|    Mar 26 Sun, 2017 7:10 am
FLASH NEWS

കോണ്‍ഗ്രസ്സില്‍ ശുദ്ധികലശം വേണമെന്ന ആവശ്യം ശക്തം

Published : 24th May 2016 | Posted By: SMR

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലുള്‍പ്പെടെ കോണ്‍ഗ്രസ്സില്‍ ശുദ്ധികലശം വേണമെന്ന ആവശ്യം ശക്തമാവുന്നു. 2014 മെയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം പത്തിലേറെ സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ്സിനു തിരിച്ചടിയുണ്ടായതിനെത്തുടര്‍ന്നാണിത്. പാര്‍ട്ടിയിലെ പതിവു മുഖങ്ങള്‍ക്കു പകരം പുതിയ നേതൃത്വം വരണമെന്നും കോണ്‍ഗ്രസ് വക്താവായ അഭിഷേക് മനു സിങ് വി പറഞ്ഞു.
നേതൃത്വത്തിലെ 50 ശതമാനം മെറിറ്റ് അടിസ്ഥാനത്തിലും ബാക്കി പ്രാദേശിക, ജാതി മറ്റു മാനദണ്ഡങ്ങള്‍ വച്ചും ആവണമെന്ന് അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. തിരഞ്ഞെടുപ്പു പരാജയങ്ങള്‍ പതിവു പരിപാടിയായി തള്ളിക്കളയരുത്. ഭരണവിരുദ്ധ വികാരങ്ങള്‍ മാത്രമല്ല പരാജയ കാരണങ്ങള്‍. അതു പഠിച്ചു വിലയിരുത്തി പരിഹാരം കാണണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കോണ്‍ഗ്രസ് രൂപീകരിച്ചതിനു ശേഷമുള്ള ഏറ്റവും കനത്ത വീഴ്ചയിലാണ് പാര്‍ട്ടി ഇപ്പോഴുള്ളത്. ആന്ധ്രപ്രദേശ്, ഹരിയാന, ജമ്മുകശ്മീര്‍, ഡല്‍ഹി, മഹാരാഷ്ട്ര, ഒഡീഷ, സിക്കിം, അരുണാചല്‍പ്രദേശ്, ബിഹാര്‍, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് ഇക്കാലയളവില്‍ തിരഞ്ഞെടുപ്പു നടന്നത്. ഇതില്‍ ഒരിടത്തു പോലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയില്ല. ഏറെക്കാലം പാര്‍ട്ടി ഭരിച്ച ഡല്‍ഹിയിലാവട്ടെ കോണ്‍ഗ്രസ്സിനു പ്രാതിനിധ്യം പോലും ഇല്ല. അവസാനതിരഞ്ഞെടുപ്പില്‍ അധികാരത്തിലുള്ള കേരളത്തിലും അസമിലും ഭരണം നഷ്ടമായി.
പുതിയ സാഹചര്യത്തില്‍ ഉടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിളിച്ചുചേര്‍ക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. തിരിച്ചടികളില്‍ നിന്ന് പാഠം പഠിക്കാതെ മുന്നോട്ടു പോയാല്‍ വരാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പരാജയം ആവര്‍ത്തനമായിരിക്കുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അന്ന് പ്രവര്‍ത്തക സമിതിയോഗം തള്ളുകയായിരുന്നു. നേതൃത്വമേറ്റെടുക്കാന്‍ അന്ന് രാഹുലിന് വൈമുഖ്യമായിരുന്നെങ്കിലും ഇപ്പോള്‍ അതിനുള്ള സമയമായെന്ന് അദ്ദേഹം സ്വയം വിലയിരുത്തുന്നു.
എന്നാല്‍, രാഹുലിന് പകരം പ്രിയങ്ക അധ്യക്ഷ പദവിയിലേക്കെത്തുന്നതാണ് കൂടുതല്‍ ഉചിതമെന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. കോണ്‍ഗ്രസ്സിന്റെ അടിത്തറയായിരുന്ന ന്യൂനപക്ഷ വോട്ടുബാങ്ക് ഈ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷത്തേക്ക് മാറിയത് പാര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിലും വിശദമായ ചര്‍ച്ചയും പുനസ്സംഘടനയും വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നത്.
ഹൈക്കമാന്‍ഡ് ദുര്‍ബലപ്പെട്ടതായും നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. സോണിയ കേരളത്തിലടക്കം പ്രചാരണത്തിനെത്തിയെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം സംസ്ഥാന നേതൃത്വത്തിന്റെ കടുംപിടിത്തത്തിന് വഴങ്ങേണ്ടിവന്നത് ക്ഷീണവുമായി. ഈ സാഹചര്യത്തില്‍ കേരളത്തിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം സ്വയം ഏറ്റെടുക്കട്ടെയെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന കാര്യത്തിലും ഹൈക്കമാന്‍ഡിന്റെ ഇടപെടലുണ്ടാവില്ല. ഐ ഗ്രൂപ്പ് എംഎല്‍എമാരാണ് കൂടുതലുള്ളതെന്നതിനാല്‍ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. ഹൈക്കമാന്‍ഡിന്റെ നിരീക്ഷകനായി ഗുലാംനബി ആസാദ് അടുത്ത ആഴ്ച കേരളത്തിലെത്തും.

(Visited 76 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക