|    Jan 20 Fri, 2017 7:20 am
FLASH NEWS

കോണ്‍ഗ്രസ്സിലെ ഭിന്നസ്വരങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു: ലീഗ്

Published : 22nd August 2016 | Posted By: G.A.G

കോഴിക്കോട്: കോണ്‍ഗ്രസ്സില്‍ നിലനില്‍ക്കുന്ന ഭിന്നസ്വരങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് മുസ്‌ലിം ലീഗ്. യോജിച്ച പ്രവര്‍ത്തനവും വര്‍ത്തമാനവും ഉണ്ടാവുന്നില്ലെന്നും ഒരുമിച്ച് പോക്ക് അനിവാര്യമാണെന്നും മുസ്‌ലിംലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീറും കെ പി എ മജീദും കോഴിക്കോട് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. യുഡിഎഫ് ഗവണ്‍മെന്റ് കൊണ്ടുവന്ന മദ്യനിരോധന നയങ്ങളെ തകിടം മറിക്കുകയാണെങ്കില്‍ അതിനെതിരായി ശക്തമായ ജനകീയപ്രക്ഷോഭത്തിന് ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍ വീണ്ടും മദ്യം ഒഴുക്കാന്‍ ഇടതുമുന്നണി ഗവണ്‍മെന്റ് അണിയറ നീക്കങ്ങള്‍ നടത്തുകയാണ്. ഇതിന് വഴിയൊരുക്കുന്ന വിധത്തില്‍ എല്‍ഡിഎഫ് മന്ത്രിമാര്‍ പ്രസ്താവനകള്‍ നടത്തുകയാണ്. ഇന്ത്യയില്‍ ദലിത് ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ പെരുകി വരുന്നു. ജാതി വിവേചനത്തിന്റെയും കടന്നാക്രമണങ്ങളുടേയും ഇരുണ്ട കാലഘട്ടത്തിലേക്ക് രാജ്യം കൂപ്പുകുത്തുകയാണെന്ന് ഭയപ്പെടുന്ന വിധത്തലാണ് അനുദിനം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ ദലിത്- ന്യൂനപക്ഷ വിരുദ്ധ നീക്കത്തിനെതിരേ ഒക്‌ടോബര്‍ 2ന് ഗാന്ധി ജയന്തി ദിനത്തില്‍ ജനകീയ സദസ്സ്’എല്ലാ ജില്ലകളിലും ഓരോ കേന്ദ്രങ്ങളില്‍ നടത്താന്‍ തീരുമാനിച്ചതായും ഇതില്‍ സമാന മനസ്‌കരായ നേതാക്കളെ പങ്കെടുപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
കെ എം മാണിയുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുസ്‌ലിംലീഗ് ഇപ്പോള്‍ മുന്‍കൈയെടുക്കില്ലെന്നും സമയമാവുമ്പോള്‍ ഇടപെടുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ജനറല്‍ സെക്രട്ടറിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട യോഗം അടുത്ത ദിവസം പാണക്കാട് നടക്കുമെന്നും ഇ ടി വ്യക്തമാക്കി.
തൂണേരിയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടിട്ട് ഇതുവരെ പ്രതികളെ പിടികൂടാത്തതിനെതിരേ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ഇ അഹ്മദ് എംപി, അബ്ദുസ്സമദ് സമദാനി, കെ പി എ മജീദ് യോഗത്തില്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക