|    Apr 21 Sat, 2018 5:13 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കോണ്‍ഗ്രസ് എങ്ങോട്ടാണ് പോവുന്നത്?

Published : 26th May 2016 | Posted By: SMR

അഹ്മദ് ശരീഫ് പി

എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും മതേതര വിശ്വാസികളുടെ പ്രതീക്ഷയായിരുന്നു ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. എത്ര തവണ കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളെ തൊഴിച്ചാലും ആര്‍എസ്എസിനെയും ബിജെപിയെയും ചൂണ്ടിക്കാട്ടി അവര്‍ വീണ്ടും വരുമ്പോള്‍ പിന്തുണയ്ക്കുന്ന പതിവ് ന്യൂനപക്ഷങ്ങള്‍ തെറ്റിക്കാറില്ല. ബിഹാറിലും യുപിയിലും യാദവ-ദലിത് മുന്നേറ്റങ്ങള്‍ ഉണ്ടായപ്പോള്‍ അവരോടൊപ്പവും ഡല്‍ഹിയില്‍ ആം ആദ്മിയോടൊപ്പവും ബംഗാളില്‍ മമതയോടൊപ്പവും അവര്‍ നിന്നതു പുതിയ പ്രതീക്ഷകളോടെയാണ്. എന്നാല്‍ കേരളത്തില്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ്സിനോടൊപ്പം തന്നെയാണ് ന്യൂനപക്ഷങ്ങള്‍. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഒന്നു മാറിച്ചിന്തിക്കുന്ന പതിവ് ഇതര കേരളീയരെപോലെ അവര്‍ക്കുമുണ്ടെന്നു മാത്രം.
വര്‍ഗീയ ശക്തികള്‍ക്കെതിരേ ഇത്തവണ കോണ്‍ഗ്രസ് ഉറച്ച നിലപാടു സ്വീകരിച്ചിരുന്നുവെങ്കില്‍, ഒരുപക്ഷേ, ചിത്രം മാറിയേനെ. എന്നാല്‍ പരോക്ഷമായോ പ്രത്യക്ഷമായോ ബിജെപിക്ക് വിജയിക്കാന്‍ കളമൊരുക്കുന്നതില്‍ കോണ്‍ഗ്രസ് പങ്കാളിയായി. ഇത്രകാലവും കണ്ണിലെണ്ണയൊഴിച്ചു ബിജെപി അക്കൗണ്ട് തുറക്കാതിരിക്കാന്‍ കാവലിരുന്ന തങ്ങള്‍ വിഡ്ഢികളായെന്നു മതേതര കേരളം ഉറച്ചു വിശ്വസിക്കുന്നു. കുറേ മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തു വരാനും നേമത്ത് വിജയിക്കാനും ഇടയാക്കിയതില്‍ കെപിസിസിയുടെ നപുംസകനയം വലിയ പങ്കാണു വഹിച്ചത്. നേമത്ത് നല്ല സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെന്നു മാത്രമല്ല, അവസാന ഘട്ടത്തില്‍ പലരും അഭ്യര്‍ഥിച്ചിട്ടും അഡ്ജസ്റ്റ്‌മെന്റിനു തയ്യാറായതുമില്ല. പകരം എവിടെ നിന്നെങ്കിലും ബിജെപി വോട്ട് കോണ്‍ഗ്രസ്സിനു കിട്ടിയതായും കാണുന്നില്ല.
മഞ്ചേശ്വരത്തെ നിസ്സാര തോല്‍വിയും മറ്റിടങ്ങളിലെ രണ്ടാംസ്ഥാനവും ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. കോണ്‍ഗ്രസ്സിനെ തുണച്ച കേരളത്തിലെ ന്യൂനപക്ഷം വഞ്ചിക്കപ്പെട്ടു. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പും മൃദുഹിന്ദുത്വവും ന്യൂനപക്ഷങ്ങള്‍ക്കു പുത്തനല്ല. കോണ്‍ഗ്രസ്സിന്റെ നെറുകയില്‍ ഇരുന്നാണ് ഹിന്ദുമഹാസഭയും ആര്‍എസ്എസും വേരു പിടിച്ചത്. മഹാത്മാഗാന്ധി വധം മാത്രമല്ല, ഗോവധ നിരോധനവുമടക്കമുള്ള പലതും വര്‍ഗീയ-വംശീയ കലാപങ്ങളും പോലിസിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളും തെളിവായുണ്ട്. കോണ്‍ഗ്രസ്സിനകത്ത് ദേശീയ മുഖച്ഛായയുള്ള സംഘപരിവാര നേതാക്കള്‍ക്കു വലിയ സ്ഥാനമാനങ്ങളുണ്ടായിരുന്നു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആവശ്യപ്പെട്ടിട്ടും ബാബരി മസ്ജിദിനകത്ത് 1949ല്‍ സ്ഥാപിച്ച ശ്രീരാമ വിഗ്രഹം എടുത്തു മാറ്റാന്‍ അന്നത്തെ യുപി മുഖ്യമന്ത്രി കെ സി പാന്ത് തയ്യാറായിരുന്നില്ല. പല കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ഇതേ മനോഭാവം പിന്തുടര്‍ന്നവരായിരുന്നു.
ആദ്യകാലത്ത് ജനസംഘത്തില്‍ ആര്‍എസ്എസുകാര്‍ അധികമുണ്ടായിരുന്നില്ല. എന്നാല്‍ ബിജെപി രൂപീകരിക്കപ്പെട്ട കാലം മുതല്‍ സ്വയം അധികാരം പിടിച്ചടക്കാനുള്ള ശ്രമത്തിലായിരുന്നു ആര്‍എസ്എസ്. അതിന്റെ ഭാഗമായാണ് നരേന്ദ്രമോദിയുടെ അരങ്ങേറ്റവും ഗുജറാത്ത് കലാപങ്ങളുമുണ്ടായത്. രാമജന്മഭൂമി പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടു വന്നതും എല്‍ കെ അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിച്ചതുമെല്ലാം ഈ അജണ്ടയുടെ സാക്ഷാല്‍ക്കാരം ഉദ്ദേശിച്ചായിരുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിലെ വര്‍ഗീയ ഭൂതങ്ങളാണ് 1967ല്‍ കോണ്‍ഗ്രസ്സിനെ പിളര്‍ത്തിയത്.
നരസിംഹറാവുവിന്റെ കാലം കഴിഞ്ഞതോടെ കോണ്‍ഗ്രസ്സിലെ വര്‍ഗീയ ഭിക്ഷാംദേഹികള്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ തട്ടകത്തിലേക്കു കളം മാറ്റിച്ചവിട്ടിയെന്നും കോണ്‍ഗ്രസ് ശുദ്ധീകരിക്കപ്പെട്ടുവെന്നും പൊതുധാരണയുണ്ടായിരുന്നു. എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞും അവര്‍ കോണ്‍ഗ്രസ്സിനുള്ളില്‍ ഒഴിയാബാധയായി തുടരുന്നുണ്ട്. സോണിയാഗാന്ധി കോണ്‍ഗ്രസ് നേതാവായി വന്നതോടെ ശുദ്ധ ബ്രാഹ്മണത്വം കോണ്‍ഗ്രസ്സില്‍ ഒന്നൊതുങ്ങിയിരുന്നു. ഇതോടെ വര്‍ഗീയശക്തികള്‍ കോണ്‍ഗ്രസ്സിനകത്ത് ശ്വാസംമുട്ടി കഴിയുകയായിരുന്നു.
കേരളത്തില്‍ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, തങ്കച്ചന്‍ തുടങ്ങിയ ക്രൈസ്തവ നേതൃത്വം കോണ്‍ഗ്രസ്സിലുണ്ടായിരുന്നതിനാല്‍, ഹിന്ദുത്വ മനസ്സുള്ള ഖദര്‍ധാരികള്‍ പതുങ്ങിക്കിടക്കുകയായിരുന്നു. യുഡിഎഫ് ഭരണകാലത്ത് ആര്‍എസ്എസുകാരുടെ വധക്കേസുകളും വധശ്രമക്കേസുകളും പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായെങ്കില്‍ കോണ്‍ഗ്രസ്സിനുള്ളിലെയും പോലിസിനുള്ളിലെയും വര്‍ഗീയ ഫാഷിസ്റ്റ് മനോഭാവമുള്ളവരുടെ അദൃശ്യകരങ്ങള്‍ സജീവമായിരുന്നുവെന്നു വ്യക്തമാണ്.
17 സീറ്റുകളില്‍ ബിജെപിയുമായി യുഡിഎഫ് വോട്ടു കൈമാറല്‍ ധാരണ ഉണ്ടാക്കിയതായി തിരഞ്ഞെടുപ്പിനു മുമ്പ് വാര്‍ത്തകള്‍ പുറത്തുവരുകയുണ്ടായി. എന്നാല്‍ അതാരും ഗൗരവത്തിലെടുത്തില്ല. പക്ഷേ, 150 കോടിയോളം രൂപ ചെലവഴിച്ചു ബിജെപി കേരളത്തില്‍ നടത്തിയ ഹൈടെക് തിരഞ്ഞെടുപ്പ് പ്രചാരണ കോലാഹലം മതേതര വിശ്വാസികളുടെ കണ്ണു തുറപ്പിക്കേണ്ടതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും മറ്റു കേന്ദ്രമന്ത്രിമാരുമടക്കം വന്നു പ്രസംഗിക്കുമ്പോള്‍ കോണ്‍ഗ്രസ് ഉണരേണ്ടതായിരുന്നു.
വോട്ടര്‍മാരില്‍ ഒരു വിഭാഗത്തെ പാട്ടിലാക്കാന്‍ കടുത്ത പ്രചാരണതന്ത്രങ്ങളിലൂടെ സാധിച്ചതാണു പല മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്താന്‍ കാരണം. പിന്നാക്കക്കാരനായ വെള്ളാപ്പള്ളിയും സംഘടനയും പാര്‍ട്ടിയും ഇതിനുവേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്തപ്പോള്‍ അവര്‍ക്കു പകരം ഒന്നും ലഭിച്ചതുമില്ല. കേരളത്തിന്റെ പൊതു സവര്‍ണബോധവും ഒപ്പം ഈഴവരില്‍ ഒരു വിഭാഗത്തിന്റെ സഹായവും സംഘപരിവാര സംസ്‌കാരം ഇറക്കുമതി ചെയ്യുന്നതു ക്ഷിപ്രസാധ്യമാക്കി. എന്നാല്‍ മതേതര കേരളം ഇടതുപക്ഷത്തെ തുണച്ചുകൊണ്ട് ബിജെപിയെ പ്രതിരോധിക്കുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായത്. ഫാഷിസ്റ്റ് പ്രതിരോധത്തിന്റെ അനിവാര്യതയെക്കുറിച്ച് അവബോധമുള്ള പല ചെറുകക്ഷികളും സ്വയം ഉള്‍വലിഞ്ഞുകൊടുത്തതും വിജയസാധ്യതയുള്ള മുന്നണി സ്ഥാനാര്‍ഥികള്‍ക്കായി രംഗത്തിറങ്ങിയതും അക്കാരണങ്ങളാലായിരുന്നു.
പക്ഷേ, ഇതൊന്നും കോണ്‍ഗ്രസ്സുകാര്‍ കാണാന്‍ കൂട്ടാക്കിയില്ല. നേമം എന്ന ഒരൊറ്റ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്കു ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഇക്കുറിയും അക്കൗണ്ട് തുറക്കാനാവാതെ മോദിയും അമിത്ഷായും നിരാശപ്പെടേണ്ടി വരുമായിരുന്നു. നിരീക്ഷകര്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിട്ടും സ്വയം പ്രതിരോധിക്കാനോ വോട്ടു ചോര്‍ച്ച തടയാനോ കോണ്‍ഗ്രസ് ചെറുവിരലനക്കിയില്ല. സുധീരന് കെപിസിസി ആസ്ഥാനത്തിരുന്നു നോക്കിയാല്‍ കാണുന്ന ദൂരത്താണ് കേരളത്തെ നാണംകെടുത്തിയ ഈ അട്ടിമറി നടന്നത്. പഴയ ഒമ്പതു സീറ്റുള്ള ഒരു കോണ്‍ഗ്രസ്സുണ്ടായിരുന്നു കേരളത്തില്‍. അവിടുന്നിങ്ങോട്ട് മുസ്‌ലിംലീഗിന്റെ ചുമലില്‍ കയറിയിരുന്നാണ് കെ കരുണാകരന്‍ കോണ്‍ഗ്രസ്സിനെ വന്‍ ശക്തിയാക്കി മാറ്റിയത്.
ഈ തിരഞ്ഞെടുപ്പില്‍ 22 സീറ്റ് കോണ്‍ഗ്രസ്സിനു ലഭിച്ചിട്ടുണ്ടെങ്കില്‍ അതു ഘടകകക്ഷികളുടെ ദാനമായി കണ്ടാല്‍ മതി. കോണ്‍ഗ്രസ് പഴയ ഒമ്പതിലേക്കു തകര്‍ന്നു വീണിരിക്കുന്നു. സ്വയം ജയിക്കാന്‍ കഴിയാതിരുന്ന കാലത്ത് കോണ്‍ഗ്രസ്സിന് വോട്ട് വില്‍പന നടത്തിക്കൊണ്ടിരുന്ന ബിജെപി ഇത്തവണ കൊടുത്തതെല്ലാം തിരിച്ചുവാങ്ങിയെന്നര്‍ഥം. കെ എം ഷാജിയെപ്പോലുള്ള ചിലര്‍ക്ക് ബിജെപി വോട്ട് മറിച്ചു നല്‍കിയതു പണം വാങ്ങിക്കൊണ്ടായിരിക്കണമെന്നില്ല. പരസ്പര സഹകരണ ധാരണയുടെ ഫലമായിട്ടുമാവാം. മറ്റു ചില മണ്ഡലങ്ങളിലും ഇത്തരം ധാരണകളുടെ ലാഞ്ചനകളുണ്ട്. എന്നാല്‍ നേമത്ത് കോണ്‍ഗ്രസ്സിന്റെ വോട്ടുകള്‍ കൃത്യമായി ബിജെപി പെട്ടിയില്‍ ചെന്നു വീണതിന് ഒരു ന്യായീകരണവും പറയാനാവില്ല. ഒരു കുമ്പസാരം കൊണ്ടും ഈ പാപക്കറ കഴുകിക്കളയാനുമാവില്ല. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ മതേതര പൊയ്മുഖമാണ് അഴിഞ്ഞുവീണിരിക്കുന്നത്. ഇനിയൊരിക്കലും കേരള ജനത കോണ്‍ഗ്രസ്സിനെ വിശ്വസിക്കുകയുമില്ല.
ഇഎംഎസിന്റെ അവസാനകാലത്താണ് ലീഗ്-സിപിഎം സഖ്യ ചര്‍ച്ചകള്‍ വീണ്ടും സജീവമായി വന്നത്. കുഞ്ഞാലിക്കുട്ടിയും സിപിഎം നേതാക്കളും പലവട്ടം ചര്‍ച്ച നടത്തുകയുമുണ്ടായി. കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന മലബാര്‍ സമരത്തിന്റെ 75ാം വാര്‍ഷിക സമാപന സമ്മേളന വേദിയിലേക്ക് ഇഎംഎസിനെ കൈപിടിച്ചു കയറ്റുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോ പിറ്റേ ദിവസം പത്രങ്ങളുടെ ഒന്നാം പേജില്‍ വന്നു. അന്നു മുസ്‌ലിംലീഗിനെ പിന്തിരിപ്പിച്ചത് ഒരേയൊരു കാര്യമായിരുന്നുവെന്നു കുഞ്ഞാലിക്കുട്ടി സ്വകാര്യ സംഭാഷണങ്ങളില്‍ പറയാറുണ്ടായിരുന്നു. ലീഗ് യുഡിഎഫ് വിട്ടാല്‍ കോണ്‍ഗ്രസ്സുകാര്‍ ഒന്നടങ്കം ബിജെപിയിലേക്കു പോയേക്കും. എന്നാല്‍ ഇപ്പോഴിതാ, ലീഗ് കൈവിടാതെ തന്നെ കോണ്‍ഗ്രസ്സുകാര്‍ ബിജെപിയിലേക്കു ചേക്കേറിയിരിക്കുന്നു. ഇനി ലീഗിനു നേര്‍ക്കുനേരെ സിപിഎമ്മുമായി കൈകോര്‍ക്കേണ്ടി വരും എന്നിടത്തേക്കാണു കാര്യങ്ങളുടെ പോക്ക്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss