|    Oct 22 Sun, 2017 12:34 pm
FLASH NEWS

കോണ്‍ക്രീറ്റ് ബീം തകര്‍ന്ന് തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Published : 7th October 2016 | Posted By: Abbasali tf

കിളിമാനൂര്‍: പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ബീം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂര്‍ പൊയ്കക്കടയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളായ നെടുമങ്ങാട് ചുള്ളിമാനൂര്‍ വാഴപ്പള്ളിതടത്തരികത്ത് വീട്ടില്‍ സന്തോഷ് (35), സന്തോഷിന്റെ അയല്‍വാസി തടത്തരികത്ത് വീട്ടില്‍ അക്ഷയ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴുത്തിന് പരിക്കേറ്റ സന്തോഷിന്റെ നിലയാണ് ഗുരുതരം. മെഡിക്കല്‍ കോളജ് ന്യൂറോസര്‍ജറി വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഇദ്ദേഹം അപകടനിലം തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കാലപ്പഴക്കത്താല്‍ നാശോന്മുഖമായ ഓപണ്‍ എയര്‍ ഓഡിറ്റോറിയം നവീകരിക്കുന്നതിന് ബി സത്യന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് 25 ലക്ഷം അനുവദിച്ചിരുന്നു. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര മാറ്റി ഷീറ്റ് സ്ഥാപിച്ച് ആധുനിക രീതിയില്‍ നവീകരിക്കുവാനായിരുന്നു പദ്ധതി. ഇതിനായി കരാറുകാരന്‍ കോണ്‍ക്രീറ്റ് കട്ടിങ് തൊഴിലാളികളെ ഉപയോഗിച്ച് ബീം അറുത്തുമാറ്റുകയായിരുന്നു. എന്നാല്‍ ജാക്ക് ഹാമര്‍ ഉപയോഗിച്ച് സന്തോഷും അക്ഷയും ബീം പൊട്ടിക്കവെ 20 അടിയോളം നീളമുള്ള കോണ്‍ക്രീറ്റ് ബീമിനൊടൊപ്പം തൊഴിലാളികളും 15 അടിയിലധികം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. തെറിച്ചുവീണ ഇവരുടെ ദേഹത്തേക്ക് ബീമിന്റെ ഭാഗങ്ങള്‍ അടര്‍ന്ന് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സന്തോഷിന്റെ കഴുത്തിലും കാലിലുമാണ് ബീം വീണത്.  മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച തൊഴിലാളികളെ ബി സത്യന്‍ എംഎല്‍എ സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക