|    Dec 11 Tue, 2018 12:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസത്തിന് എതിരേ വിമര്‍ശനവുമായി വി എം സുധീരന്‍

Published : 3rd December 2018 | Posted By: kasim kzm

തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജയത്തില്‍ നിന്നു ജനശ്രദ്ധ തിരിക്കുന്നതിനായി ഇരുസര്‍ക്കാരുകളും അതിനെ നയിക്കുന്ന ബിജെപിയും സിപിഎമ്മും സംഘടിതമായി വര്‍ഗീയ-രാഷ്ട്രീയ കുപ്രചാരണങ്ങള്‍ ശക്തിപ്പെടുത്തുകയാണ്.
അന്ധമായ കോണ്‍ഗ്രസ് വിരോധത്താല്‍ പരസ്പരം ഒത്തുചേര്‍ന്ന് ഒളിഞ്ഞുംതെളിഞ്ഞും കള്ളക്കളികളുമായി ഇക്കൂട്ടര്‍ മുന്നോട്ടുപോവുന്നതു ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇതിനെയെല്ലാം ശക്തമായി ചെറുക്കാനും യഥാര്‍ഥ സ്ഥിതി ജനമനസ്സിലേക്ക് എത്തിക്കാനും ബാധ്യതപ്പെട്ട കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരാവട്ടെ ഗ്രൂപ്പുകളിയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ പേരിലാണ് ഇത്തവണ ഗ്രൂപ്പ് പോര് രൂക്ഷമാക്കിയിട്ടുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ടര്‍പ്പട്ടികയിലേക്ക് അര്‍ഹരായവരെ ചേര്‍ക്കേണ്ട നിര്‍ണായകമായ ഈ സന്ദര്‍ഭത്തില്‍ അതിനൊന്നും വേണ്ടപോലെ ശ്രമിക്കാതെ വോട്ടര്‍പ്പട്ടികവച്ച് യൂത്ത് കോണ്‍ഗ്രസ്സിലേക്കു കൃത്രിമമായി അംഗങ്ങളെ ചേര്‍ക്കുന്ന പ്രക്രിയയിലാണു ഗ്രൂപ്പുകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പണച്ചെലവു വരുന്ന ഇതിനായി ഗ്രൂപ്പുകള്‍ ഒഴുക്കുന്നതു കോടികളാണെന്നും സുധീരന്‍ പറഞ്ഞു.
ഏറ്റവും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന നേതാക്കള്‍ തന്നെയാണു തങ്ങളുടെ ഗ്രൂപ്പുകളുടെ ആധിപത്യം ഉറപ്പിച്ചെടുക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിക്കുന്നത്. ‘പാര്‍ട്ടി തകര്‍ന്നാലും വിരോധമില്ല, യൂത്ത് കോ ണ്‍ഗ്രസ് പ്രസ്ഥാനത്തെ പിടിച്ചെടുത്താല്‍ മതി എന്ന ക്രൂരമനോഭാവത്തോടെ ഗ്രൂപ്പ് കിടമല്‍സരം അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. എന്റെ ബൂത്ത്, എന്റെ അഭിമാനം’’എന്ന മുദ്രാവാക്യത്തിനുപകരം “എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം’’എന്ന ദുരവസ്ഥയിലേക്കു പൂര്‍ണമായി കാര്യങ്ങള്‍ എത്തിയിരിക്കുന്നു. രാഹുല്‍ഗാന്ധിയും എ കെ ആന്റണിയും മുല്ലപ്പള്ളിയും കാര്യങ്ങള്‍ നന്നായി പോവണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനെല്ലാം വിരുദ്ധമായ നിലപാടാണു ഗ്രൂപ്പ് നേതാക്കള്‍ കൈക്കൊള്ളുന്നത്. ഇനിയെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിനാശകരമായ ദുഷ്‌ചെയ്തികളില്‍ നിന്നു ഗ്രൂപ്പ് നേതാക്കള്‍ പിന്തിരിയണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss