|    Apr 26 Wed, 2017 1:49 am
FLASH NEWS

കോണ്‍ഗ്രസ്സില്‍ ഇരുമുഖന്‍മാരെന്ന് ജോയ്‌സ് ജോര്‍ജ് എംപി

Published : 29th October 2016 | Posted By: SMR

തൊടുപുഴ: കര്‍ഷകസ്‌നേഹം അഭിനയിപ്പിച്ച് പ്രതിഫലിപ്പിക്കാനുള്ളതല്ലെന്നും നടപ്പാക്കി കാണിച്ചു കൊടുക്കാനുള്ള ഇച്ഛാശക്തിയാണ് ഭരണത്തിലിരുന്നപ്പോള്‍ ഉണ്ടാകേണ്ടിയിരുന്നതെന്നും ജോയ്‌സ് ജോര്‍ജ് എംപി. പ്രതിപക്ഷത്താവുമ്പോള്‍ കര്‍ഷക സ്‌നേഹവും ഭരണത്തിലേറുമ്പോള്‍ കര്‍ഷകദ്രോഹവും കാണിക്കുന്ന രീതിക്കാണ് ഇരട്ടമുഖമെന്ന ഓമനപ്പേര് ചേരുന്നത്.മൂന്നു പതിറ്റാണ്ടിലധികം മന്ത്രിപദത്തില്‍ ഇരുന്ന് ഭരണം നിര്‍വഹിച്ചപ്പോള്‍ കര്‍ഷകരെ മറന്നവര്‍ പൊടുന്നനവെ വെളിപാട് പോലെ ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ ഇറങ്ങിത്തിരിച്ചത് രാഷ്ട്രീയ തമാശയായാണ് . അഞ്ചുവര്‍ഷം കൂടുമ്പോള്‍ പ്രതിപക്ഷത്തിരുന്ന് നടത്തുന്ന കര്‍ഷക സംഗമ നേര്‍ച്ചയ്ക്ക് വാര്‍ത്താ പ്രാധാന്യം കിട്ടാന്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയെ ചെളിവാരിയെറിയുന്ന രീതി രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കുന്നതല്ല. ഭരണം നഷ്ടപ്പെട്ടപ്പോള്‍ പ്രസ്താവനകളുമായി ഇറങ്ങിത്തിരിച്ചിട്ടുള്ളവര്‍ ആത്മപരിശോധന നടത്താന്‍ തയ്യാറാകണമെന്നും എംപി പറഞ്ഞു. ഒരേക്കര്‍ സ്ഥലത്തിന് 60 രൂപയായിരുന്ന ഭൂനികുതി 200 രൂപയാക്കി ഉയര്‍ത്തി ഒറ്റയടിക്ക് 150% വര്‍ധിപ്പിച്ചപ്പോള്‍ മൗനം ഭജിക്കുകയായിരുന്നു ഇവര്‍. കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന വൈദ്യുതി സബ്‌സിഡി  പൂര്‍ണമായും എടുത്തു മാറ്റിയപ്പോള്‍ മന്ത്രിസഭയില്‍ പങ്കാളിത്തമുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല. കര്‍ഷകര്‍ നട്ടു വളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉത്തരവിറങ്ങിയപ്പോള്‍ ചെറുവിരല്‍ പോലും അനക്കിയില്ല. അഞ്ചു വര്‍ഷം കൊണ്ട് 30%             അപേക്ഷകര്‍ക്ക് പോലും പട്ടയം കൊടുക്കാന്‍ കഴിഞ്ഞില്ല. നാമമാത്രമായി കൊടുത്ത പട്ടയങ്ങളിലാകട്ടെ 16 ഉപാധികള്‍ അടിച്ചേല്‍പ്പിച്ചു. നിയമ വകുപ്പ് കൈയ്യിലിരുന്നിട്ട് കൂടി പട്ടയത്തിന് ഒരു ലക്ഷം രൂപയെന്ന വരുമാന പരിധി മാറ്റാന്‍ തയ്യാറായില്ലെന്നതും ജനങ്ങള്‍ക്കറിയാമെന്നും എംപി പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day