|    Jan 23 Mon, 2017 2:02 am
FLASH NEWS

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പ്രവര്‍ത്തനത്തിനെതിരേ രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്; ഗ്രൂപ്പ് കളിക്കാര്‍ പാര്‍ട്ടിക്കു പുറത്ത്

Published : 8th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തില്‍ മാത്രമായി പുനസ്സംഘടന നടത്താനാവില്ലെന്നും നേതൃമാറ്റം ഉണ്ടാവില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കേരളത്തിലെ ഉന്നത നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയാണു രാഹുല്‍ സുധീരനെ മാറ്റാനാവില്ലെന്ന നിലപാട് അറിയിച്ചത്. സംസ്ഥാന കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം അനുവദിക്കില്ലെന്നും ഗ്രൂപ്പ് കളിക്കുന്നവര്‍ക്കു പാര്‍ട്ടിക്കു പുറത്താവും സ്ഥാനമെന്നും രാഹുല്‍ താക്കീത് നല്‍കി.
കേരളത്തില്‍ മാത്രം പാര്‍ട്ടി പുനസ്സംഘടന നടത്തുന്നത് ഉചിതമല്ലെന്നും മറ്റു സംസ്ഥാനങ്ങളില്‍ നടത്തുമ്പോള്‍ കേരളത്തിലും ആവാമെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചു. ഇതോടെ സുധീരനെതിരേ ആഞ്ഞടിക്കാനുള്ള തീരുമാനവുമായി ഡല്‍ഹിയിലെത്തിയ ഗ്രൂപ്പ് നേതാക്കള്‍ക്കു ലക്ഷ്യം സാധിക്കാനായില്ലെന്നു മാത്രമല്ല, സുധീരന്റെ ആധിപത്യം അംഗീകരിക്കേണ്ടിയും വന്നു. ജില്ലാ തലങ്ങളിലെ ജംബോ കമ്മിറ്റികള്‍ പുനസ്സംഘടിപ്പിച്ചു ചെറുതാക്കണമെന്ന ഗ്രൂപ്പ് നേതാക്കളുടെ ആവശ്യത്തിനു മാത്രമാണു രാഹുലിന്റെ അംഗീകാരം ലഭിച്ചത്.
സംസ്ഥാന ഘടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനുമായി ഡല്‍ഹിയിലെത്തിയ 70ഓളം കോണ്‍ഗ്രസ് നേതാക്കളുമായാണു രാഹുല്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. ഉച്ചയ്ക്ക് രണ്ടരയോടെ രാഹുലിന്റെ വാര്‍ ഹൗസില്‍ തുടങ്ങിയ യോഗത്തില്‍ ആദ്യ 15 മിനിറ്റ് സംസാരിച്ച അദ്ദേഹം ഗ്രൂപ്പ് പ്രവര്‍ത്തനത്തിനെതിരേ കനത്ത താക്കീത് നല്‍കുകയും നേതൃമാറ്റ വിഷയം ഉദിക്കുന്നില്ലെന്നും വ്യക്തമാക്കിയതോടെ സുധീരനെതിരേ സംസാരിക്കാന്‍ നേതാക്കള്‍ മടിച്ചു. ശേഷം സംസാരിച്ച എ കെ ആന്റണിയും സംസ്ഥാന കോണ്‍ഗ്രസ്സില്‍ ഐക്യം ഊട്ടിയുറപ്പിക്കേണ്ടതിന്റെ പ്രധാന്യമാണു വ്യക്തമാക്കിയത്. ശക്തമായ നേതൃനിര സംസ്ഥാന കോണ്‍ഗ്രസ്സിലുണ്ടെങ്കിലും ഐക്യമില്ലാത്തതാണു സംഘടന പരാജയപ്പെടുന്നതിനു കാരണമെന്നും ആന്റണി തുറന്നടിച്ചു.
തുടര്‍ന്നു നേതാക്കളെ ഓരോരുത്തരെയായി വിളിച്ചാണു രാഹുല്‍ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും ചോദിച്ചറിഞ്ഞത്. ഇത്തവണത്തെ യോഗത്തിനെത്തുമ്പോള്‍ എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ചുനിന്ന് സുധീരനെതിരേ പടയൊരുക്കത്തിനായി ഐക്യത്തിലെത്തിയിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തിനൊപ്പം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്ന രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ മൃദുസമീപനം കൈക്കൊണ്ടപ്പോള്‍ സ്ഥാനങ്ങളൊന്നും ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മന്‍ചാണ്ടി സുധീരനെ മാറ്റിയേ തീരു എന്ന കടുംപിടിത്തത്തിലായിരുന്നു. ഐ ഗ്രൂപ്പ് നേതാക്കള്‍ ഒന്നടങ്കം സുധീരനെതിരായ നിലപാടാണു സ്വീകരിച്ചത്. പുതിയ സാഹചര്യത്തില്‍ അടിമുടിയുള്ള അഴിച്ചുപണിയാണു കോണ്‍ഗ്രസ്സില്‍ ഉണ്ടാവേണ്ടതെന്നു ചര്‍ച്ചയ്ക്കു മുമ്പ് കെ സുധാകരന്‍ തുറന്നടിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍നിന്ന് സ്‌ക്രീന്‍ ചെയ്ത് ഹൈക്കമാന്‍ഡ് തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട 60ലേറെ പേരാണ് ഇന്നലെ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയത്. ഓരോരുത്തരും സ്വന്തം ചെലവിലെത്തണമെന്നായിരുന്നു നിര്‍ദേശം. കെപിസിസി വൈസ് പ്രസിഡന്റുമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവരുമായാണു ചര്‍ച്ച നടത്തിയത്. പോഷകസംഘടനാ ഭാരവാഹികളും കെപിസിസി ജനറല്‍ സെക്രട്ടറിമാരുമടക്കമുള്ളവരുമായി ഇന്നു രാഹുല്‍ ചര്‍ച്ച തുടരും. നേരത്തെ സോണിയയും രാഹുലും ചേര്‍ന്ന് വിളിപ്പിച്ച യോഗത്തിലും കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യമായിരുന്നു ഉമ്മന്‍ചാണ്ടി ഉന്നയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക