|    Sep 20 Wed, 2017 6:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോണ്‍ഗ്രസ്സിലെ അനൈക്യം തിരിച്ചടിയാവുന്നു; വിമര്‍ശനവുമായി ലീഗ്

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: ബിജെപിയുടെ നേതൃത്വത്തില്‍ മൂന്നാംമുന്നണി ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിനെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ കഴിയാത്ത കോണ്‍ഗ്രസ്സിനെതിരേ രൂക്ഷവിമര്‍ശനവുമായി മുസ്‌ലിം ലീഗ്.
കന്റോണ്‍മെന്റ് ഹൗസില്‍ കോണ്‍ഗ്രസ്സുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ്സിലെ അനൈക്യം പ്രശ്‌നമാവുന്നതായി ഉന്നയിച്ചത്. ദേശീയ ഖജാഞ്ചിയും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, സംസ്ഥാന സെക്രട്ടറി പി വി അബ്ദുല്‍ വഹാബ് എംപി എന്നിവര്‍ ലീഗിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു.
വര്‍ഗീയ കാര്‍ഡിറക്കി കേരളത്തിലും മൂന്നാം കക്ഷിയാവാന്‍ ബിജെപി ശ്രമം നടത്തുകയാണ്. ഈ സാഹചര്യത്തില്‍ യുഡിഎഫിന്റെ പ്രസക്തി വര്‍ധിച്ചിരിക്കെയാണ് മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തരത്തി ല്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ നിലപാടെടുക്കുന്നതെന്ന് ലീഗ് കുറ്റപ്പെടുത്തി. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിനും സംസ്ഥാനത്ത് യുഡിഎഫിനും മാത്രമേ ബിജെപിയുടെ വളര്‍ച്ചയെ നേരിടാന്‍ കഴിയൂ. ഇക്കാര്യത്തില്‍ യുഡിഎഫ് കൂടുതല്‍ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാ ന്‍ കഴിയുന്ന നിലപാടുകളെടുക്കണം. ഒപ്പം ഇപ്പോഴത്തെ വോട്ടുവിഹിതം നിലനിര്‍ത്താനും കഴിയണം. പോരായ്മകള്‍ തിരുത്തി യുഡിഎഫിനെ സജ്ജമാക്കേണ്ടതുണ്ട്. എന്നാല്‍, കോണ്‍ഗ്രസ്സിലെ അനൈക്യമാണ് തിരിച്ചടിയെന്നും ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അജണ്ട വച്ച് ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ്സുമായി ലീഗിന് പ്രശ്‌നമൊന്നുമില്ലെന്ന് ചര്‍ച്ചയ്ക്കുശേഷം പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന പൊതുവായ പ്രശ്‌നങ്ങളാണ് ചര്‍ച്ചചെയ്തത്.
കോണ്‍ഗ്രസ്സില്‍ പ്രശ്‌നങ്ങളുണ്ടോ ഇല്ലയോ എന്നത് മാധ്യമങ്ങളുടെ വിഷയമാണ്. പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നാണ് ലീഗിന്റെ നിലപാടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഉഭയകക്ഷി ചര്‍ച്ചയിലെ എല്ലാ കാര്യങ്ങളും മാധ്യമങ്ങളുമായി പങ്കുവയ്ക്കാനാവില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചര്‍ച്ചകള്‍ തുടരും. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങ ള്‍ പരിഹരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡുമായി ചര്‍ച്ചചെയ്ത് പ്രശ്‌നപരിഹാരം നടത്തും. 23ാം തിയ്യതി ഹൈക്കമാന്‍ഡുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ പുനസ്സംഘടനയെക്കുറിച്ച് ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക