|    Nov 17 Sat, 2018 3:44 am
FLASH NEWS
Home   >  Editpage  >  Editorial  >  

കോണ്‍ഗ്രസ്സിന്റേത് സ്വാഗതാര്‍ഹമായ നിലപാട്

Published : 27th July 2018 | Posted By: kasim kzm

മമതാ ബാനര്‍ജിയെയോ  മായാവതിയെയോ പ്രധാനമന്ത്രിസ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയായി പരിഗണിക്കാന്‍ തയ്യാറാണെന്ന കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനം  മതേതര വിശ്വാസികള്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ്. നരേന്ദ്രമോദിയുടെ ദുര്‍ഭരണം അവസാനിപ്പിക്കണമെന്ന്  ബഹുഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ്സിനു സാധ്യമായാല്‍ അതു രാജ്യത്തോട് ചെയ്യുന്ന വലിയൊരു കര്‍ത്തവ്യനിര്‍വഹണമായി വിലയിരുത്തപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
മതേതരശക്തികളുടെ ശിഥിലീകരണമാണ് അനര്‍ഹരായവരുടെ കൈകളില്‍ അധികാരം വന്നുചേരാന്‍ ഇടയാക്കിയതെന്ന വസ്തുത എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. തങ്ങളുടെ ആവനാഴിയിലെ അവസാനത്തെ അമ്പും തൊടുത്തിട്ടും രാജ്യത്തെ സമ്മതിദായകരുടെ 31 ശതമാനത്തിന്റെ പിന്തുണയേ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വശക്തികള്‍ക്കു ലഭിച്ചുള്ളൂവെന്നത് രാജ്യത്തിന്റെ മതേതര അടിത്തറ താരതമ്യേന ശക്തമാണെന്നതിന്റെ തെളിവാണ്. ജനാധിപത്യ വ്യവസ്ഥയുടെ ദുര്‍ബല പഴുതുകളിലൂടെയുള്ള ഒരു സാങ്കേതികവിജയം മാത്രമാണ് ഹിന്ദുത്വര്‍ക്കു നേടാന്‍ കഴിഞ്ഞതെങ്കിലും അധികാരം അവരുടെ കൈകളില്‍ ചെന്നുചേര്‍ന്നു എന്ന ദുരന്തം രാജ്യത്തിന് അഭിമുഖീകരിക്കേണ്ടിവന്നു.
രാജ്യം പ്രതിസന്ധികളിലൂടെയാണ് മുന്നോട്ടുപോവുന്നത്. അതിന്റെ ഭദ്രതയ്ക്കും കെട്ടുറപ്പിനും നിദാനമായി വര്‍ത്തിച്ച മഹത്തായ മൂല്യങ്ങളുടെ ചൈതന്യം ചോര്‍ത്തിക്കളയാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളില്‍ ചിലര്‍ മുഴുകിയിരിക്കുന്നു. രാജ്യമെന്നത് വൈവിധ്യങ്ങളും വൈരുധ്യങ്ങളും ഉള്ളിലൊതുക്കി ഹൃദയങ്ങള്‍ ചേര്‍ത്തുവച്ച ഒരു ജനതയാണ്. ആ ജനസഞ്ചയത്തെ പരസ്പരം കൈ കോര്‍ത്തുനിര്‍ത്തുന്ന പാരസ്പര്യവും ആദരവുമാണ് രാജ്യത്തിന്റെ യഥാര്‍ഥ ശക്തി. എന്നാല്‍, ഈ അടിസ്ഥാന വസ്തുത നിരാകരിച്ച് രാജ്യസ്‌നേഹം പറയുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് വേണ്ട അളവില്‍ രാഷ്ട്രീയകക്ഷികള്‍ക്കു തിരിച്ചറിയാന്‍ കഴിയാതെ പോയതുകൊണ്ടാണ് രാഷ്ട്രമിന്ന് ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും തടങ്കല്‍പ്പാളയമായത്.
ജനങ്ങള്‍ക്കിടയില്‍ ശത്രുതയും അകല്‍ച്ചയും സൃഷ്ടിച്ച് രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കാവലാളുകളായി വേഷമിട്ട ഭീകരമായൊരു നര്‍മത്തിന്റെ മുമ്പിലാണിപ്പോള്‍ രാജ്യം. ജുഗുപ്‌സ ഉളവാക്കുന്ന ഈ അവസ്ഥയെ അതിജീവിക്കുക എന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആ വെല്ലുവിളിക്കെതിരേ നടത്തുന്ന ഏതൊരു കാല്‍വയ്പും ദേശസ്‌നേഹപ്രചോദിതമായ കര്‍മമായി കൊണ്ടാടപ്പെടുമെന്നതില്‍ സംശയമില്ല.
കോണ്‍ഗ്രസ് പ്രദര്‍ശിപ്പിച്ച ഈ ഹൃദയവിശാലതയോട് മറ്റു മതേതര കക്ഷികള്‍ അനുകൂലമായി പ്രതികരിക്കുമെന്ന് നാം പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ ഭാവിയും വിശാല താല്‍പര്യവും മുന്നില്‍ക്കണ്ടുകൊണ്ടുള്ള ഉറച്ച നിലപാടുകളാണ് ഇപ്പോള്‍ ആവശ്യം. അതിനുള്ള വിവേകവും ദീര്‍ഘവീക്ഷണവും നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഉണ്ടാവുമെന്ന് പ്രത്യാശിക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss