|    Jun 21 Thu, 2018 12:17 pm
FLASH NEWS
Home   >  Kerala   >  

കോണ്‍ഗ്രസില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി അവസാനമുഖ്യമന്ത്രിയെന്ന് കെഎസ്‌യു

Published : 30th May 2016 | Posted By: G.A.G

കൊച്ചി:  തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തോല്‍വി കണക്കിലെടുത്ത് പാര്‍ട്ടിയില്‍ അടിമുടി മാറ്റം അത്യാവശ്യമാണെന്നും  അതുണ്ടായില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയായിരിക്കും കോണ്‍ഗ്രസിലെ അവസാന മുഖ്യമന്ത്രിയെന്ന് കെഎസ്‌യു. സംഘടനയുടെ 59ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം ഡിസിസി ഓഫിസില്‍ നടന്ന പ്രവര്‍ത്തക യോഗത്തില്‍  കെഎസ് യു എറണാകുളം മഹാരാജാസ് കോളജ് കമ്മിറ്റി അവതരിപ്പിച്ച പ്രമേയമാണ് ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയത്. കോണ്‍ഗ്രസിന് സമ്പൂര്‍ണ പരാജയം സംഭവിച്ച ജില്ലകളിലെ പാര്‍ടി നേതൃത്വം ഉടന്‍ പിരിച്ചുവിട്ട് ഇവിടങ്ങളില്‍ യുവ നേതാക്കളെ ഉള്‍പ്പെടുത്തി സംഘടന താഴെത്തട്ടുമുതല്‍ പുനസംഘടിപ്പിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.
വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളെ അവഗണിച്ചതിനും ചില നേതാക്കളെ സ്തുതിപാഠകരാക്കി മാറ്റിയതിനും ലഭിച്ച തിരിച്ചടികൂടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും പ്രമേയം ആരോപിച്ചു.

കെഎസ്‌യുവിനെയും യൂത്ത കോണ്‍ഗ്രസിനെയും അവഞ്ജയോടെ കാണുകയും പരിഹസിക്കുകയും ചെയ്ത പല നേതാക്കളും ഇത്തവണ പരാജയം രുചിച്ചു. ബിജെപിയുടെ വര്‍ഗീയ അജണ്ട തുറന്നു കാട്ടുന്നതിലും എതിര്‍ക്കുന്നതിലും പാര്‍ടി നേതൃത്വം പരാജയപ്പെട്ടു. ഇടതു സംഘടനകള്‍ ബീഫ് ഫെസ്റ്റിവല്‍ പോലുളള സമരപരിപാടികള്‍ സംഘടിപ്പിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇതിനെ എതിര്‍ക്കുകയായിരുന്നു കോണ്‍ഗ്രസ് യുവജന പ്രവര്‍ത്തകര്‍ സ്വീകരിച്ച നിലപാട്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ ശക്തമായി എതിര്‍ക്കുന്നുവെന്ന തോന്നല്‍ പോലും ജനങ്ങളിലുണ്ടാക്കാന്‍ സംസ്ഥാനത്തെ പാര്‍ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും സംഘടന കുറ്റപ്പെടുത്തി.
പ്രധാന നേതാക്കള്‍ തമ്മിലുള്ള ഈഗോയും കൂടുതല്‍ ആദര്‍ശ ധീരന്‍മാര്‍ ആരെന്ന മല്‍സരവും തിരഞ്ഞടുപ്പില്‍ പരാജയത്തിന് കാരണമായപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ പാര്‍ടി നേതൃത്വം പരാജയപ്പെട്ടു.തിരഞ്ഞെടുപ്പ് കാലത്തുപോലും അനാവശ്യ വിവാദങ്ങളും കാര്യമില്ലാത്ത പ്രസംഗങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ ചുറ്റിത്തിരിഞ്ഞത് തിരിച്ചടിക്ക് കാരണമായി.കേരളം വില്‍പനയക്ക് വെച്ചിരിക്കുന്നുവെന്ന ഇടത് ആരോപണം പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും പരാജയപ്പെട്ടു.അവസാന മന്ത്രിസഭാ യോഗം എടുത്ത തീരുമാനങ്ങളും ആലോചനയില്ലാതെ നടപ്പിലാക്കിയ മദ്യനയവും തിരിച്ചടിയായെന്ന് പാര്‍ടി നേതൃത്വം ഇനിയെങ്കിലും സമ്മതിക്കണം.മതസമുദായ നേതൃത്വത്തിനല്ല പാര്‍ടി പ്രവര്‍ത്തകര്‍ക്കാണ് പരിഗണന നല്‍കേണ്ടതെന്ന് നേതൃത്വം തിരിച്ചറിയണം പിടിവാശികളും ഹിഡന്‍ അജണ്ടകളും ഒഴിവാക്കി ഒരേ മനസോടെ നേതാക്കള്‍ പ്രവര്‍ത്തിക്കുകയും രണ്ടാം നിര നേതൃത്വത്തെ കെട്ടിപെടുക്കുകയും ചെറുപ്പക്കാരെ നേതൃ നിരയിലേക്ക് കൊണ്ടുവരണമെന്നും കെഎസ് യു ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss