|    Jan 17 Tue, 2017 10:50 pm
FLASH NEWS

കോട്ടായി ഗ്രാമത്തിന് നൊമ്പരമായി രജത്തിന്റെ ദാരുണ വിയോഗം

Published : 1st July 2016 | Posted By: SMR

പാലക്കാട്: ഡല്‍ഹിയില്‍ ബുധനാഴ്ച വൈകുന്നേരം മര്‍ദ്ദനമേറ്റ് രജത്ത് മരിച്ച വാര്‍ത്ത കേട്ടാണ് ഇന്നലെ കോട്ടായി ഗ്രാമം ഉണര്‍ന്നത്. കുഴല്‍മന്ദത്തിനടുത്ത കോട്ടായി ശാസ്ത്രപുരം പ്രേംനിവാസില്‍ ഉണ്ണികൃഷ്ണന്റെ മകനാണ് രജത്ത്. രജത്തിന്റെ മുത്തച്ഛന്‍ നാരായണനും മുത്തശ്ശി പ്രേമലതയുമാണ് ഇപ്പോള്‍ കോട്ടായിയിലെ വീട്ടില്‍ താമസം. ആഴ്ചകളോളം തറവാട്ടുവീട്ടില്‍ കളിച്ചുല്ലസിച്ച് തിരിച്ചുപോയതിന് പിന്നാലെ പേരക്കുട്ടിയുടെ മരണവിവരം അറിഞ്ഞ ദുഃഖത്തില്‍ നിന്ന് ഇവര്‍ ഇനിയും മോചിതരായിട്ടില്ല. വാര്‍ത്തയറിഞ്ഞയുടന്‍ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം പ്രേംനിവാസിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
ഏറെ അകലെയാണു ജോലി ചെയ്യുന്നതെങ്കിലും രജത്തിന്റെ അച്ഛന്‍ ഉണ്ണികൃഷ്ണനും മാതാവ് കൃഷ്ണയും വീടുമായും ജന്മനാടുമായും നിരന്തരബന്ധം പുലര്‍ത്തിയിരുന്നു. സ്‌കൂളിന് അവധി കിട്ടുമ്പോഴെല്ലാംതന്നെ ഡല്‍ഹിയില്‍നിന്നു രജത്ത് മുത്തച്ഛനെയും മുത്തശ്ശിയെയും കാണാന്‍ മണവങ്ങാട്ടെ വീട്ടിലേക്കോടിയെത്തുമായിരുന്നു. അവധിക്കാലം ആഘോഷിക്കാന്‍ കോട്ടായിയിലെ വീട്ടിലെത്തി പത്തുദിവസം മുമ്പാണ് അമ്മ കൃഷ്ണയ്ക്കും ചേട്ടന്‍ രാജീവിനുമൊപ്പം രജിത് ഡല്‍ഹിലേക്ക് തിരിച്ചുപോയത്.
ഉണ്ണികൃഷ്ണനും കുടുംബവും 20 വര്‍ഷത്തോളമായി ഡല്‍ഹി മയൂര്‍ വിഹാറിലാണ് താമസം.
രാത്രി എട്ടുമണിയോടെ, കൂടെയുണ്ടായിരുന്ന കുട്ടികളിലൊരാള്‍ അറിയിച്ചാണ് രജത്തിന്റെ മാതാപിതാക്കള്‍ സംഭവമറിഞ്ഞത്. പോലിസ് പരാതി സ്വീകരിക്കാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി രണ്ടുവരെ മലയാളികള്‍ ന്യൂ അശോക് വിഹാര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തയ്യാറായത്.
പ്രതികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നു എംപിമാരായ എ കെ ആന്റണി, പി കെ ബിജു എന്നിവര്‍ ആവശ്യപ്പെട്ടു. ദേശീയ ബാലാവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയ മൃതദേഹം ആറോടെ സംസ്‌കരിച്ചു.
കൊലപാതകം നടന്നിട്ടും അക്രമം നടത്തിയ പാന്‍മസാല വില്‍പനക്കാരന്‍ ഇന്നലെ രാവിലെയെത്തി ഒന്നും നടക്കാത്ത മട്ടില്‍ കട തുറന്നിരുന്നു. നാട്ടുകാരുടെ പ്രതിഷേധം കൂടിയപ്പോഴാണ് പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് പാന്‍മസാല വില്‍പനക്കാരില്‍ നിന്നും ഇത്തരത്തിലുള്ള അക്രമങ്ങള്‍ പതിവാണെന്ന് മലയാളികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 173 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക