|    Mar 28 Tue, 2017 7:42 pm
FLASH NEWS

കോണ്‍ഗ്രസ്: ആസന്നമരണ ചിന്തകള്‍

Published : 24th May 2016 | Posted By: SMR

എന്‍ പി ചെക്കുട്ടി

ഇതോടെ കോണ്‍ഗ്രസ്സിന്റെ കഥ കഴിഞ്ഞുവോ നാട്ടില്‍? കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമുള്ള രണ്ടുവര്‍ഷങ്ങളില്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ തങ്ങളുടെ സ്വാധീനവും ഭരണവും നിരന്തരമായി അറ്റുപോവുന്നത് കോണ്‍ഗ്രസ് ഒരുതരം നിസ്സംഗതയോടെ നോക്കിനില്‍ക്കുകയായിരുന്നു. 2019ല്‍ നടക്കാനിരിക്കുന്ന അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കും എന്നാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെ അധ്യക്ഷന്‍ അമിത്ഷാ പ്രഖ്യാപിച്ചിരിക്കുന്നത്.
കാര്യങ്ങളുടെ പോക്കുകണ്ടാല്‍ അമിത്ഷായുടെ പ്രഖ്യാപനം അമിത ആത്മവിശ്വാസപ്രകടനമല്ലെന്ന് ആര്‍ക്കും മനസ്സിലാവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമീപകാലത്ത് കോണ്‍ഗ്രസ്സിനുണ്ടായ തിരിച്ചടികള്‍ അമ്പരപ്പിക്കുന്നതാണ്. ജനാധിപത്യപ്രക്രിയയിലൂടെ മാത്രമല്ല, ബിജെപി തങ്ങളുടെ അജണ്ട നടപ്പാക്കിയത്. അങ്ങേയറ്റം ഹീനമായ തന്ത്രങ്ങളും അധികാര ദുര്‍വിനിയോഗവും അതിനായി പ്രയോഗിക്കാന്‍ അവര്‍ മടിക്കുകയുണ്ടായില്ല. അരുണാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സിനകത്തെ അസംതൃപ്തരെ വിമതരാക്കി അടര്‍ത്തിമാറ്റി അട്ടിമറിപ്പണിയാണ് അവര്‍ നടത്തിയത്. ഉത്തരാഖണ്ഡില്‍ മാത്രമാണ് ആ പരിപാടി പാളിപ്പോയത്. പക്ഷേ, അതിനു കാരണം കോണ്‍ഗ്രസ് ആയിരുന്നില്ല. മറിച്ച് ഭരണഘടനയെ അട്ടിമറിക്കുന്നവിധം 356ാം വകുപ്പ് ദുരുപയോഗം ചെയ്ത നടപടി റദ്ദാക്കിയ ഹൈക്കോടതിയാണ് ബിജെപിയുടെ നീക്കങ്ങള്‍ക്ക് തുരങ്കം വച്ചത്.
ഇപ്പോള്‍ അസമിലെയും കേരളത്തിലെയും കടുത്ത പരാജയത്തോടെ കോണ്‍ഗ്രസ് അതിന്റെ അപരാഹ്നഘട്ടത്തിലേക്കു കടക്കുകയാണോ എന്ന ചോദ്യം പ്രസക്തമാണ്. അസമില്‍ മൂന്നു തവണ ഭരണം നടത്തിയ തരുണ്‍ ഗൊഗോയ് മന്ത്രിസഭ ആഭ്യന്തര ശൈഥില്യങ്ങള്‍ കാരണമാണ് തകര്‍ന്നത് എന്നു വ്യക്തം. കോണ്‍ഗ്രസ്സില്‍ നിന്നു വിട്ടുപോയ നേതാക്കളെ തന്നെ ഉപയോഗിച്ചാണ് വടക്കുകിഴക്കന്‍ ദേശത്ത് ബിജെപി ആദ്യമായി തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നത്.
കേരളത്തിലും കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയ്ക്കു കാരണം അവരുടെ രാഷ്ട്രീയവും നയപരവുമായ പാപ്പരത്തം തന്നെ. എങ്ങോട്ടാണ് രാഷ്ട്രീയ ഭാഗധേയങ്ങളുടെ കാറ്റുവീശുന്നത് എന്നു തുടക്കം മുതലേ വ്യക്തമായ തിരഞ്ഞെടുപ്പാണ് കേരളത്തില്‍ കഴിഞ്ഞുപോയത്. കേന്ദ്രത്തിലെ തങ്ങളുടെ അധികാരശക്തിയും ആര്‍എസ്എസിന്റെ ശക്തമായ സംഘടനാസംവിധാനവും എസ്എന്‍ഡിപി അടക്കമുള്ള പ്രബല ഹൈന്ദവ പ്രസ്ഥാനങ്ങളുടെ പിന്തുണയും ഒക്കെ ഉപയോഗിച്ച് കേരളത്തില്‍ ശക്തമായ മുന്നേറ്റത്തിന് ഭാരതീയ ജനതാപാര്‍ട്ടി കളമൊരുക്കുകയാണെന്ന് തുടക്കം മുതലേ വ്യക്തമായിരുന്നു. അതിനു തടയിടാന്‍ തങ്ങളുടെ പരമ്പരാഗത ന്യൂനപക്ഷ സമുദായ പിന്തുണ ഉറപ്പിച്ചുനിര്‍ത്തുകയും ഭൂരിപക്ഷ സമുദായത്തിനകത്ത് ശക്തമായ സ്വാധീനം നിലനിര്‍ത്തുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രമാണ് അനിവാര്യമായിരുന്നത്. 2015 ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഈ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നത് യുഡിഎഫ് നേതൃത്വത്തിന് വ്യക്തമായി കാണാമായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രതിപക്ഷത്ത് കാര്യമായ നേട്ടങ്ങളൊന്നുമില്ലാതെ കഴിഞ്ഞുകൂടിയ ഇടതുപക്ഷം ബിജെപി ഉയര്‍ത്തുന്ന ഭീഷണിയെ സംബന്ധിച്ച പ്രചണ്ഡമായ പ്രചാരണപ്രവര്‍ത്തനത്തിലൂടെയാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കൊയ്തത്. ന്യൂനപക്ഷ വോട്ടുകള്‍, അതില്‍ വിശേഷിച്ച് മുസ്‌ലിം വോട്ടുകള്‍, കാര്യമായി സമാഹരിച്ചുകൊണ്ടാണ് അന്ന് ഇടതു വിജയം സംഭവിച്ചത്. ആറുമാസത്തിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പുവേളയിലും അതേ രാഷ്ട്രീയാന്തരീക്ഷം തന്നെയാണ് കേരളത്തില്‍ തെളിഞ്ഞുനിന്നത്. പക്ഷേ, ഇടതുപക്ഷം തങ്ങളുടെ കോട്ടകള്‍ ഭദ്രമാക്കുമ്പോള്‍ യുഡിഎഫ് തമ്മിലടിച്ച് സ്വന്തം തട്ടകങ്ങളില്‍ എതിരാളികള്‍ക്ക് കയറിയടിക്കാനുള്ള എല്ലാ അവസരവും ഒരുക്കിക്കൊടുത്ത് കാത്തിരിക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അവലോകനം ചെയ്ത് ഈ ലേഖകന്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയപോലെ ബിജെപിപ്പേടിയുടെ ചക്കയിട്ടാണ് കഴിഞ്ഞ തവണ ഇടതുപക്ഷം വിജയിച്ചത്. വീണ്ടും അതേ ചക്കയിടാനാണ് ഭാവമെങ്കിലും മുയല്‍ രണ്ടാംതവണയും അത് തലയില്‍ വീഴാനായി താഴെ കാത്തുനിന്നുകൊടുക്കാന്‍ സാധ്യതയില്ലെന്ന് ആ ലേഖനത്തില്‍ പറഞ്ഞിരുന്നു.
പക്ഷേ, കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ച അത്തരം ശുഭപ്രതീക്ഷ തീര്‍ത്തും അസ്ഥാനത്തായിരുന്നുവെന്നാണ് പിന്നീടുള്ള ആഴ്ചകളിലെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസ്സിലെ ആഭ്യന്തര യുദ്ധങ്ങളും തെളിയിച്ചത്. ബിജെപി വന്നാലും താമര വിരിഞ്ഞാലും കേരളം വര്‍ഗീയതയുടെ അറബിക്കടലില്‍ താഴ്ന്നുപോയാലും കുഴപ്പമില്ല, കേരളത്തിലെ ഗ്രൂപ്പുയുദ്ധങ്ങളും വൈരനിര്യാതനവും തന്നെ പ്രധാനം എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ മൂന്നു നക്ഷത്രങ്ങള്‍ തീരുമാനിച്ചത്. അവര്‍ ഒരിക്കല്‍പ്പോലും തങ്ങള്‍ എങ്ങോട്ടാണ് പോവുന്നതെന്നോ എന്തുതരം ഭീകരമായ ചതിക്കുഴിയാണ് മുന്നില്‍ കിടക്കുന്നതെന്നോ സംബന്ധിച്ച് ഒരിക്കലും ഒന്നിച്ചിരുന്ന് ഹൃദയം തുറന്ന് ഒന്നു ചര്‍ച്ചചെയ്യുകപോലുമുണ്ടായില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇത്രയേറെ പരസ്പരവിരുദ്ധവും ആത്മഹത്യാപരവുമായ നയവും നിലപാടുകളുമായി ഒരു തിരഞ്ഞെടുപ്പിനെ നേരിട്ട അനുഭവം അടുത്തകാലത്തൊന്നും ആര്‍ക്കും ഓര്‍മയുണ്ടാവാന്‍ ഇടയില്ല.
ബിജെപിയും ബിഡിജെഎസ് എന്ന പുതിയ കക്ഷിയും തമ്മിലുണ്ടാക്കിയ സഖ്യവും പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ കേന്ദ്രമന്ത്രിസഭയിലെ ഒരു ഡസന്‍ പ്രമുഖന്‍മാര്‍ വരെ വന്നു നടത്തിയ പ്രചണ്ഡ പ്രവര്‍ത്തനങ്ങളും അലറിപ്പറന്നു തലയ്ക്കു മുകളിലൂടെ കുതിച്ചുപാഞ്ഞ ഹെലികോപ്റ്ററുകളും നാട്ടിലുടനീളം ഒഴുകിയ ഉത്തരേന്ത്യന്‍ കള്ളപ്പണവും സംഘപരിവാരത്തിന്റെ പതിനായിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെ നിരന്തര സാന്നിധ്യവും ന്യൂനപക്ഷങ്ങളെ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രചാരണവും ഒന്നും കേരളത്തിലെ സാധാരണക്കാരായ മുസ്‌ലിം-ക്രൈസ്തവ വോട്ടര്‍മാരുടെ മേല്‍ യാതൊരു ആഘാതവും ഉണ്ടാക്കുകയില്ലെന്നും അവര്‍ പതിവുപോലെ രാവിലെ ഉടുത്തൊരുങ്ങി വന്ന് കോണിക്കും കൈപ്പത്തിക്കും കുത്തി പള്ളിയില്‍ പോയി കുര്‍ബാനയും ഖുത്തുബയും കൈക്കൊണ്ട് പിന്നാലെ ഉച്ചയൂണും കഴിഞ്ഞ് സ്വസ്ഥമായി സ്വന്തം വീടുകളില്‍ ഉറങ്ങിക്കൊള്ളുമെന്നുമാണോ കോണ്‍ഗ്രസ് നേതൃത്വം കരുതിയത്? തിരഞ്ഞെടുപ്പില്‍ ബിജെപി-ബിഡിജെഎസ് സഖ്യം ഉണ്ടാക്കാന്‍ പോവുന്ന ആഘാതം ന്യൂനപക്ഷ വോട്ടുകളിലെ കേന്ദ്രീകരണമായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്ന വസ്തുതയാണ്. പക്ഷേ, അത് ഏതുതരത്തിലുള്ള പ്രതികരണമാണ് ഉണ്ടാക്കുക എന്ന കാര്യത്തില്‍ മാത്രമായിരുന്നു തര്‍ക്കം.
ഈ ലേഖകനെപ്പോലുള്ളവര്‍ കരുതിയത് ഇത്തവണ ന്യൂനപക്ഷ കേന്ദ്രീകരണം യുഡിഎഫിന് കൂടുതല്‍ കരുത്തുനല്‍കും എന്നായിരുന്നു. കാരണം, തദ്ദേശ തിരഞ്ഞെടുപ്പില്‍പ്പോലും തെക്കന്‍ മേഖലയില്‍, വിശേഷിച്ച് ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളില്‍ യുഡിഎഫിനു കാര്യമായ തിരിച്ചടിയൊന്നും സംഭവിച്ചിരുന്നില്ല. എന്നാല്‍, മലബാറില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇടതുപക്ഷത്തിന് അനുകൂലമായി ഈ വോട്ടുകളിലെ കേന്ദ്രീകരണം ദൃശ്യവുമായിരുന്നു. അതു കണക്കിലെടുത്ത് ന്യൂനപക്ഷങ്ങളുടെ വിശ്വാസവും ശ്രദ്ധയും നേടിയെടുക്കുന്ന പ്രചാരണമാണ് മുഖ്യധാരാ കക്ഷികളില്‍നിന്നു കേരളം പ്രതീക്ഷിച്ചത്.
എന്നാല്‍, അതൊന്നുമല്ല സംഭവിച്ചത്. തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ്സിലെ തര്‍ക്കം നേതൃത്വത്തിലെ മൂപ്പിളമ വിഷയമായിരുന്നു. സര്‍ക്കാരിന്റെ ഭരണരംഗത്തെ നേട്ടങ്ങളെ തീര്‍ത്തും വികലമായി ചിത്രീകരിക്കുന്നതില്‍ പ്രതിപക്ഷത്തെക്കാളേറെ ഉല്‍സാഹിയായി കാണപ്പെട്ടത് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ തന്നെയായിരുന്നു. ഭരണത്തിന്റെ അവസാന നാളുകളില്‍ വന്ന അഴിമതിയാരോപണങ്ങള്‍ തീര്‍ച്ചയായും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മുഖത്തേറ്റ കടുത്ത അടി തന്നെ. പക്ഷേ, അതു തിരുത്തി ഒന്നിച്ചു മുന്നേറുന്നതിനു പകരം അഴിമതിക്കറ സംബന്ധിച്ച അലക്ക് പൊതുനിരത്തില്‍ നടത്തി നാടാകെ നാറ്റിക്കാനാണ് പാര്‍ട്ടിനേതൃത്വം ഉദ്വിഗ്ദമായത്. അങ്ങനെ സമീപകാലത്ത് കേരളം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഭരണകൂടമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൊതുസമൂഹത്തില്‍ ചിത്രീകരിക്കപ്പെട്ടു.
ഇപ്പറയുന്നതില്‍ എത്രമാത്രം വസ്തുതയുണ്ട് എന്ന് ഇപ്പോള്‍ ഒരു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പരിശോധിക്കുന്നതില്‍ യാതൊരു കാര്യവുമില്ല. വാസ്തവത്തില്‍ കെ എം മാണിക്കെതിരായ കോടതിവിധി ഒഴിച്ച് ഒരു കേസില്‍പ്പോലും ഗൗരവമായ പരാമര്‍ശമൊന്നും സര്‍ക്കാരിനെതിരേ ഉണ്ടായിട്ടില്ല. പക്ഷേ, അത്തരം കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനല്ല, മറിച്ച് അഴിമതിയുടെ പേരില്‍ തങ്ങള്‍ക്ക് ഹിതമല്ലാത്തവരെ ഒറ്റതിരിച്ച് ആക്രമിച്ച് തകര്‍ക്കാനാണ് പാര്‍ട്ടിയില്‍ ഒരുവിഭാഗം കോപ്പുകൂട്ടിയത്.
അതിന്റെ പാരമ്യം കണ്ടത് ഡല്‍ഹിയില്‍ ഒരാഴ്ച നീണ്ടുനിന്ന സുധീരന്‍-ഉമ്മന്‍ചാണ്ടി യുദ്ധകാലത്താണ്. ഒരുപക്ഷേ, കുരുക്ഷേത്ര യുദ്ധത്തിനുശേഷം ഇത്രയേറെ കുതന്ത്രങ്ങളും കുതികാല്‍വെട്ടുകളും പിന്നില്‍നിന്നു കുത്തലും അസത്യ പ്രവചനങ്ങളും ശിഖണ്ഡി പ്രയോഗങ്ങളും ഇതേമട്ടില്‍ ഇന്ദ്രപ്രസ്ഥത്തില്‍ വേറെ അധികമൊന്നും നടന്നിട്ടുണ്ടാവാനിടയില്ല. അഴിമതിക്കെതിരായ പോരാട്ടമല്ല അവിടെ നടന്നത്. കാരണം, ഭരണത്തിന്റെ അന്ത്യനാളുകളില്‍ പൊട്ടിമുളച്ച ഒരു പ്രതിഭാസമായിരുന്നില്ല അഴിമതി. തുടക്കം മുതലേ അത് യുഡിഎഫ് ഭരണത്തിന്റെ ഭാഗമായിരുന്നു. മുന്‍കാല സര്‍ക്കാരുകളുടെ കാലത്തും അഴിമതിയില്‍ കുറവൊന്നും ഉണ്ടായിരുന്നില്ലതാനും. പ്രതിച്ഛായ മെച്ചമാക്കലാണ് ഉദ്ദേശ്യമെങ്കില്‍ ഭരണത്തിന്റെ രണ്ടാംപകുതിയില്‍ തന്നെ അത്തരം തിരുത്തലുകള്‍ വേണ്ടതായിരുന്നു. പക്ഷേ, അന്നൊന്നും അതിനുവേണ്ടി ആരും പോരാട്ടം നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പുരംഗത്ത് പ്രതിപക്ഷം മിന്നുന്ന മുന്നേറ്റം നടത്തുന്ന വേളയില്‍ ഡല്‍ഹിയില്‍ നടത്തിയ ഈ ചക്കളത്തിപ്പോരിന്റെ പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തായിരുന്നു എന്ന് ഇപ്പോള്‍ തോറ്റമ്പിയശേഷം കെപിസിസി അധ്യക്ഷനും യുഡിഎഫ് അധ്യക്ഷനും ഒന്നിച്ചിരുന്ന് സംസാരിച്ചാല്‍ അത്രയും നന്ന്.
സത്യത്തില്‍ ഇത്തവണത്തെ ഇടതുപക്ഷ വിജയം അവരുടെ രാഷ്ട്രീയ വിജയമല്ല. അത് ന്യൂനപക്ഷ ഭീതിയില്‍നിന്ന് ഉടലെടുത്ത ഒരു പ്രതികരണമാണ്. തമ്മിലടിച്ചു നശിക്കുന്ന കോണ്‍ഗ്രസ് തങ്ങള്‍ക്ക് രക്ഷയാവില്ലെന്ന് രണ്ടു പ്രബല ന്യൂനപക്ഷവിഭാഗങ്ങളും തിരിച്ചറിഞ്ഞു. അവരുടെ നേതൃത്വം അത് തിരഞ്ഞെടുപ്പുദിനം രാവിലെ പരസ്യമായിത്തന്നെ പറയുകയും ചെയ്തു. നിലപാട് പ്രഖ്യാപിക്കാന്‍ അന്തിമനിമിഷം വരെ അവര്‍ കാത്തിരുന്നത് ഒരുപക്ഷേ, ഈ കൗരവപ്പടയില്‍ തലയ്ക്കു വെളിവുള്ള ആരെങ്കിലും ഉണ്ടായേക്കാം എന്ന പ്രതീക്ഷയിലായിരിക്കണം.
ബിജെപി തങ്ങളുടെ അന്തിമ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്ന കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന ലക്ഷ്യത്തിലെത്താന്‍ അവരെ ഏറ്റവുമധികം സഹായിക്കുന്നത് തമ്മിലടിക്കുന്ന കോണ്‍ഗ്രസ് നേതൃത്വവും അണികളും തന്നെയാണ്. പക്ഷേ, അപ്പോഴും ഈ ജനപിന്തുണ നിലനിര്‍ത്താന്‍ കേരളത്തിലെ ഇടതുപക്ഷത്തിനു സാധ്യമാവുമോ എന്ന ചോദ്യം അവശേഷിക്കുന്നു. അതിനുള്ള ഉത്തരവും കേരളത്തിന്റെ സമീപകാല ചരിത്രത്തിലുണ്ട്. 2006ല്‍ 98 സീറ്റ് നേടിയാണ് വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭ അധികാരത്തിലെത്തിയത്. സമാനമായ ന്യൂനപക്ഷ കേന്ദ്രീകരണം അന്നും നടന്നു. മലപ്പുറത്ത് ലീഗ് അന്ന് അഞ്ചു സീറ്റിലൊതുങ്ങി. പക്ഷേ, അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ തങ്ങളുടെ കൂടെ വന്ന ന്യൂനപക്ഷ അണികളൊക്കെ വീണ്ടും ലീഗിലേക്ക് തിരിച്ചുപോയതായി സിപിഎം കണ്ടെത്തി. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് അവര്‍ ഒരിക്കലും ആത്മവിമര്‍ശനബുദ്ധ്യാ പരിശോധിച്ചതായി കാണാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണയും ചരിത്രം ആവര്‍ത്തിക്കാന്‍ തന്നെയാണു സാധ്യത.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day