|    Jan 17 Tue, 2017 10:15 am
FLASH NEWS

കോണ്‍ഗ്രസ്സിനോടും എല്‍ഡിഎഫിനോടും സമദൂരമെന്ന് കെ എം മാണി; യുഡിഎഫ് വിടും

Published : 7th August 2016 | Posted By: SMR

എച്ച്  സുധീര്‍

ചരല്‍ക്കുന്ന് (പത്തനംതിട്ട): യുഡിഎഫ് വിടുമെന്ന വ്യക്തമായ സൂചനനല്‍കി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. പാര്‍ട്ടി ശരിയായ വഴിയിലാണ്. അതിനാല്‍ കോണ്‍ഗ്രസ്സിനോടും എല്‍ഡിഎഫിനോടും സമദൂര നിലപാടായിരിക്കും ഇനി സ്വീകരിക്കുക. എന്നാല്‍, നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ ഇപ്പോള്‍ പ്രഖ്യാപിക്കാനാവില്ലെന്നും ചര്‍ച്ചചെയ്ത ശേഷം പാര്‍ട്ടിതീരുമാനം ഇന്നു പ്രഖ്യാപിക്കുമെന്നും മാണി വ്യക്തമാക്കി. ചരല്‍ക്കുന്നില്‍ പാര്‍ട്ടിയുടെ നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നല്ലവഴി തുറന്നാല്‍ ആ വഴിക്കു പോവും. അതിനാരും തങ്ങളെ പരിഹസിക്കേണ്ട. ഭരണകക്ഷിയും കോണ്‍ഗ്രസ്സും തെറ്റുചെയ്താല്‍ നിശിതമായി വിമര്‍ശിക്കും. നല്ലതു ചെയ്താല്‍ നല്ലതാണെന്നു പറയും. പാര്‍ട്ടിക്ക് ഇനി സ്വതന്ത്ര നിലപാടാണെന്നു സൂചിപ്പിച്ച മാണി ആരോടും ശത്രുതയില്ലെന്നും വ്യക്തമാക്കി. മുന്നണി നിലപാടുമായി ബന്ധപ്പെട്ടു പുനപ്പരിശോധനയുടെ സമയം വന്നിരിക്കുകയാണ്.
യുഡിഎഫിനുള്ളില്‍ പരസ്പരവിശ്വാസം ഇല്ലാതായി. ഒരുപാട് വേദന അനുഭവിക്കേണ്ടിവന്നു. സ്‌നേഹവും പിന്തുണയും ലഭിച്ചില്ല. തുടര്‍ച്ചയായ പീഡനവും നിന്ദയും പരീക്ഷണവുമാണ്   കിട്ടിയത്. ഞങ്ങളുടെ വഴി ഞങ്ങള്‍ കണ്ടെത്തിക്കോളാം.  കേരളാ കോണ്‍ഗ്രസ്സിന് ആരോടും പകയും വിദ്വേഷവുമില്ല. പക്ഷേ, വിമര്‍ശിക്കുമ്പോള്‍ അസഹിഷ്ണുത പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിഎയില്‍ ചേരാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍  മാണി നിഷേധിച്ചു. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ അസംബന്ധമാണെന്നും അത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കര്‍ഷകരോടുള്ള നിലപാടും കോണ്‍ഗ്രസ്സില്‍നിന്നുള്ള അവഹേളനങ്ങളുമാണ് മാണി പ്രധാനമായും ഉദ്ഘാടനപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. ചെയര്‍മാന്റെ പ്രസംഗത്തിലെ ഓരോ നിലപാടുകളെയും അംഗങ്ങള്‍ ഹര്‍ഷാരവത്തോടെ എതിരേറ്റു.
കേരളത്തിന്റെ വികസനത്തിന് ഒരു പുനര്‍ചിന്തനം ആവശ്യമാണ്. അതിനായി നിലപാട് എടുക്കേണ്ടതുണ്ട്. പാര്‍ട്ടി നിര്‍ണായക സാഹചര്യത്തിലാണ്.  സംസ്ഥാനത്ത്  തനിച്ചുനില്‍ക്കാന്‍ കഴിവുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസെന്ന് മുമ്പ് തെളിയിച്ചിട്ടുണ്ട്. അഞ്ചുമിനിറ്റുകൊണ്ടു തീരുമാനിക്കാന്‍ കഴിയുന്നതല്ല വിടവാങ്ങല്‍. ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. അതിനാല്‍ ക്യാംപില്‍ പങ്കെടുക്കുന്ന എല്ലാവരും അഭിപ്രായം അറിയിക്കണം. എല്ലാ കാലവും കസേര ആഗ്രഹിക്കുന്നില്ല. കര്‍ഷകര്‍ക്കുവേണ്ടി താഴെയിറങ്ങി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി സന്നദ്ധമാണെന്നും മാണി പറഞ്ഞു.
സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബിനെയും മാണി പേരെടുത്തു വിമര്‍ശിച്ചു. അപേക്ഷയുമായി ആരുടെയും പിന്നാലെ പോവുന്നവരല്ല കേരളാ കോണ്‍ഗ്രസ് എന്നായിരുന്നു പന്ന്യനുള്ള മറുപടി. അങ്ങനെയൊരു ചരിത്രം പാര്‍ട്ടിക്കില്ല. ആവശ്യമുള്ളവര്‍ ഇങ്ങോട്ടുവരും. കിട്ടാത്ത മുന്തിരി പുളിക്കുമെന്നു പറഞ്ഞ കുറുക്കന്റെ അവസ്ഥയാണ് പന്ന്യനെന്നും മാണി കുറ്റപ്പെടുത്തി. മുന്നണി വിട്ടാല്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കണമെന്ന ജേക്കബിന്റെ വിമര്‍ശനത്തിന് കേരളാ കോണ്‍ഗ്രസ്സുകാരുടെ വോട്ടുനേടിയാണു പലയിടത്തും കോണ്‍ഗ്രസ്സുകാര്‍ എംഎല്‍എമാരായതെന്നായിരുന്നു മറുപടി.
ക്യാംപിനു മുന്നോടിയായി ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും മാണി വികാരനിര്‍ഭരമായാണു സംസാരിച്ചത്. 1964ല്‍ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചതുമുതല്‍ നേരിടുന്ന അവഗണന ഇപ്പോഴും കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നു തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫുമായി ഇനി ഒത്തുപോവാനാവില്ലെന്നും നിയമസഭയില്‍ യുഡിഎഫിന്റെ കൂടെ ഇരിക്കാതെ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്നും മാണി പറഞ്ഞു. ഇത്തരമൊരു തീരുമാനത്തിലേക്കു നീങ്ങാനുള്ള സാഹചര്യവും അദ്ദേഹം യോഗത്തില്‍ അറിയിച്ചു. ഇന്നുച്ചയ്ക്ക് ക്യാംപ് സമാപിക്കും. തുടര്‍ന്ന് ക്യാംപിന്റെ തീരുമാനങ്ങള്‍ മാണി മാധ്യമങ്ങളെ അറിയിക്കും. ഇതിനുമുന്നോടിയായി പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗവും ചേരുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക