|    Jul 27 Thu, 2017 6:11 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് മുസ്‌ലിംലീഗ്

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്(എം) മുന്നണി വിട്ടതിനു ശേഷമുള്ള ആദ്യ യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ്സിനെതിരേ ഘടകകക്ഷികള്‍ രൂക്ഷവിമര്‍ശനം. മുസ്‌ലിംലീഗ് നേതാക്കളാണ് കോണ്‍ഗ്രസ്സിനെതിരേ ആഞ്ഞടിച്ചത്.
കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പിസമാണു പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നാണ് ലീഗിന്റെ ആരോപണം. മുന്നണിയെ ഒന്നിച്ചുനിര്‍ത്തേണ്ട കോണ്‍ഗ്രസ് ഭിന്നത രൂക്ഷമാവുന്ന തരത്തിലാണു പ്രതികരിക്കുന്നത്. വിമര്‍ശനമുന്നയിച്ച് കെ എം മാണിയുമായി ചര്‍ച്ചനടത്താനുള്ള അവസരം നഷ്ടപ്പെടുത്തരുത്. ഇത് ഒഴിവാക്കണമെന്നും മുതിര്‍ന്ന നേതാക്കള്‍ സംയമനം പാലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്‌നങ്ങളാണു സ്ഥിതിഗതികള്‍ വഷളാക്കിയത്. അതു പരിഹരിക്കാന്‍ നേതൃത്വത്തിനാവാത്തതു വീഴ്ചയാണ്. താഴേത്തട്ടില്‍ യുഡിഎഫ് സംവിധാനമേ ഇല്ല. നിലവിലെ യുഡിഎഫ് സംവിധാനം ഉടച്ചുവാര്‍ക്കണമെന്നും യോഗത്തില്‍ കെ പി എ മജീദ് തുറന്നടിച്ചു. കെ എം മാണിക്കും കൂട്ടര്‍ക്കും തിരിച്ചുവരാനുള്ള സാധ്യത നിലനിര്‍ത്തണമെന്നു യോഗത്തില്‍ ഘടകകക്ഷികള്‍ നിലപാടെടുത്തു.
കോണ്‍ഗ്രസ് ഒരിക്കലും ഘടകകക്ഷികളോട് വല്യേട്ടന്‍ മനോഭാവം കാണിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സിന് യുഡിഎഫില്‍ തുടരാന്‍ ആഗ്രഹമുണ്ടെങ്കില്‍ എതിര്‍ക്കേണ്ടെന്നുതന്നെയാണ് അഭിപ്രായമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു. യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ യോഗം കര്‍മപരിപാടികള്‍ക്കു രൂപംനല്‍കി. ആദ്യപടിയായി എല്ലാ ഘടകകക്ഷികളുമായും കന്റോണ്‍മെന്റ് ഹൗസില്‍വച്ച് ചര്‍ച്ച നടത്തും. ആഗസ്ത് 19ന് മുസ്‌ലിംലീഗുമായാണ് ആദ്യ ചര്‍ച്ച. അന്നു വൈകീട്ട് അഞ്ചുമണിക്ക് ജനതാദള്‍ യുവുമായും ചര്‍ച്ച നടത്തും. 23ന് രാവിലെ 11.30ന് ആര്‍എസ്പി, മൂന്നുമണിക്ക് ജേക്കബ് ഗ്രൂപ്പ്, നാലുമണിക്ക് സിഎംപി എന്നിവരുമായും ചര്‍ച്ചനടത്തുമെന്നും അദ്ദേഹം അറിയിച്ചു. 21, 22 തിയ്യതികളില്‍ എല്ലാ ജില്ലകളിലും യുഡിഎഫ് യോഗം നടത്തും. സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക