|    Jun 19 Tue, 2018 4:46 am
Home   >  Todays Paper  >  Page 1  >  

കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് മോദി

Published : 8th February 2018 | Posted By: kasim kzm

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷമായ ആക്രമണം. കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പിനൊപ്പം മോദിയുടെ പ്രസംഗം ഭരണകക്ഷി അംഗങ്ങള്‍ തന്നെ തടസ്സപ്പെടുത്തി.

സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ കോണ്‍ഗ്രസ് തുടര്‍ന്നുവന്ന നയങ്ങളുടെ ദുരന്തഫലമാണ് രാജ്യം അനുഭവിക്കുന്നതെന്ന് മോദി ആരോപിച്ചു. കോണ്‍ഗ്രസ് ഭരിച്ചിരുന്ന ‘സുവര്‍ണകാല’ത്തെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണ് ഇപ്പോഴും അവര്‍. എന്നാല്‍ അന്നു റേഡിയോ, ടെലിവിഷന്‍, പ്രതിപക്ഷം- എല്ലാം അവരുടെ വശത്തായിരുന്നു. ഹരജികളോ എന്‍ജിഒകളോ ഒന്നും അന്നുണ്ടായിരുന്നില്ല. യാഥാര്‍ഥ്യബോധത്തോടെ, സത്യസന്ധമായ പദ്ധതികള്‍ കൊണ്ടുവന്നിരുന്നെങ്കില്‍ ഇപ്പോഴത്തേതിലും വികസനം രാജ്യത്തുണ്ടാവുമായിരുന്നു. വര്‍ഷങ്ങളോളം ഒരു കുടുംബത്തെ സേവിക്കുന്നതിനായി പാര്‍ട്ടി എല്ലാ കഴിവും ഉപയോഗിച്ചു. ഒരു കുടുംബത്തിന്റെ താല്‍പര്യം മാത്രമായിരുന്നു രാജ്യത്തിന്റെ താല്‍പര്യമെന്നും മോദി ആരോപിച്ചു.പണ്ഡിറ്റ് നെഹ്‌റുവും കോണ്‍ഗ്രസ്സുമാണ് ജനാധിപത്യം കൊണ്ടുവന്നതെന്നാണ് അവര്‍ പറയുന്നത്. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് അവര്‍ വായിച്ചിരിക്കുന്നതും പഠിച്ചിരിക്കുന്നതും ഇങ്ങനെയാണോ. ജനാധിപത്യം നമ്മുടെ സംസ്‌കാരത്തില്‍ തന്നെയുള്ളതാണ്. രാജ്യത്ത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണു ജനാധിപത്യം. ജനാധിപത്യത്തോട് അവര്‍ക്കു യാതൊരു പ്രതിബദ്ധതയുമില്ല- മോദി ആരോപിച്ചു. ജനാധിപത്യത്തെക്കുറിച്ചുള്ള പാഠങ്ങള്‍ ഒരിക്കലും കോണ്‍ഗ്രസ്സില്‍ നിന്നു പഠിക്കാന്‍ സാധിക്കില്ല. സര്‍ദാര്‍ പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ നേതാവെങ്കില്‍ ജമ്മുകശ്മീര്‍ വിഭജിക്കപ്പെടുമായിരുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ വിഭജിക്കാന്‍ കൂട്ടുനിന്നവരാണ് കോണ്‍ഗ്രസ്സെന്നും ആന്ധ്രപ്രദേശിനെ വിഭജിച്ചത് രാഷ്ട്രീയലക്ഷ്യത്തോടെ ആണെന്നുമുള്ള മോദിയുടെ പരാമര്‍ശമാണ് ആന്ധ്രയില്‍ നിന്നുള്ള എന്‍ഡിഎ ഘടകകക്ഷിയായ തെലുഗുദേശം പാര്‍ട്ടി(ടിഡിപി)യുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന്റെയും അംഗങ്ങളെ ക്ഷുഭിതരാക്കിയത്. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ കാലത്ത് മൂന്നു സംസ്ഥാനങ്ങള്‍ വിഭജിച്ചപ്പോള്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. രാജ്യത്തെ വിഭജിച്ചതിന്റെ ഫലം വര്‍ഷങ്ങളായിട്ടും ഇന്ത്യ അനുഭവിക്കുകയാണെന്നും മോദി പറഞ്ഞു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നും കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ തഴഞ്ഞുവെന്നും ആരോപിച്ച് തെലുഗുദേശം പാര്‍ട്ടി അംഗങ്ങള്‍ ലോക്‌സഭയില്‍ നടത്തിയ പ്രതിഷേധത്തിനിടെ മോദിയുടെ പ്രസംഗം നിരവധി തവണ തടസ്സപ്പെട്ടു. പ്രതിഷേധക്കാര്‍ അപശബ്ദങ്ങള്‍ ഉണ്ടാക്കുകയും കൂക്കിവിളിക്കുകയും ചെയ്തു.ഇന്നലെ പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിനു പുറത്ത് പ്ലക്കാര്‍ഡുകളുമായി പ്രതിഷേധ ധര്‍ണകള്‍ നടത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss