|    Jan 23 Mon, 2017 2:01 am
FLASH NEWS

കോണ്‍ഗ്രസ്സിനെതിരേ രൂക്ഷവിമര്‍ശനം; കേരളാ കോണ്‍ഗ്രസ് (എം) നേതൃക്യാംപ്

Published : 8th August 2016 | Posted By: SMR

ചരല്‍ക്കുന്ന്: കേരളാ കോണ്‍ഗ്രസ്(എം) നേതൃക്യാംപില്‍ കോണ്‍ഗ്രസ്സിനെതിരേ രൂക്ഷവിമര്‍ശനം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനമാണ് അരങ്ങേറിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച തിരുവല്ല, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, ഇരിങ്ങാലക്കുട  മണ്ഡലങ്ങളില്‍കോണ്‍ഗ്രസ് കാലുവാരിയതായി യോഗത്തില്‍ ആരോപണമുയര്‍ന്നു. പൂഞ്ഞാറില്‍ പി സി ജോര്‍ജിനെ ചെന്നിത്തല സഹായിച്ചു. പ്രചാരണ പരിപാടിയില്‍ ജോര്‍ജിനെതിരേ സംസാരിക്കാന്‍ പോലും ചെന്നിത്തല തയ്യാറായില്ല. ചില കോണ്‍ഗ്രസ്സുകാര്‍ ജോര്‍ജിനായി കാശുമുടക്കി. പാലായില്‍ മാണിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് എം എം ജേക്കബ് മാണിക്കെതിരായി നേരിട്ടിറങ്ങിയെന്നും ആരോപണമുയര്‍ന്നു.
തിരുവല്ലയിലെ തോല്‍വിക്കു പിന്നില്‍ പി ജെ കുര്യനാണ്. ജോസഫ് എം പുതുശ്ശേരിയുടെ സ്ഥാനാര്‍ഥിത്വത്തെ തിരുവല്ലയില്‍ പി ജെ കുര്യന്‍ എതിര്‍ത്തിട്ടും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചില്ല.  ബാര്‍ കോഴ വിവാദം വഷളാക്കിയത് രമേശ് ചെന്നിത്തലയാണെന്നും നേതാക്കള്‍ ആരോപിച്ചു. കാര്‍ഷിക മേഖല മുതല്‍ ബാര്‍ കോഴ വരെയുള്ള കുറ്റപത്രം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ക്യാംപിലുയര്‍ന്നു. ബിജെപിയുമായി ബന്ധം സ്ഥാപിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് ജോസ് കെ മാണി യോഗത്തില്‍ അറിയിച്ചു. എന്‍ഡിഎ ബന്ധം ഗുണകരമാവില്ലെന്ന് മൂന്ന് ജില്ലാ കമ്മിറ്റികള്‍ ചൂണ്ടിക്കാട്ടി.
യുപിഎ സര്‍ക്കാരില്‍ നിന്ന് കാര്‍ഷികമേഖലയോടുള്ള നീതികേട് കേരളത്തിനുള്ള തിരിച്ചടിയായി. പ്രശ്‌നപരിഹാരത്തിന് കേരളാ കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചെങ്കിലും പരിഹാരമുണ്ടാക്കിയില്ല. പട്ടയപ്രശ്‌നത്തിലും കേരളാ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലായി. കെ എം മാണിയുടെ വീട്ടിലേക്കു കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്ന സാഹചര്യമുണ്ടായി. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപോര്‍ട്ടുകളുടെ പേരിലും കേരളാ കോണ്‍ഗ്രസ്സാണ് ആക്ഷേപം കേട്ടത്. ബാര്‍ കോഴക്കേസില്‍ ഇരട്ടനീതിയുണ്ടായി. കെ എം മാണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ടായിരുന്നെങ്കിലും നല്‍കിയില്ല.
തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ അവഗണിച്ചുവെന്നു മാത്രമല്ല, പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ വിമതരെ മല്‍സരിപ്പിച്ചു. നിയമസഭയിലേക്ക് സിറ്റിങ് സീറ്റ് മാത്രമെന്ന നിലപാട് സ്വീകരിച്ചു. ഏറ്റവുമൊടുവില്‍ യുഡിഎഫ് ചെയര്‍മാനെ തിരഞ്ഞെടുത്തപ്പോഴും കൂട്ടായ ചര്‍ച്ച ഉണ്ടായില്ല. യുഡിഎഫിന്റെ പരാജയത്തിനു കാരണക്കാരനായ ബിജു രമേശിന്റെ വീട്ടില്‍ കല്യാണത്തിനു പോവാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കാട്ടിയ ആവേശവും പ്രവര്‍ത്തകര്‍ ഉന്നയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക