|    May 25 Thu, 2017 2:04 pm
FLASH NEWS

കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ നടപടികളുമായി ഡിസിസി

Published : 11th July 2016 | Posted By: SMR

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസ്സിനുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നു ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ്.
താഴെ തട്ടിലുള്ള നിര്‍ജീവാവസ്ഥയും പ്രധാനപ്പെട്ട പോഷക സംഘടനകളുടെ ദൗര്‍ബല്യങ്ങളും പരിഹരിക്കണമെന്നു വ്യാപകമായ അഭിപ്രായം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ ശാക്തീകരിക്കുന്നതിനായി മുഴുവന്‍ മണ്ഡലങ്ങളിലും ആശയവിനിമയം നടത്തും. ഇതിന്റെ ഭാഗമായി 31നു മുമ്പ് എല്ലാ മണ്ഡലങ്ങളിലും നേതൃസംഗമം സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും 31നുള്ളില്‍ ബൂത്ത്/വാര്‍ഡ് പ്രസിഡന്റുമാര്‍, മണ്ഡലം ഭാരവാഹികള്‍ മുതല്‍ മേല്‍ തലങ്ങളിലുള്ള ഭാരവാഹികള്‍, പോഷകസംഘടനാ നേതാക്കള്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ അംഗങ്ങള്‍, സഹകരണ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാര്‍, മുന്‍ ഡിസിസി/ബ്ലോക്ക് ഭാരവാഹികള്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ സാരഥികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്.
ആഗസ്ത് 31നുള്ളില്‍ ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ത്ത് സജീവമായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള 15 അംഗ സമിതിക്ക് രൂപം നല്‍കും.
കെഎസ്‌യുവിനെ ശക്തമാക്കും. ഓരോ മണ്ഡലത്തിലെയും കോണ്‍ഗ്രസ് കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ ഏതു സ്ഥാപനത്തില്‍ പഠിക്കുന്നു എന്നു സര്‍വേ നടത്തും. കൂടുതല്‍ കെഎസ്‌യു യൂനിറ്റുകള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ജനപ്രതിനിധികളടങ്ങുന്ന മഹിളകളെ പാര്‍ട്ടി പതാകവാഹകരായി മാറ്റും. സജീവമായി പ്രവര്‍ത്തിക്കാന്‍ മനസ്സുള്ള നേതൃപാടവമുള്ള വനിതകളെ ഉള്‍പ്പെടുത്തി മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പുനരുജ്ജീവിപ്പിക്കും. ആദിവാസി കോളനികളില്‍ പ്രവര്‍ത്തനം സജീവമാക്കും. പ്രവര്‍ത്തന രംഗത്ത് നിന്നു വിട്ടുനില്‍ക്കുന്നവരും പാര്‍ട്ടിയോഗങ്ങള്‍ക്കും സമരപരിപാടികള്‍ക്കും പതിവായി പങ്കെടുക്കാത്തവരുമായ ഭാരവാഹികളും അംഗങ്ങളും സ്ഥാനങ്ങളില്‍ തുടരുന്നതു പുനപ്പരിശോധിക്കും. വിവിധ കാരണങ്ങളാല്‍ മുഖ്യധാരയില്‍ നിന്നു വിട്ടുനില്‍ക്കുന്നവരെ തിരികെയെത്തിക്കുമെന്നും കെ എല്‍ പൗലോസ് വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ എന്‍ ഡി അപ്പച്ചന്‍, മംഗലശ്ശേരി മാധവന്‍, അഡ്വ. എന്‍ കെ വര്‍ഗീസ്, എം എ ജോസഫ്, കെ എം ആലി, പി പി ആലി, പി കെ അബ്ദുറഹിമാന്‍ എന്നിവരും പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day