|    Feb 21 Wed, 2018 8:38 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കോണ്‍ഗ്രസ്സിലെ തര്‍ക്കം; രാഹുല്‍ ഗാന്ധിയുമായി ഇന്ന് ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തും

Published : 16th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി/തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കിനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി ഇന്നു ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇന്നു നടക്കുന്ന കൂടിക്കാഴ്ചയില്‍ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യത്തില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കും. കേരളത്തിലെ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചും ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടി ചര്‍ച്ച ഏറെ നിര്‍ണായകമാണ്. സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യങ്ങളോട് പാര്‍ട്ടി നേതൃത്വം അനുകൂലമായ ഉറപ്പു നല്‍കാത്തതാണ് ഉമ്മന്‍ചാണ്ടിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ശനിയാഴ്ച നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഇതു നേതാക്കളുടെ രൂക്ഷവിമര്‍ശനത്തിനും കാരണമായിരുന്നു. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിലെ അസംതൃപ്തിക്കു പുറമേ, സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യത്തോടും ഹൈക്കമാന്‍ഡ് സഹകരിക്കാതെ വന്നതാണ് ഉമ്മന്‍ചാണ്ടിയെ ചൊടിപ്പിച്ചത്.നേരത്തേ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഉമ്മന്‍ചാണ്ടിയെ ഫോണില്‍ ബന്ധപ്പെട്ടു ഡല്‍ഹിയിലേക്കു ക്ഷണിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിനായാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്. ഉമ്മന്‍ചാണ്ടി ഇടഞ്ഞുനിന്നാല്‍ പാര്‍ട്ടിക്കു മാത്രമല്ല, യുഡിഎഫില്‍ തന്നെ പ്രശ്‌നങ്ങളുണ്ടാവുമെന്ന ആശങ്ക ഹൈക്കമാന്‍ഡിനുണ്ട്. അനുനയത്തിനായി ശനിയാഴ്ച രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയുമായി ഫോണിലും ബന്ധപ്പെട്ടിരുന്നു. ഹൈക്കമാന്‍ഡുമായി പ്രശ്‌നമില്ലെന്നു പറയുമ്പോഴും സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുകയാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു വി എം സുധീരനെ നീക്കാന്‍ ലക്ഷ്യമിട്ടാണ് എ ഗ്രൂപ്പ് സംഘടനാ തിരഞ്ഞെടുപ്പെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നത്. എന്നാല്‍, ഉടനെ തിരഞ്ഞെടുപ്പ് നടത്തുന്നതിനോട് ഹൈക്കമാന്‍ഡിനും താല്‍പര്യമില്ല. എന്നാല്‍, പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം തനിക്ക് ശക്തമായുണ്ടെന്നും സംഘടനാ തിരഞ്ഞെടുപ്പിലൂടെ മാത്രമേ താഴേത്തട്ട് മുതല്‍ ഊര്‍ജസ്വലമായ നേതൃത്വം ഉണ്ടാവുകയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss