|    Jul 23 Mon, 2018 2:55 pm
FLASH NEWS

കോട്ടാറ്റ് പാടശേഖരത്ത് വിത്തില്‍ പകുതിയിലധികവും മുളച്ചില്ല; 200 ഏക്കറിലെ കൃഷി അവതാളത്തില്‍

Published : 21st September 2017 | Posted By: fsq

 

ചാലക്കുടി: കോട്ടാറ്റ് പാടശേഖരത്ത് ഇത്തവണ കൃഷിയിറക്കാനാകൂമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് ലഭിച്ച വിത്ത് ഗുണനിലവാരം ഇല്ലാതായതാണ് ഇപ്പോളത്തെ ആശങ്കക്ക് കാരണമായത്. വിത്ത് പാകിയെങ്കിലും പകുതിയിലധികവും മുളച്ചി—ല്ല. പാടശേഖരം പൂര്‍ണ്ണമായും കൃഷിയിറക്കണമെങ്കില്‍ ഇനിയും വിത്ത് വാങ്ങേണ്ടതായി വരും.ഗുണനിലവാരമില്ലാത്ത വിത്തുകള്‍ വിതരണം ചെയ്തതാണ് കര്‍ഷകര്‍ക്ക് വിനയായത്. ഇരുനൂറേക്കറോളം പാടശഖരമാണ് ഇവിടെയുള്ളത്. മുപ്പത് വര്‍ഷം മുമ്പ് വരെ മൂന്ന് പൂകൃഷിയിറക്കിയ ഇവിടെ ഇപ്പോള്‍ മുണ്ടകന്‍ കൃഷിമാത്രമാണ് ചെയ്യുന്നത്. പാകിയ വിത്തില്‍ പകുതിയിലധികം മുളക്കാതെ പോയതിനാല്‍ ഇനി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. പൊന്‍മണി വിത്താണ് ഇവിടെ പാകിയത്.  നീലകോഴിയുടെ ആക്രമണവും കര്‍ഷകര്‍ക്ക് ദുരിതം വിതക്കുകയാണ്. നീലകോഴികളടക്കമുള്ള പക്ഷികള്‍ വന്‍ തോതിലാണ് ഇവിടെ തമ്പടിച്ചിട്ടുള്ളത്. കഴിഞ്ഞ സീസനില്‍ കാര്യമായ നഷ്ടമാണ് ഇവ വരുത്തിവച്ചത്. ഇവയെ വേട്ടയാടാനാകില്ല എന്നതിനാല്‍ വിരട്ടിയോടിപ്പിക്കുന്ന പ്രവര്‍ത്തികള്‍ മാത്രമാണ് കര്‍ഷകര്‍ ചെയ്യുന്നത്.നെല്‍കതിരുകള്‍ കടയോടെ അറുത്ത് നശിപ്പിക്കുകയാണ് ഇവയുടെ രീതിയെന്നും കര്‍ഷകര്‍ പറയുന്നു. ഇവയുടെ ശല്യം ഒഴിവാക്കാന്‍ ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുമണ്ടായിട്ടില്ല. കെയ്ത്തുകാലത്ത് കൊയ്ത്ത് മെഷിന്‍ ലഭ്യമല്ലാത്തതാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. തൃശൂരില്‍ കാര്‍ഷിക സ്റ്റോറില്‍ രണ്ട് കൊയ്ത്തു മെഷിനുകള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തനക്ഷമമല്ല. ഇതേ തുടര്‍ന്ന് സ്വകാര്യ വ്യക്തികളില്‍ നിന്നും അമിത വാടക നല്കിയാണ് കൊയ്ത്ത് നടത്തുന്നത്. മണിക്കൂറിന് രണ്ടായിരത്തഞ്ഞൂറ് രൂപയാണ് കഴിഞ്ഞ സീസനില്‍ നല്‌കേണ്ടി വന്ന വാടക. ഞാറ് നടാനും തൊഴിലാളികളില്ല. ബംഗാളികളെ ആശ്രയിച്ചാണ് ഞാറ് നടീലും ഇവിടെ നടക്കുന്നത്. ഇറിഗേഷന്‍ വെള്ളത്തെ ആശ്രയിക്കുന്ന ഇവിടെ വകുപ്പിന്റെ കെടുകാര്യസ്ഥതയും  കൃഷിയിറക്കുന്നതിന് തടസ്സമാകുന്നുണ്ട്. കനാലിന്റെ പലഭാഗത്തും ചോര്‍ച്ചയുള്ളതിനാല്‍ വെള്ളം കൃഷിയിടത്തിലേക്ക് എത്തുന്നില്ല. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ഒരുതവണ പോലും കനാലില്‍ അറ്റകുറ്റ പണികള്‍ നടത്തിയിട്ടില്ല. കനാലിന്റെ കോണ്‍ക്രീറ്റ് പലയിടത്തും തകര്‍ന്ന അവസ്ഥയിലാണ്. ഇത് മൂലം വെള്ളം പലയിടത്തും പാഴാവുകയാണ്. ഇതിനെല്ലാം താത്കാലികമായാണെങ്കിലും ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മണ്ണിനെ സ്‌നേഹിക്കുന്ന ഇവിടത്തെ കര്‍ഷകര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss