|    Jan 24 Tue, 2017 4:41 am

കോട്ടയത്ത് നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍വേട്ട

Published : 19th July 2016 | Posted By: sdq

കോട്ടയം: കോട്ടയത്ത് നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍വേട്ട. മൊത്തക്കച്ചവടക്കാരന്റെ ഗോഡൗണ്‍ റെയ്ഡ് ചെയ്ത് 800 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ മൊത്തക്കച്ചവടക്കാരന്റെ ഭാര്യ അറസ്റ്റിലായി. തിരുനക്കര എന്‍എസ്എസ് ഹോസറ്റലിനു സമീപം താമസിക്കുന്ന ആനന്ദിന്റെ പേരിലുള്ള ആനന്ദ് ഏജന്‍സീസിന്റെ ഗോഡൗണില്‍ നിന്നാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ സൂരേഷ് റിച്ചാര്‍ഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്ഡ് നടക്കുന്ന സമയത്ത് ആനന്ദിന്റെ ഭാര്യ അമ്പിളിയും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. അമ്പിളി അത്മഹത്യാഭീഷണി മുഴക്കി റെയ്ഡ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം അമ്പിളിയെ അറസ്റ്റ് ചെയ്തു കോട്ടയം വെസ്റ്റ് പോലിസിന് കൈമാറി.
ഇന്നലെ രാവിലെ എട്ടോടെ തുടങ്ങിയ റെയ്ഡ് ഉച്ചവരെ തുടര്‍ന്നു. 800 കിലോ വരുന്ന 12 ഇനത്തില്‍പ്പെട്ട പുകയില ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്. ശംബു, ബുള്‍ബിള്‍, ഹാന്‍സ് തുടങ്ങിയവയുടെ പാക്കറ്റുകളാണ് ഇവിടെ ഉണ്ടായിരുന്നത്. നഗരത്തിലുള്ള കച്ചവടക്കാരും പുറത്തുനിന്നുള്ള കച്ചവടക്കാരും ഗോഡൗണില്‍ എത്തി രഹസ്യമായി പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുകയായിരുന്നു പതിവ്. ആനന്ദ് തമിഴ്‌നാട്, ബംഗളൂരു തുടങ്ങിയിടങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കോട്ടയത്ത് കൊണ്ടുവന്നാണ് നിരോധിത പുകയില കച്ചവടം നടത്തിയിരുന്നത്.
നഗരസഭയുടെ കെട്ടിട നമ്പരില്ലാത്ത കെട്ടിടത്തിലാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. തൊട്ടടുത്ത്തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഗൗനിക്കാതെയാണ് ഇവര്‍ പുകയിലെ ഉല്‍പന്നങ്ങളുടെ കച്ചവടം നടത്തിയിരുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് പറഞ്ഞു. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചതിനും വിദ്യാഭ്യാസ സ്ഥാപനത്തിനു സമീപം ഗോഡൗണ്‍ പ്രവര്‍ത്തിപ്പിച്ചതിനും ആനന്ദിന്റെയും ഭാര്യയുടെയും പേരില്‍ കോട്ടയം വെസ്റ്റ് പോലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എക്‌സൈസിന്റെ കേസില്‍ നിന്നും ആനന്ദിന് പിഴയടച്ച് രക്ഷപ്പെടാമെന്നതിനാലാണ് പോലിസ് കേസെടുത്തിട്ടുള്ളത്. ആനന്ദിന്റെ ഭാര്യ അമ്പിളിയെ ജാമ്യത്തില്‍വിട്ടു. ആനന്ദ് ഒളിവിലാണ്. കമ്മീഷണര്‍ എ ആര്‍ സുല്‍ഫിക്കര്‍, ഇന്‍സ്‌പെക്റ്റര്‍ എസ് ഷിജു, അജയ് കെ ആര്‍, പ്രിവന്റീവ് ഓഫിസര്‍ അരുണ്‍ സി ദാസ്, സി ഒമാരായ എല്‍ സുഭാഷ്, സി സി ജേക്കബ്, വി കെ മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക