|    May 26 Sat, 2018 4:21 am
Home   >  Editpage  >  Middlepiece  >  

കോണ്‍ഗ്രസ്സിന്റെ കഥ കഴിഞ്ഞുവോ?

Published : 19th March 2017 | Posted By: fsq

ഇന്ദ്രപ്രസ്ഥം

നിരീക്ഷകന്‍

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് തോറ്റു എന്നതും ബിജെപി ജയിച്ചു എന്നതും പകല്‍ പോലെ സത്യം. യുപി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്ന പഴയ സമവാക്യം മുന്നില്‍വച്ചുകൊണ്ട് കുറുവടിസംഘക്കാര്‍ നാടെങ്ങും ചെണ്ടകൊട്ടി നടക്കുന്നുണ്ട്. 2019ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ഇതിനകം തന്നെ ജയിച്ച മട്ടിലാണ് അവര്‍ തുള്ളിക്കൊണ്ടിരിക്കുന്നത്.എന്നാല്‍, യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ്സിന്റെ കഥ ഇതോടെ അവസാനിച്ചുവോ എന്ന ചോദ്യത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്. ഏഴു പതിറ്റാണ്ടായി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു. രണ്ടര വര്‍ഷം മുമ്പു വരെ കേന്ദ്രം ഭരിച്ചിരുന്നതും ഇതേ പാര്‍ട്ടി തന്നെ. 2014ല്‍ നരേന്ദ്ര മോദി വന്‍ വിജയം നേടി എന്നതു നേര്. അഞ്ചു കൊല്ലം കഴിയുമ്പോള്‍ കോണ്‍ഗ്രസ് തീര്‍ത്തും ചത്ത കുതിരയാവും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോഴേ വിലയിരുത്തുന്നതില്‍ എന്താണു സാംഗത്യം? മോദിഭക്തര്‍ മാത്രമല്ല, പല കോണ്‍ഗ്രസ്സുകാരും വിചാരിക്കുന്നത് തങ്ങളുടെ പാര്‍ട്ടിയുടെ കഥ കഴിഞ്ഞുവെന്നാണ്. ഗോവയില്‍ 17 പേരെ ജയിപ്പിച്ച പാര്‍ട്ടിക്ക് നിയമസഭയില്‍ വിശ്വാസവോട്ടിന്റെ നേരത്തു കിട്ടിയത് 16. പതിനേഴാമന്‍ അതിനകം തടിയെടുത്തുകഴിഞ്ഞിരുന്നു. അങ്ങേര്‍ക്ക് അമിത് ഷാ വക ആയാറാം ഗയാറാം ദേശീയ പുരസ്‌കാരം ലഭിക്കുമെന്നു തീര്‍ച്ച.മണിപ്പൂരിലും കോണ്‍ഗ്രസ്സിനെ തോല്‍പിച്ചത് കോണ്‍ഗ്രസ്സുകാര്‍ തന്നെ. അവിടെ ഇപ്പോള്‍ മുഖ്യമന്ത്രിയായി ബിജെപി വാഴിച്ച മഹാന്‍ ഏതാനും മാസം മുമ്പു വരെ കോണ്‍ഗ്രസ്സുകാരനായിരുന്നു. കാറ്റു മാറിവീശുകയാണെന്ന് പുള്ളിക്കാരനു മനസ്സിലായി. കാല്‍ ബിജെപി വള്ളത്തിലേക്ക് മാറ്റിസ്ഥാപിച്ചു; അത്രതന്നെ. നേരത്തേ അസമിലും കോണ്‍ഗ്രസ് ഭരണം കൈവിട്ടത് പാര്‍ട്ടിയിലെ സ്ഥിരം വേഷങ്ങള്‍ കളം മാറി അപ്പുറത്തേക്ക് പോയപ്പോഴാണ്. അതിനാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയമായും സംഘടനാപരമായും ക്ഷീണിച്ചിരിക്കുന്നു എന്ന് തീര്‍ച്ച. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ അടിത്തറ തകര്‍ന്നുവോ? 2004ല്‍ ബിജെപിയുടെ അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയുടെ അവസാനകാലത്ത് ഇന്ത്യ തിളങ്ങുന്നു എന്ന പ്രചാരവേല അരങ്ങുതകര്‍ക്കുന്ന നേരത്ത് കോണ്‍ഗ്രസ് ഏതാണ്ട് അസ്തപ്രജ്ഞമായ നിലയിലായിരുന്നു. അവരുടെ ദേശീയ ആസ്ഥാനത്ത് പത്രക്കാര്‍ പോലും കാര്യമായി എത്തിനോക്കിയിരുന്നില്ല. എന്നിട്ടും വോട്ട് എണ്ണിനോക്കിയപ്പോള്‍ ജയിച്ചത് കോണ്‍ഗ്രസ്. പിന്നീട് പത്തുവര്‍ഷം ഭരിച്ചതും കോണ്‍ഗ്രസ്. പക്ഷേ, കിട്ടിയ തക്കം കട്ടുമുടിക്കാന്‍ ജനം നല്‍കിയ ലൈസന്‍സാണെന്ന് ചില വിദ്വാന്‍മാര്‍ തീരുമാനിച്ചു. ജനം മോദിയെ പിടിച്ചു ഭരണത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. മോദിക്ക് 2019ല്‍ ശക്തമായ കരുനീക്കങ്ങള്‍ നടത്താനുള്ള കരുത്തുണ്ട് എന്നു തീര്‍ച്ച. ഒന്നാമത്തെ കാര്യം, സാമ്പത്തിക വികസനരംഗത്ത് ഇപ്പോള്‍ ആഗോള പശ്ചാത്തലം ഇന്ത്യക്ക് അനുകൂലമാണ്. ലോകരാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയാണ് ഇന്നു മുന്നില്‍നില്‍ക്കുന്നത്. അതു മോദിയുടെ നേട്ടമല്ലെങ്കിലും 2019ല്‍ അതിന്റെ ഗുണഭോക്താവ് അദ്ദേഹമായിരിക്കും. രണ്ടാമത്, അഴിമതിക്കാരെ അടക്കിനിര്‍ത്തുന്നതില്‍ ഇതുവരെ മോദി വിജയമാണ്. കാര്യമായ കൈയിട്ടുവാരല്‍ ഒന്നും നടന്നതായി പ്രതിപക്ഷത്തിന് കണ്ടുപിടിക്കാനായിട്ടില്ല. അടുത്ത രണ്ടര വര്‍ഷവും അതേ സ്ഥിതി തന്നെ തുടരാനാണ് സാധ്യത. കാരണം, മോദി കരുത്തനാണ്. കൈയിട്ടുവാരല്‍ വിദഗ്ധരെ കൈകാര്യം ചെയ്യാന്‍ പുള്ളി മടിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍, കോണ്‍ഗ്രസ് ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനപിന്തുണ നിലനിര്‍ത്തുന്നു എന്നാണ് പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും അവര്‍ നേടിയ വോട്ടും സീറ്റുകളും തെളിയിക്കുന്നത്. കോണ്‍ഗ്രസ് നേതാവായ മണിശങ്കര്‍ അയ്യര്‍ പറയുന്നത്, 2004ല്‍ സോണിയാഗാന്ധി വിവിധ കക്ഷികളുടെ ഐക്യ പുരോഗമന മുന്നണിക്ക് രൂപം നല്‍കിയപോലെ രാഹുല്‍ ഇന്ന് വിശാല പ്രതിപക്ഷ ഐക്യത്തിന് തയ്യാറാവണമെന്നാണ്. സമാനമനസ്‌കരായ പാര്‍ട്ടികളുമായി ദേശീയതലത്തിലും പ്രാദേശികതലത്തിലും കൈകോര്‍ക്കണം; വിശാലമായ സംഘപരിവാര വിരുദ്ധ മുന്നണിക്ക് രൂപം കൊടുക്കണം. അത് ഒരു സാധ്യതയാണ്. ബിഹാറില്‍ മോദിയെ തറപറ്റിക്കാന്‍ സഹായിച്ചത് ഈ തന്ത്രമാണ്. എതിരാളികളുടെ അനൈക്യമാണ് യുപിയില്‍ ഇത്തവണ ബിജെപിക്ക് തുണയായതും. അത് എങ്ങനെ സാധിക്കും എന്നതാണ് കുഴയ്ക്കുന്ന ചോദ്യം. കോണ്‍ഗ്രസ് മുന്നണിയില്‍ ആളു കൂടണമെങ്കില്‍ അവര്‍ സഖ്യകക്ഷികള്‍ക്ക് വല്ലതും വിട്ടുകൊടുത്തിട്ടു വേണ്ടേ? കോണ്‍ഗ്രസ്സില്‍ ആളുകള്‍ നില്‍ക്കുന്നത് കാര്യസാധ്യത്തിനാണ്. ചത്താലും കട്ടിലൊഴിയാന്‍ മടിക്കുന്ന അപ്പൂപ്പന്‍മാരാണ് പാര്‍ട്ടിയില്‍ അള്ളിപ്പിടിച്ച് ഇരിക്കുന്നത്. അതിനായി ഗ്രൂപ്പുകളും ഗ്രൂപ്പുകള്‍ക്കകത്ത് ഗ്രൂപ്പുകളും ഉണ്ടാക്കാനും കോണ്‍ഗ്രസ്സുകാര്‍ക്കു മടിയില്ല. അതിനാല്‍ കൂടെ വരാന്‍ തയ്യാറാവുന്ന കൂട്ടര്‍ക്ക് എന്തെങ്കിലും കൊടുക്കാന്‍ അവര്‍ താല്‍പര്യപ്പെടാനും സാധ്യത കുറവ്. പക്ഷേ, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പരിപാടി താല്‍ക്കാലികമായെങ്കിലും നിര്‍ത്തിയില്ലെങ്കില്‍ ഇനി രക്ഷയുണ്ടാവില്ല എന്ന തോന്നലും പാര്‍ട്ടിയില്‍ ശക്തമാണ്. അതിനാല്‍ സ്വന്തം താല്‍പര്യം നോക്കിയെങ്കിലും കൂടെ നില്‍ക്കേണ്ടവനെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ്സുകാര്‍ തയ്യാറായേക്കും എന്നും ചിലര്‍ പ്രതീക്ഷിക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss