|    Dec 19 Wed, 2018 7:45 pm
FLASH NEWS
Home   >  Editpage  >  Editorial  >  

കോണ്‍ഗ്രസ്സിന്റേത് വൈരുധ്യാത്മക ഹിന്ദുത്വം

Published : 25th November 2018 | Posted By: kasim kzm

എനിക്ക് തോന്നുന്നത് – റിയാസ് പി പി, താനൂര്‍
രൂപീകരണഘട്ടത്തില്‍ തന്നെ ഇന്ത്യ എന്ന ആശയത്തെ സാര്‍വലൗകീകമായ ചില മൂല്യങ്ങളോടു വിളക്കിച്ചേര്‍ത്ത മാനവീയവാദികളും മതേതരവാദികളുമായ ഗാന്ധി, നെഹ്‌റു, ആസാദ് പോലുള്ള നേതാക്കളുടെ പാരമ്പര്യമുള്ള വലിയ മതേതര പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വിഭജനത്തിന്റെ കലുഷിതമായ ഘട്ടത്തില്‍ പോലും ഇന്ത്യ ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമാവില്ല എന്നവര്‍ ഉറപ്പുവരുത്തി. 1948ല്‍ ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ചതായ വാര്‍ത്ത കേട്ടപ്പോള്‍ അതെടുത്ത് തൊട്ടടുത്ത സരയൂനദിയില്‍ കളയൂ എന്ന് നെഹ്‌റു പറഞ്ഞതായാണു ചരിത്രം. എന്നാല്‍, നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണത്തെ താല്‍ക്കാലിക രാഷ്ട്രീയ നീക്കുപോക്കുകള്‍ക്കു വേണ്ടി അവഗണിച്ചവര്‍ അന്നും കോണ്‍ഗ്രസ്സിലുണ്ടായിരുന്നു. അവരുടെ പിന്മുറക്കാരുടെ കൈയിലാണ് ഇന്നു കോണ്‍ഗ്രസ് നേതൃത്വമെന്ന് തോന്നിക്കുംവിധമാണു കാര്യങ്ങള്‍. ആ പാര്‍ട്ടി ഇന്ന് എത്തിനില്‍ക്കുന്ന സ്ഥിതിവിശേഷം രാജ്യത്തെ മതേതരചേരിയെ ഏറെ ആശങ്കയിലാഴ്ത്തുന്നതാണ്. രാഷ്ട്രീയമായി ഇത്രയും ദുര്‍ബലമായ ഒരുഘട്ടം കോണ്‍ഗ്രസ് ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നതുകൊണ്ടു മാത്രമല്ലിത്. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് ഒരു പാഠവും അതു പഠിച്ചില്ല എന്നതുകൊണ്ടുകൂടിയാണ്.
ചരിത്രത്തിലാദ്യമായി 2014ല്‍ ഹിന്ദുത്വ ഫാഷിസ്റ്റ് പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷത്തോടെ അധികാരം കൈയാളാന്‍ അവസരം ലഭിച്ചു. രാജ്യത്തെ പരമോന്നത പദവികളിലെല്ലാം സ്വയംസേവകര്‍ സ്ഥാനമുറപ്പിച്ച് നാലുവര്‍ഷം പിന്നിടുമ്പോള്‍, ബുദ്ധിശൂന്യതയും കോര്‍പറേറ്റ് ദാസ്യവും കാരണം ജനജീവിതം നരകതുല്യമാവുന്ന ഒരു സാഹചര്യമാണ് രാഷ്ട്രം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും പ്രതിപക്ഷകക്ഷി എന്ന നിലയില്‍ ജനവികാരം ഉള്‍ക്കൊള്ളുന്നതിലും അതുയര്‍ത്തിപ്പിടിക്കുന്നതിലും കോണ്‍ഗ്രസ് പരിപൂര്‍ണ പരാജയമാണ്. ഭരണപരാജയങ്ങള്‍ മറച്ചുവയ്ക്കാനും ജനരോഷം തിരിച്ചുവിടാനും ഹിന്ദുത്വശക്തികള്‍ ഹിന്ദുത്വ വര്‍ഗീയതയില്‍ അഭയംപ്രാപിക്കുമ്പോള്‍ അതേ നാണയത്തില്‍ അവരോടു മല്‍സരിക്കുക എന്ന തന്ത്രമാണത്രേ കോണ്‍ഗ്രസ് പയറ്റുന്നത്.
മുസ്‌ലിംകള്‍ വംശഹത്യക്ക് ഇരയാവുകയും കടുത്ത വിവേചനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഗുജറാത്തില്‍ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ നടന്നത് മതേതര-വര്‍ഗീയ പാര്‍ട്ടികള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി പൊതുവെ ആഘോഷിക്കപ്പെട്ടിരുന്നെങ്കിലും വസ്തുത മറ്റൊന്നായിരുന്നു. മുസ്‌ലിം ന്യൂനപക്ഷത്തോട് വ്യക്തമായ അകലം നിലനിര്‍ത്തി അവരെ അദൃശ്യവല്‍ക്കരിച്ചുകൊണ്ടുള്ള പുതിയതരം പ്രചാരണമായിരുന്നു കോണ്‍ഗ്രസ് അവിടെ നയിച്ചത്. തികഞ്ഞ ഹിന്ദുമതഭക്തനായി പ്രത്യക്ഷപ്പെട്ട രാഹുല്‍ഗാന്ധി ഗുജറാത്തിലെ അമ്പലങ്ങള്‍തോറും കയറിയിറങ്ങി പ്രചാരണം നടത്തിയപ്പോള്‍ മുസ്‌ലിം ഗന്ധമുള്ള ഒന്നും എവിടെയും കടന്നുവരാതിരിക്കാന്‍ അതിയായി ശ്രദ്ധിച്ചു. തങ്ങളാണ് ഏറ്റവും നല്ല ഹിന്ദു പാര്‍ട്ടി എന്നു കാണിക്കാന്‍ ബിജെപിയും കോണ്‍ഗ്രസ്സും മല്‍സരിച്ചു. ഗുജറാത്തില്‍ ബിജെപിക്കുണ്ടായ തിരിച്ചടിയും പതിറ്റാണ്ടുകള്‍ക്കുശേഷം കോണ്‍ഗ്രസ്സിനുണ്ടായ നേരിയ മുന്നേറ്റവും തുടര്‍ന്നുള്ള പാര്‍ട്ടി നയരൂപീകരണത്തെ തന്നെ കാര്യമായി ബാധിച്ചു എന്നുവേണം കരുതാന്‍. ദിനംപ്രതി കൂടുതല്‍ കൂടുതല്‍ ഹിന്ദുത്വവേഷമണിയുന്ന കോണ്‍ഗ്രസ്സിനെയാണ് പിന്നീടു കാണുന്നത്.
അസംബ്ലി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മധ്യപ്രദേശില്‍, പഞ്ചായത്തുതോറും ഗോശാലകള്‍, സംസ്ഥാനത്തിനൊരു ഗോസംരക്ഷണ സങ്കേതം, ഗോമൂത്രത്തിന്റെയും ചാണക പലഹാരത്തിന്റെയും വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്‍പാദനവും വിപണനവും തുടങ്ങി കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി പുറത്തിറക്കിയ പ്രകടനപത്രിക വായിച്ചാല്‍ നര്‍മബോധമില്ലാത്തവര്‍പോലും ചിരിച്ചു മണ്ണുകപ്പും. വാഗ്ദാനങ്ങള്‍ അധികവും പശുക്കളെ ചുറ്റിപ്പറ്റിയുള്ളതാണ്; മധ്യപ്രദേശില്‍ മനുഷ്യരാരും ഇല്ലാത്തപോലെ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss