സുപ്രിംകോടതിയില്‍ കേവിയറ്റ് ഹരജി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss